'റെയിൽവേ സ്റ്റേഷനിൽ ഹംഗർ ഗെയിംസ്, ട്രെയിനിൽ കയറിയപ്പോൾ അത്ഭുതം'; വന്ദേഭാരത് യാത്രയിലെ അനുഭവം പങ്കുവച്ച് വിദേശ യുവതികൾ

Karisha|photo:instagram.com/karisha.vlogs/
Karisha|photo:instagram.com/karisha.vlogs/

ഇന്ത്യ ചുറ്റിക്കാണാൻ ജോലി പോലും ഉപേക്ഷിച്ചെത്തിയ രണ്ട് വിദേശ യുവതികൾ. യാത്രയ്ക്കിടെ ആദ്യമായി വന്ദേഭാരത് എക്‌സ്പ്രസിൽ കയറിയപ്പോൾ ഇരുവർക്കും പറയാനുണ്ടായിരുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണ്. റെയിൽവേ സ്റ്റേഷനിലെ തിരക്ക് ഹോളിവുഡ് ചിത്രമായ ദ ഹംഗർ ഗെയിംസിനെ ഓർമിപ്പിച്ചപ്പോൾ, ട്രെയിനിനുള്ളിലെ സൗകര്യങ്ങളും സുരക്ഷിതത്വവും ഇവരെ അത്ഭുതപ്പെടുത്തി. ലിത്വാനിയ സ്വദേശികളായ കരിഷയും ക്രിസ്റ്റിനയുമാണ് ഇന്ത്യൻ റെയിൽവേയിലെ തങ്ങളുടെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയിലെത്തുന്നത് കരിഷയുടെ രണ്ടാം തവണയാണ്. ഇത്തവണ സുഹൃത്ത് ക്രിസ്റ്റിനയ്‌ക്കൊപ്പമാണ് യാത്ര. കശ്മീരിലേക്കുള്ള യാത്രയ്ക്കിടെ വന്ദേഭാരത് എക്‌സ്പ്രസിൽ ആദ്യമായി സഞ്ചരിച്ച അനുഭവമാണ് കരിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

'ലഗേജിന് സ്ഥലം കണ്ടെത്തുന്നത് ഹംഗർ ഗെയിംസ് പോലെ'

വന്ദേഭാരത് യാത്രയുടെ തുടക്കം അത്ര എളുപ്പമായിരുന്നില്ലെന്നാണ് കരിഷ പറയുന്നത്. തിരക്കേറിയ റെയിൽവേ പ്ലാറ്റ്‌ഫോമും ട്രെയിനിൽ കയറാനുള്ള യാത്രക്കാരുടെ തിടുക്കവും ലഗേജ് സൂക്ഷിക്കാൻ സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ടുകളുമാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്.യാത്രക്കാർ തങ്ങളുടെ ബാഗുകൾക്ക് സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്ന കാഴ്ചയെ ദ ഹംഗർ ഗെയിംസ് എന്ന സിനിമയോടാണ് കരിഷ താരതമ്യം ചെയ്തത്.'ലഗേജ് വയ്ക്കാൻ സ്ഥലം കണ്ടെത്താൻ ഞങ്ങളും ബുദ്ധിമുട്ടി', കരിഷ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.അതിജീവനത്തിനായി മത്സരിക്കുന്നവരുടെ കഥ പറയുന്ന ഹോളിവുഡ് ചിത്രമാണ് ദ ഹംഗർ ഗെയിംസ്. റെയിൽവേ സ്റ്റേഷനിലെ തിരക്കും യാത്രക്കാരുടെ തിടുക്കവും തമാശരൂപത്തിൽ വിവരിക്കാനാണ് കരിഷ ഈ താരതമ്യം ഉപയോഗിച്ചത്.എന്നാൽ ട്രെയിനിൽ കയറി യാത്ര ആരംഭിച്ചതോടെ അവരുടെ അഭിപ്രായം മാറി.

'ചെലവാക്കിയ ഓരോ പൈസയ്ക്കും മൂല്യമുണ്ട്'

വന്ദേഭാരതിലെ എസി കോച്ചിൽ പത്ത് മണിക്കൂർ യാത്ര ചെയ്തശേഷം തനിക്ക് മികച്ച അനുഭവമാണ് ലഭിച്ചതെന്ന് കരിഷ പറഞ്ഞു.വന്ദേഭാരത് എക്‌സ്പ്രസിലെ എസി കോച്ചിൽ പത്ത് മണിക്കൂർ യാത്ര ചെയ്തശേഷം എനിക്ക് പറയാൻ കഴിയും, ടിക്കറ്റിനായി ചെലവാക്കിയ ഓരോ പൈസയ്ക്കും മൂല്യമുണ്ടായിരുന്നു', കരിഷ കുറിച്ചു.ട്രെയിനിലെ സൗകര്യങ്ങളും യാത്രയ്ക്കിടെ അനുഭവപ്പെട്ട സുരക്ഷിതത്വവുമാണ് യുവതിയെ ആകർഷിച്ചത്. മറ്റൊരു വീഡിയോയിൽ ഇന്ത്യയിലെ എസി, നോൺ എസി ട്രെയിൻ യാത്രകളെക്കുറിച്ചും കരിഷ സംസാരിച്ചു. നോൺ എസി ട്രെയിനിന്റെയും എസി കോച്ചിന്റെയും ടിക്കറ്റ് നിരക്കിൽ ചിലപ്പോൾ മൂന്ന് യൂറോയുടെ വ്യത്യാസം മാത്രമേ ഉണ്ടാകൂ. 'എനിക്ക് തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ നോൺ എസി ട്രെയിനിൽ യാത്ര ചെയ്യില്ല. വന്ദേഭാരതിൽ കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെട്ടു', കരിഷ പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

