എല്ലാ സങ്കടങ്ങളും ട്രോമയല്ല ; പ്രശ്‌നങ്ങളെയെല്ലാം ട്രോമയായി കരുതുന്നതിലെ അപകടം ഇതാണ്

representative image|photo:canva
representative image|photo:canva

കൂട്ടുകാരോട് വഴക്കിടുമ്പോഴോ, പരീക്ഷയ്ക്ക് മാർക്ക് കുറയുമ്പോഴോ, അല്ലെങ്കിൽ ഒരാൾ ദേഷ്യപ്പെട്ടാലോ നമ്മളിൽ പലരും ഇപ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വാക്കാണ് 'എനിക്ക് വല്ലാത്ത ട്രോമയാണ് എന്നത്.

ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമൊക്കെ 'ട്രോമ' എന്ന വാക്ക് കേട്ട് കേട്ട്, ചെറിയൊരു മാനസിക വിഷമം ഉണ്ടാകുമ്പോൾ പോലും നമ്മൾ അതിനെ 'ട്രോമ' എന്ന് വിളിക്കാൻ തുടങ്ങി. എന്നാൽ പ്രശസ്ത മാനസികാരോഗ്യ വിദഗ്ദ്ധയായ ഡോ. മേഘ ഈ പ്രവണതയ്ക്ക് എതിരേ മുന്നറിയിപ്പ് നൽകുന്നു: നമ്മുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ സങ്കടങ്ങളും വിഷമങ്ങളും 'ട്രോമ' അല്ലെന്ന് മേഘ എടുത്തുപറയുന്നു.

എല്ലാ പ്രശ്‌നങ്ങളും ട്രോമയല്ല

നമുക്കുണ്ടാകുന്ന സാധാരണ വിഷമങ്ങളും യഥാർത്ഥ ട്രോമയും തമ്മിൽ വലിയ വ്യത്യാസമുണ്ട്.പരീക്ഷാ പേടി, കളിയിൽ തോൽക്കുന്നത്, പ്രണയ തകർച്ചകൾ, അല്ലെങ്കിൽ കൂട്ടുകാരുമായുള്ള പിണക്കങ്ങൾ എന്നിവ നമ്മളെ സങ്കടപ്പെടുത്താം. എന്നാൽ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ നമ്മുടെ മനസ്സ് സ്വയം അതിൽ നിന്ന് കരകയറും.എല്ലാ വിഷമങ്ങളും അല്ലെങ്കിൽ ചെറിയ അസ്വസ്ഥതകളും 'ട്രോമ' അല്ല. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പദങ്ങളുടെ ഇത്തരം ദുരുപയോഗം യഥാർത്ഥത്തിൽ കടുത്ത ട്രോമ അനുഭവിക്കുന്നവരുടെ മാനസികാവസ്ഥയെ ചെറുതായി കാണിക്കുന്നതിന് ഇടയാക്കും.

സൈക്കോളോജിക്കൽ ട്രോമ എന്നത് ഒരാളുടെ ജീവനെയോ സുരക്ഷയെയോ സാരമായി ബാധിക്കുന്ന കഠിനമായ അനുഭവങ്ങളാണ് . വലിയ അപകടങ്ങൾ, ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ, യുദ്ധങ്ങൾ അല്ലെങ്കിൽ കുട്ടിക്കാലത്തുണ്ടാകുന്ന കടുത്ത അവഗണനകളിൽ നിന്നുള്ള മാനസിഘാതങ്ങൾ എന്നിവയിൽ നിന്നാണ് ട്രോമയുണ്ടാകുന്നത്. ഇത് നമ്മുടെ നാഡീവ്യവസ്ഥയെയും മനസ്സിനെയും കടുത്ത ഭയത്തിലാക്കുകയും, വർഷങ്ങളോളം ആ വ്യക്തിയുടെ സാധാരണ ജീവിതത്തെ ബാധിക്കുകയും ചെയ്യും.

