ഉപ്പ് അത്ര നിസാരക്കാരനല്ല; പിങ്ക് സോൾട്ടും ലോ സോഡിയം സോൾട്ടും പാചകത്തിന് ഉപയോഗിക്കാമോ?

#ലൈഫ്സ്റ്റൈൽ ഡെസ്ക്
പിങ്ക് ഉപ്പ്, ചുവന്ന ഉപ്പ്
പിങ്ക് ഉപ്പ്, ചുവന്ന ഉപ്പ്

പാചകത്തിന് സ്വാദ് കൂട്ടാൻ നാം ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ചേരുവയാണ് ഉപ്പ്. എന്നാൽ വെറുമൊരു സ്വാദുകാരി എന്നതിനപ്പുറം, മനുഷ്യശരീരത്തിലെ അയഡിന്റെ അളവ് ശരിയായ രീതിയിൽ നിലനിർത്തുന്നതിൽ ഉപ്പിന് നിർണ്ണായക പങ്കുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവർത്തനം, ശരീരത്തിന്റെ മെറ്റബോളിസം, കുട്ടികളിലെ മസ്തിഷ്‌ക വളർച്ച എന്നിവയ്ക്ക് അയഡിൻ അത്യന്താപേക്ഷിതമാണ്. എന്നാൽ ഇന്ന് വിപണിയിൽ സാധാരണ വെള്ള ഉപ്പിന് പുറമെ ഹിമാലയൻ പിങ്ക് സാൾട്ട്, കല്ലുപ്പ്, ബ്ലാക്ക് സാൾട്ട് , കെൽറ്റിക് സാൾട്ട് എന്നിങ്ങനെ പലതരം ഉപ്പുകൾ ലഭ്യമാണ്. സാധാരണ ഉപ്പിനേക്കാൾ ആരോഗ്യത്തിന് മെച്ചം ഇവയാണെന്ന ധാരണ സോഷ്യൽ മീഡിയയിലൂടെ പരക്കുന്നുമുണ്ട്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് പറയുകയാണ് ഹൈദരാബാദിൽ നിന്നുള്ള പ്രമുഖ റോബോട്ടിക് ക്യാൻസർ സർജൻ ഡോ. അർജ്ജുൻ ശങ്കരൻ.

സാധാരണ വെള്ള ഉപ്പ് കെമിക്കൽ ഉപയോഗിച്ച് ബ്ലീച്ച് ചെയ്തതാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ ഇത് തികച്ചും തെറ്റായ ധാരണയാണെന്ന് ഡോ. അർജ്ജുൻ ശങ്കരൻ പറയുന്നു. പ്രകൃതിദത്തമായിത്തന്നെ ഉപ്പ് വെളുത്ത നിറമുള്ളതാണ്. ഇന്ത്യയിൽ ലഭ്യമാകുന്ന ഭൂരിഭാഗം വെള്ള ഉപ്പും കടൽവെള്ളം വെയിലത്തുവെച്ച് വറ്റിച്ചെടുത്ത് ശുദ്ധീകരിക്കുന്നതാണ്. ഇന്ത്യയിൽ വിൽക്കുന്ന സാധാരണ ഉപ്പിൽ അയഡിൻ ഉണ്ടായിരിക്കണമെന്നത് നിയമമാണ്. ദൈനംദിന പാചകത്തിന് ഏറ്റവും സുരക്ഷിതവും അനുയോജ്യവുമായത് അയോഡിൻ അടങ്ങിയ ഇത്തരം വെള്ള ഉപ്പുകളാണ്.

സോഷ്യൽ മീഡിയ ട്രെൻഡിന്റെ ഭാഗമായി ഇന്ന് പല വീടുകളിലും പാചകത്തിന് പിങ്ക് സോൾട്ട് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കാം.പ്രകൃതിദത്തമായി അധിക പോഷകങ്ങളോ മിനറലുകളോ ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും, അവയിൽ അയഡിന്റെ അളവ് കുറവാണ്. ഇതിൽ അടങ്ങിയിരിക്കുന്ന അധിക ധാതുക്കളുടെ അളവ് മനുഷ്യശരീരത്തിന് പ്രയോജനം ലഭിക്കത്തക്ക രീതിയിൽ വലുതല്ല.

