പലപ്പോഴും ശരണ്യ നാണംകുണുങ്ങി നിന്നു,തമാശയൊക്കെ പറഞ്ഞാണ് ചിത്രങ്ങൾ പകർത്തിയത്; വൈറലായ ഫോട്ടോഷൂട്ട്

കല്പറ്റ: ചെറിയൊരു വീട്, പരിമിതികളോട് പൊരുതി അറിയപ്പെടാതെ പോകുന്ന ജീവിതം. കണ്ണാടിയിൽ മുഖം പതിയുന്നതൊഴിച്ചാൽ മറ്റൊരു ഫ്രെയിമിലും ശരണ്യയുടെയും അനീഷിന്റെയും മുഖങ്ങളുണ്ടായിരുന്നില്ല. അറിയപ്പെടാതെ പോകുന്നവരുടെ ജീവിതം ആതിര ജോയിയെന്ന ഫോട്ടോഗ്രാഫർ അണിയിച്ചൊരുക്കി ക്യാമറ ഫ്രെയിമിലാക്കിയപ്പോൾ കിട്ടിയത് കൺകുളിർക്കുന്ന ഒരുപടി ചിത്രങ്ങളാണ്. മുട്ടിൽ പഴശ്ശിക്കോളനിയിലെ ശരണ്യയുടെ മെറ്റേണിറ്റി ഫോട്ടോ ഷൂട്ടാണ് ആ ചിത്രങ്ങൾ.
പച്ചപ്പിന്റെ മനോഹാരിതയിൽ നിറവയറുമായി നിൽക്കുന്ന ശരണ്യ, ചേർന്ന് നിൽക്കുന്ന ഭർത്താവ് അനീഷ് അങ്ങനെ കുറച്ച് ചിത്രങ്ങൾ. ‘നക്ഷത്രങ്ങൾക്കിടയിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരുവൾ. ഉയിരോട് ചേർന്ന് പൈതൽ. പൊള്ളുന്ന യഥാർഥ്യങ്ങൾക്കിടയിലെ ചില അടയാളപ്പെടുത്തൽ വേനലിൽ പൂക്കുന്ന ഗുൽമോഹർ പോലെ മനോഹരമായിരിക്കും’ ആതിര തന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ട അടിക്കുറിപ്പിൽ പറഞ്ഞപോലെ മനോഹരമാണ് ഓരോ ചിത്രങ്ങളും.
അറിയപ്പെടാത്തവർക്കും ആഗ്രഹങ്ങളുണ്ട്
ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ആതിരയുടെ ഇടവേളയ്ക്കുശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രങ്ങൾ. ശ്രദ്ധിക്കപ്പെടുന്ന ഫോട്ടോഷൂട്ട് നടത്തണമെന്ന ആഗ്രഹമാണ് ശരണ്യയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ എത്തിയത്. കൊച്ചിയിലുള്ളപ്പോൾ കൂടുതലും മെറ്റേണിറ്റി ഷൂട്ടുകളാണ് ആതിര ചെയ്തിരുന്നത്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരാണ് കൂടുതലും മെറ്റേണിറ്റി ഷൂട്ടൊക്കെ ചെയ്തിരുന്നത്. തിരിച്ചുവരവിൽ ശ്രദ്ധിക്കപ്പെടുന്നൊരു ചിത്രത്തിനപ്പുറം അറിയപ്പെടാത്തവർക്കും ആഗ്രഹങ്ങളുണ്ട് എല്ലാവർക്കും സൗന്ദര്യമുണ്ടെന്ന എന്ന ഒരു സന്ദേശം കൂടി നൽകുകയെന്ന ലക്ഷ്യം കൂടി ഫോട്ടോഷൂട്ടിന് പിന്നിലുണ്ടായിരുന്നെന്ന് ആതിര പറഞ്ഞു. അങ്ങനെയാണ് മുട്ടിൽ പഴശ്ശിക്കോളനിയിലെ പണിയ വിഭാഗക്കാരായ ശരണ്യയേയും അനീഷിനെയും കണ്ടെത്തുന്നത്.
മോളെ ചേച്ചി ഒരുക്കി സുന്ദരിയാക്കാം
ഫോട്ടോ ഷൂട്ടിനെ കുറിച്ചൊന്നും ശരണ്യയ്ക്കും അനീഷിനും ധാരണയുണ്ടായിരുന്നില്ല. മുൻപെടുത്ത മെറ്റേണിറ്റി ഫോട്ടോഷൂട്ടൊക്കെ കാണിച്ച് പറഞ്ഞു മനസിലാക്കിയാണ് ശരണ്യയെ ഷൂട്ടിന് ഒരുക്കിയത്. ആളുകളോട് കൂടുതൽ അടുത്തിടപഴകാത്ത പ്രകൃതമായിരുന്നു ശരണ്യയുടേത്. പലപ്പോഴും ശരണ്യ നാണംകുണുങ്ങി നിന്നു. കുട്ടികളോട് പറയുന്നപോലെ മോളെ ചേച്ചി ഒരുക്കി സുന്ദരിയാക്കാം എന്നൊക്കെ പറഞ്ഞാണ് ശരണ്യയെ ഫോട്ടോ ഷൂട്ടിനായി ഒരുക്കിയതെന്നും ആതിര പറഞ്ഞു.
പ്രമോട്ടർമാർ വഴി പട്ടികവർഗ വകുപ്പിന്റെ അനുവാദത്തോടെയായിരുന്നു ഫോട്ടോഷൂട്ട്. മൂന്നു മണിക്കൂറാണ് ഫോട്ടോഷൂട്ടിന് അനുവദിച്ച സമയം. ശരണ്യയുടെ വീടിന് സമീപത്തുതന്നെയായിരുന്നു ഫോട്ടോഷൂട്ട്. നാലുപേർ ആതിരയ്ക്കൊപ്പമുണ്ടായിരുന്നു. ഞങ്ങൾ തമാശയൊക്കെ പറഞ്ഞ് ചിരിപ്പിച്ചാണ് ശരണ്യയുടെ ചിത്രങ്ങൾ പകർത്തിയത്. ചിരിക്കുന്ന ചിത്രങ്ങളെല്ലാം കാൻഡിഡ് ചിത്രങ്ങളാണ്. നിഷ്കളങ്കമായ ചിരിയാണ് ഫോട്ടോയുടെ സൗന്ദര്യം- ആതിര പറഞ്ഞു. വയനാട് സ്വദേശിയായ രാഖിലയാണ് മേക്കപ്പ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്ത അന്നുമുതൽ ഇന്നുവരെ ട്രൻഡിങ്ങാണ് ചിത്രങ്ങളെല്ലാം. മാനന്തവാടി പെരുവക സ്വദേശിയാണ്.
Content Highlights: viral maternity photoshoot of sharanya aneesh