22.96 ലക്ഷം രൂപ, വൈദ്യുതി ബില്ല് കണ്ട് 'ഷോക്കേറ്റ' അവസ്ഥ; ഒടുവിൽ പരിഹാരം

ഒരു വൈദ്യുതി ബില്ല് അടയ്ക്കുന്നതിന് ലോൺ എടുക്കേണ്ട അവസ്ഥയെപ്പറ്റി നിങ്ങൾക്ക് ചിന്തിക്കാനാകുന്നുണ്ടോ?. എന്നാൽ, അത്തരമൊരു റിപ്പോർട്ട് ആണ് ബിഹാറിലെ സിതാമർഹി ജില്ലയിൽ നിന്ന് പുറത്തുവരുന്നത്. പ്രദേശവാസിയായ സന്തോഷ് മണ്ഡലിന് തന്റെ യഥാർഥ ഉപയോഗത്തിൽ നിന്ന് എത്രയോ ഇരട്ടിയായ ഒരു തുകയാണ് ഇത്തവണ ബില്ലായത്. അതായത്, വൻ വ്യവസായങ്ങൾക്ക് പോലും വരാത്തത്ര ഭീമമായ തുക. 22.96 ലക്ഷം!
ഭീമമായ ബിൽ കണ്ട് ഞെട്ടിയ മണ്ഡൽ ഉടൻ തന്നെ വിഷയം പരിശോധിക്കുന്നതിനായി വൈദ്യുതി വകുപ്പിന്റെ പബ്ലിക് ഗ്രീവൻസ് റിഡ്രസ്സൽ ഓഫീസറുടെ ഓഫീസിലേക്കെത്തി. ഇതിന് പിന്നാലെ, ഉദ്യോഗസ്ഥർ വിഷയം പരിശോധിക്കുകയും അടിയന്തരമായി ഒരു തിരുത്തിയ ബിൽ നൽകുകയും ചെയ്തു. യഥാർഥത്തിൽ അദ്ദേഹം അടയ്ക്കേണ്ടിയിരുന്ന തുക 65,321 രൂപയായിരുന്നു.
ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി. ആരെങ്കിലും തമാശ ഒപ്പിച്ചതാകുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, പിന്നീടാണ് ബിൽ ഔദ്യോഗികമാണെന്ന് മനസ്സിലായത്, മണ്ഡൽ റിപ്പോർട്ടർമാരോട് പറഞ്ഞു. സമാനമായ മറ്റ് സംഭവങ്ങളും ബിഹാറിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ബാജിത്പൂരിലെ ഒരു ഉപഭോക്താവി യഥാർഥത്തിൽ അടയ്ക്കേണ്ടിയിരുന്ന 43,717 രൂപയ്ക്ക് പകരം 58,268 രൂപയുടെ ബില്ലാണ് ലഭിച്ചത്. ഇതേ വിഷയങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ ബില്ലിങ് സംവിധാനത്തിന്റെ കൃത്യതയേയും വിശ്വാസ്യതയേയും ജനങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്.
Content Highlights: A man in Bihar received a shocking 22.96 lakh electricity bill