'എട്ടുതൈക്കല്‍ വിന്‍സെന്റിന്റെ വീട്'- സ്വപ്‌നസാക്ഷാത്കാരത്തിന്റെ സന്തോഷത്തില്‍ ബിബിന്‍

ബിബിന്‍ ജോര്‍ജ്ജിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ നിന്ന്‌ | Photo: instagram/ kozhikode_to_you
ബിബിന്‍ ജോര്‍ജ്ജിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ നിന്ന്‌ | Photo: instagram/ kozhikode_to_you

പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി നടന്‍ ബിബിന്‍ ജോര്‍ജ്ജ്. സിനിമയിലെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. കൊച്ചിയിലാണ് ബിബിന്‍ പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്.

ദിലീപ്, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നാദിര്‍ഷാ, സലീം കുമാര്‍, കോട്ടയം നസീര്‍, മഞ്ജു പിള്ള, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു. 'എട്ടുതൈക്കല്‍ വിന്‍സെന്റിന്റെ വീട്' എന്നാണ് ബിബിന്‍ വീടിന് നല്‍കിയിരിക്കുന്ന പേര്. 

സംവിധായകന്‍ ഷാഫിയുടെ വലിയൊരു ചിത്രവും ബിബിന്‍ വീട്ടില്‍ വെച്ചിട്ടുണ്ട്. ഷാഫി സംവിധാനം ചെയ്ത 'ഒരു പഴയ ബോംബ് കഥ' എന്ന സിനിമയിലാണ് ബിബിന്‍ ആദ്യമായി നായകനായെത്തുന്നത്. 

ജന്മനാ ഒരു കാലിന് സ്വാധീനക്കുറവുള്ള ബിബിന്‍ കഠിനപ്രയത്‌നത്തിലൂടെയാണ് മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയത്. അഭിനയത്തിനൊപ്പം തിരക്കഥാകൃത്തായും ശ്രദ്ധിക്കപ്പെട്ടു. ബിബിന്റെ അച്ഛന്‍ വിന്‍സെന്റ് കല്‍പ്പണിക്കാരനാണ്. അമ്മ ലിസി വീട്ടമ്മയും. 

ആറാം ക്ലാസ് മുതല്‍ മിമിക്രി ചെയ്യാന്‍ തുടങ്ങിയിരുന്നു. കുട്ടിക്കാലം മുതല്‍ ഒന്നിച്ചുള്ള സുഹൃത്ത് വിഷ്ണു ഉണ്ണിക്കൃഷ്ണനൊപ്പം കലാഭവനില്‍ ചേര്‍ന്നതാണ് വഴിത്തിരവായത്. 17-ാം വയസില്‍ ടെലിവിഷന്‍ പരിപാടികള്‍ക്ക് സ്‌കിറ്റ് എഴുതി തുടങ്ങി. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥ ബിബിനും വിഷ്ണുവും ചേര്‍ന്നാണ് ഒരുക്കിയത്. അതിന് പിന്നാലെ ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രവും സൂപ്പര്‍ഹിറ്റായി. 

പിന്നീട് സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലും ചുവടുവെച്ചു. 2018-ല്‍ ഷാഫി സംവിധാനം ചെയ്ത 'ഒരു പഴയ ബോംബ് കഥ' എന്ന സിനിമയില്‍ നായകനായി. ഒരു യമണ്ടന്‍ പ്രണയകഥ, മാര്‍ഗംകളി, ഷൈലോക്ക്‌, കൂടല്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 

Content Highlights: bibin georges house warming function