പുറത്തുനിന്ന് നോക്കിയാല്‍ ഒരൊറ്റ വീട്, ഉള്ളില്‍ മൂന്ന് വീട്; ഇത് കാസര്‍കോട്ടെ 'ത്രീ ഇന്‍ വണ്‍'

കാസര്‍കോട്: മലയോരത്തെ 'ചവര്‍ക്കൊട പുളീരടിവീടി'ന്റെ വരാന്തയിലിരുന്ന് 72-കാരിയായ ടി.മാധവി വിളിച്ചാല്‍ ഓടിയെത്താന്‍ മക്കളും മരുമക്കളും ചെറുമക്കളുമായി 14 പേരുണ്ട്. വിളിപ്പാടകലെ ഇവരെല്ലാമുണ്ടല്ലോ എന്നതാണ് ജീവിതസായാഹ്നത്തില്‍ മാധവിയുടെയും മൂത്ത സഹോദരി ചോയിച്ചിയുടെയും സന്തോഷം. ബേഡഡുക്ക പഞ്ചായത്തിലെ മുന്നാട് ജയപുരത്തുനിന്നാണ് വ്യത്യസ്തതയുള്ള ഈ വീട്ടുവിശേഷം.
കണ്ടാല്‍ ഒറ്റവീടാണെന്ന് തോന്നുമെങ്കിലും മൂന്ന് വീടുകളിലായി സഹോദരങ്ങളുടെ മൂന്ന് കുടുംബങ്ങളാണ് ഇവിടെ താമസം. എല്ലാ സ്വകാര്യതകളും തികഞ്ഞതാണ് ഓരോ വീടും. ഒപ്പം ഒരു കൂട്ടുകുടുംബത്തിന്റെ 'നൊസ്റ്റാള്‍ജിയ'കൂടി നയിക്കുകയാണ് ഇവരെ. ഒരേ ചില്ലയില്‍നിന്ന് പല ഭാഗങ്ങളിലേക്ക് ചേക്കേറുന്ന പക്ഷികളെപ്പോലെയാകരുത് തങ്ങളുടെ കുടുംബമെന്ന് മാധവിയുടെ മൂത്തമകന്‍ ജെ. അജയന് നിര്‍ബന്ധം. സഹോദരങ്ങളായ കെ.എം. സജിയും ടി. സന്ദീപും മൂന്നിടത്ത് വീടുകള്‍ നിര്‍മിച്ച് പറിച്ചുനടുന്നതിനോട് വിയോജിച്ചു.
അങ്ങനെയാണ് 'ചവര്‍ക്കൊട പുളീരടിവീട്' സഹോദരങ്ങളുടെ ഒറ്റ വീടായത്. മൂന്ന് വീടുകള്‍ക്കും കൂടി ഒറ്റ പൂമുഖവും സ്വീകരണമുറിയും മാത്രം. സന്ധ്യക്ക് വിളക്കുവെക്കാനും പ്രാര്‍ഥനയ്ക്കും എത്തുന്നത് എല്ലാവരും ഒരേ പൂജാമുറിക്കു മുന്നില്‍. എങ്കിലും മൂന്ന് കുടുംബങ്ങള്‍ക്കും വെവ്വേറെ കിടപ്പുമുറികളും അടുക്കളകളും. ഒരു അടുക്കള പ്രത്യേകമായുമുണ്ട്.
വീടിന് പുറമെയും അകത്തും വരാന്തയുള്ളതാണ് മറ്റൊരു പ്രത്യേകത. ഏതവസരത്തിലും ഇവിടെ കുടുംബാംഗങ്ങള്‍ക്ക് കണ്ടുമുട്ടാം. ഇരുനില വീടിന്റെ മുകള്‍നിലയില്‍ ശീതീകരിച്ച ഹോം തിയേറ്ററുണ്ട്. കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എന്നും ഒരുമിച്ച് കളിക്കാനും മുതിര്‍ന്നവര്‍ക്ക് ഉച്ചയ്ക്ക് നാട്ടുവിശേഷം പറഞ്ഞിരിക്കാനും സൗകര്യങ്ങള്‍ വേറെയും. ഏഴുകുട്ടികളുടെ കലപിലയിലാണ് ചവര്‍ക്കൊടവീട്.
8000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് രൂപകല്‍പ്പന ചെയ്തത് അജയനാണ്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആറുവര്‍ഷമെടുത്തതായി അദ്ദേഹം പറയുന്നു. മേയ് ഒന്നിനാണ് ഗൃഹപ്രവേശം നടന്നത്. അജയനും സഹോദരന്‍ സജിയും ഓഹരിവിപണിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സന്ദീപ് കള്ളുചെത്ത് തൊഴിലാളിയും. 'എന്നും കണ്ടും പറഞ്ഞും ഇരിക്കാമല്ലോ' - അണുകുടുംബത്തിലേക്ക് മാറുന്ന ചുറ്റുപാടില്‍ ഒരാശ്വാസക്കാറ്റാണ് ഇവരുടെ ഈ കുടുംബവര്‍ത്തമാനം.
Content Highlights: Three families live together in one stunning home in Kerala