പിങ്ക് സോൾട്ട് നിത്യം ഉപയോഗിക്കുന്നതിന് പകരം വല്ലപ്പോഴും രുചിയിൽ ഒരു മാറ്റം കൊണ്ടുവരുന്നതിന് വേണ്ടി വല്ലപ്പോഴും ഉപയോഗിക്കാവുന്നതാണ്.

പാക്കറ്റുകളിൽ ലഭ്യമാകുന്ന കടലുപ്പ് (Sea Salt) ഉപയോഗിക്കുന്നവർ പാക്കറ്റിൽ അയഡിൻ ഉള്ളതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അയഡിൻ ചേർക്കാത്ത കടലുപ്പുകൾ സാധാരണ രോഗപ്രതിരോധശേഷിയെയോ തൈറോയ്ഡ് പ്രവർത്തനത്തെയോ സഹായിക്കില്ല. കെൽറ്റിക് സാൾട്ടിലും അയഡിന്റെ സാന്നിധ്യം വളരെ കുറവാണ്.

ഉയർന്ന രക്തസമ്മർദ്ദം ഉള്ള രോഗികൾക്ക് ഡോക്ടർമാർ പലപ്പോഴും ലോ-സോഡിയം ഉപ്പുകൾ നിർദ്ദേശിക്കാറുണ്ട്. സോഡിയം ക്ലോറൈഡിന് പകരം നിശ്ചിത ശതമാനം പൊട്ടാസ്യം ക്ലോറൈഡ് ചേർത്താണ് ഇവ നിർമിക്കുന്നത്. ഇത് സോഡിയം അളവ് കുറയ്ക്കാൻ സഹായിക്കും. വൃക്കരോഗങ്ങൾ , ബി.പിക്ക് അമിതമായി മരുന്ന് കഴിക്കുന്നവർ, പൊട്ടാസ്യം ഗുളികകൾ ഉപയോഗിക്കുന്നവർ എന്നിവർ ഡോക്ടറുടെ ഉപദേശമില്ലാതെ ലോ-സോഡിയം ഉപ്പ് ഉപയോഗിക്കാൻ പാടില്ല.

ശരീരത്തിൽ അയോഡിന്റെ അളവ് കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിതെളിക്കും. ഗൊയിറ്റർ, ഹൈപ്പോതൈറോയിഡിസം, കുട്ടികളിലെ ബുദ്ധിവികാസക്കുറവും ഓർമക്കുറവും, ഗർഭസ്ഥ ശിശുക്കളുടെ വളർച്ചാ വൈകല്യങ്ങൾ, തൈറോയ്ഡ് ക്യാൻസറുകൾ എന്നിവ തടയുന്നതിന് അയഡിന്റെ സാന്നിധ്യം വലിയ പങ്കുവഹിക്കുന്നു.

ഉപ്പിന്റെ നിറത്തിനേക്കാൾ അതിന്റെ പോഷകഗുണത്തിനാണ് നമ്മൾ പ്രാധാന്യം നൽകേണ്ടത്. ദിവസേനയുള്ള പാചകത്തിന് അയഡിൻ അടങ്ങിയ ഉപ്പ് മാത്രം ഉപയോഗിക്കുക. ഒരാൾ ഒരു ദിവസം ഉപയോഗിക്കേണ്ട ഉപ്പിന്റെ പരമാവധി അളവ് ഒരു ചെറിയ സ്പൂൺ മാത്രമാണ്. (അച്ചാറുകൾ, പപ്പടം, പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ഉപ്പും ഇതിൽ ഉൾപ്പെടും).

Content Highlights: From Himalayan pink salt to sea salt, discover various salts available today and their suitability for daily cooking and health benefits.