വൃത്തിയുള്ള ശൗചാലയം, പക്ഷേ ഒരു പരാതിയുണ്ട്

വന്ദേഭാരതിലെ ശുചിമുറിയെക്കുറിച്ചും കരിഷ പ്രത്യേക വീഡിയോ പങ്കുവച്ചു.ട്രെയിനിലെ ശൗചാലയം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചെങ്കിലും ദുർഗന്ധമുണ്ടായിരുന്നതായി യുവതി പറഞ്ഞു.

ശൗചാലയമുറി

വളരെ വൃത്തിയുള്ളതായിരുന്നു. പക്ഷേ ദുർഗന്ധമുണ്ടായിരുന്നു', കരിഷ വ്യക്തമാക്കി.കണ്ണാടിക്കുതാഴെയുള്ള വാഷ്‌ബേസിൻ ടോയ്ലറ്റ് സീറ്റിനെക്കാൾ വലുതായി തോന്നിയെന്നും യുവതി തമാശയായി പറഞ്ഞു.ട്രെയിനിലെ നല്ല അനുഭവങ്ങൾക്കൊപ്പം തനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളും തുറന്നുപറഞ്ഞതാണ് കരിഷയുടെ വീഡിയോകളുടെ പ്രത്യേകത.

ഇന്ത്യ കാണാൻ ജോലി ഉപേക്ഷിച്ച സുഹൃത്തുക്കൾ

കരിഷയുടെയും ക്രിസ്റ്റിനയുടെയും ഇന്ത്യയാത്രയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാനായി ഇരുവരും ജോലി ഉപേക്ഷിച്ചാണ് യാത്ര തിരിച്ചതെന്നാണ് സാമൂഹികമാധ്യമ പോസ്റ്റുകളിൽനിന്ന് വ്യക്തമാകുന്നത്.ക്രിസ്റ്റിനയുടെ ഇൻസ്റ്റഗ്രാം വിവരങ്ങൾ പ്രകാരം ഒക്ടോബർ 16-നാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ന്യൂഡൽഹിയിലായിരുന്നു യാത്രയുടെ തുടക്കം. നഗരത്തിലെ ഓട്ടോറിക്ഷകളിലും മെട്രോയിലും സഞ്ചരിച്ച ഇവർ പിന്നീട് ആഗ്രയിലേക്കും അവിടെനിന്ന് ജമ്മു കശ്മീരിലേക്കും യാത്ര തുടർന്നു.ഏകദേശം ഒരു മാസം ഇന്ത്യയിൽ ചെലവഴിക്കാനാണ് പദ്ധതിയെന്ന് കരിഷയുടെ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. ഡൽഹി, ആഗ്ര, ജയ്പുർ, കശ്മീർ തുടങ്ങിയ സ്ഥലങ്ങളാണ് യാത്രാപട്ടികയിലുള്ളത്. കേരളവും സന്ദർശിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലൊന്നായി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരളത്തിലെത്തുമോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.ഇന്ത്യയിലെ യാത്രാനുഭവങ്ങളും സന്ദർശിക്കുന്ന സ്ഥലങ്ങളിലെ കാഴ്ചകളും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

'വന്ദേഭാരതിലും തിരക്കായോ?'; പ്രതികരണങ്ങളുമായി സോഷ്യൽ മീഡിയ

കരിഷയുടെ വന്ദേഭാരത് യാത്രാവീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി എത്തിയത്.'ഈ ട്രെയിനിലും ഇപ്പോൾ തിരക്കായിത്തുടങ്ങിയോ?' എന്നായിരുന്നു ഒരാളുടെ പ്രതികരണം.ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ്' എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.ഇന്ത്യക്കാർ ട്രെയിൻ യാത്ര കൂടുതലായി തിരഞ്ഞെടുക്കുന്നതിന്റെ കാരണവും ഒരാൾ വിശദീകരിച്ചു. കൂടുതൽ ലഗേജ് കൊണ്ടുപോകാൻ കഴിയുന്നതുകൊണ്ടാണ് പലരും ട്രെയിൻ യാത്ര തിരഞ്ഞെടുക്കുന്നതെന്നായിരുന്നു കമന്റ്.'ഇന്ത്യൻ റെയിൽവേയിലേക്ക് സ്വാഗതം' എന്ന രസകരമായ പ്രതികരണവും വീഡിയോക്ക് ലഭിച്ചു.

Content Highlights: Two Lithuanian women quit their jobs to travel across India., They compared the railway station rush to the movie The Hunger Games., Praised the Vande Bharat Express for comfort, safety, and value for money., Highlighted clean yet slightly smelly restrooms on the train., Planning a one-month trip covering Delhi, Agra, Kashmir, and more.