ചെറിയ വിഷമങ്ങളെ 'ട്രോമ' എന്ന് വിളിച്ചാൽ എന്താണ് പ്രശ്‌നം?

ചെറിയ സങ്കടങ്ങളെപ്പോലും 'ട്രോമ' എന്ന് വിളിക്കുന്നത് വലിയ തെറ്റാണെന്ന് വിദഗ്ധർ പറയുന്നു. കാരണം യഥാർത്ഥ മാനസികാരോഗ്യപ്രശ്‌നങ്ങളിൽ ബുദ്ധിമുട്ടുന്നവരെ ഇത് നിസ്സാരമാക്കുന്നു. വലിയ അപകടങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും രക്ഷപ്പെട്ട്, കടുത്ത മാനസിക വിഷമം അനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ട്. ചെറിയ കാര്യങ്ങൾക്ക് നമ്മൾ ഈ വാക്ക് ഉപയോഗിക്കുമ്പോൾ, അവരുടെ വലിയ വേദനകളെ സമൂഹം നിസ്സാരമായി കാണാൻ തുടങ്ങും. നമ്മുടെ ആത്മവിശ്വാസത്തെ തകർക്കും. ചെറിയ തിരിച്ചടികളെ പോലും 'ട്രോമ' എന്ന് വിശേഷിപ്പിക്കുമ്പോൾ, ജീവിതത്തിലെ സാധാരണ പ്രശ്‌നങ്ങളെ നേരിടാൻ എനിക്ക് ശേഷിയില്ലെന്ന തോന്നൽ നമ്മളിൽ ഉണ്ടാക്കും.

തെറ്റായ ചിന്തകൾ ഉണ്ടാക്കും. സാധാരണ സങ്കടങ്ങൾ സമയമെടുത്ത് നമ്മൾ തന്നെ മറികടക്കേണ്ടതാണ്. എന്നാൽ അതിനെ വലിയൊരു 'രോഗം' അല്ലെങ്കിൽ 'ട്രോമ' ആയി കാണുന്നത് പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വഴി തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിലൂടെ മാനസികാരോഗ്യ പദങ്ങൾ തെറ്റായി ഉപയോഗിക്കുന്നത് ആളുകളെ സ്വയം തെറ്റായ മാനസികാവസ്ഥയിലാണെന്ന് കരുതാൻ പ്രേരിപ്പിക്കും.ട്രോമയ്ക്കുള്ള ചികിത്സ സാധാരണ സങ്കടങ്ങൾ മാറ്റാനുള്ള ചികിത്സയിൽ നിന്ന് വ്യത്യസ്തമാണ്. പദങ്ങൾ മാറ്റി ഉപയോഗിക്കുന്നത് കൃത്യമായ ചികിത്സ തിരഞ്ഞെടുക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കും.ജീവിതത്തിൽ ഉണ്ടാകുന്ന സങ്കടങ്ങളും സമ്മർദ്ദങ്ങളും തികച്ചും സാധാരണമാണ്. അവയെ പേടിക്കേണ്ടതില്ല, പകരം കാര്യങ്ങൾ തുറന്നു സംസാരിക്കുകയാണ് വേണ്ടതെന്നും മേഘ പറയുന്നു. എന്നാൽ എല്ലാ സങ്കടങ്ങൾക്കും 'ട്രോമ' എന്ന് ലേബൽ ഒട്ടിക്കുന്നതിന് പകരം, ശരിയായ പരിഹാരം കണ്ടെത്തി് നമ്മുടെ വികാരങ്ങളെ പ്രകടിപ്പിക്കാൻ ശീലിക്കുകയാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി.

Content Highlights: Everyday sadness, exam fear, or relationship breakups are not psychological trauma., Misusing mental health terms invalidates the experiences of those with real trauma., Labeling minor setbacks as trauma lowers self-confidence and hinders coping mechanisms., True trauma stems from severe incidents like accidents, abuse, or extreme neglect affecting the nervous system.