ഞാന്‍ ഇരുണ്ടവളാണ്, ട്രാന്‍സ് വുമണ്‍ ആയതില്‍ അഭിമാനമാണ്: വൈറലായി ട്രാന്‍സ് ന്യൂഡിറ്റി ഫോട്ടോഷൂട്ട്

'ഞാന്‍ ഇരുണ്ടവളാണ്, ട്രാന്‍സ് വുമണ്‍ ആയതില്‍ എനിക്ക് അഭിമാനമാണ്, ഈ ചിത്രങ്ങള്‍ ഞങ്ങളെ, ഞങ്ങളുടെ പോരാട്ടങ്ങളെ ആണ് അടയാളപ്പെടുത്തുന്നത്, ഞാനെന്നെ സ്‌നേഹിക്കുന്നു, എന്റെ ശരീരത്തെ സ്‌നേഹിക്കുന്നു.... ' ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും സിനിമാതാരവും മോഡലുമായ ശീതള്‍ ശ്യാം തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച വരികളാണിവ. ഒപ്പം മനോഹരമായ ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങളും ശീതള്‍ പോസ്റ്റുചെയ്തിരുന്നു. ട്രാന്‍സ് ജെന്‍ഡര്‍ എന്ന വാക്കിനെ, ആ സമൂഹത്തെ ഇപ്പോഴും നമ്മളില്‍ പലരും ഉള്‍ക്കൊണ്ടിട്ടില്ല. എന്നാല്‍ തങ്ങളെ സ്വീകരിക്കാന്‍ തയ്യാറാവാത്ത സമൂഹത്തിന് മുന്നില്‍ അവരിന്ന് തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്, സ്വത്വബോധത്തോടെ തന്നെ. സമൂഹത്തിന്റെ ഈ അടഞ്ഞ മനഃസ്ഥിതിയെ ചോദ്യം ചെയ്യുന്നതാണ് ശീതള്‍ പങ്കുവച്ച് ചിത്രങ്ങളും വരികളും.
ട്രാന്‍സ്‌ജെന്‍ഡെര്‍ ശരീരത്തിന്റെ മനോഹാരിതയ്‌ക്കൊപ്പം ശരീരമെന്നാല്‍ ഒളിച്ചുവയ്‌ക്കേണ്ടതല്ല എന്ന വിളിച്ചുപറയലുമാണ് ഈ ചിത്രങ്ങള്‍ക്കു പിന്നിലെന്ന് ശീതള്‍ പറയുന്നു. ശീതളിനൊപ്പം, എയ്ന്‍ ഹണി ആരോഹി, സ്വീറ്റി ബര്‍ണാഡ് എന്നിവരാണ് ചിത്രങ്ങള്‍ക്ക് മോഡലുകളായത്. ചിത്രങ്ങള്‍ പകര്‍ത്തിയത് മനൂപ് ചന്ദ്രനും. 'ഇത് ഒരു ഫോട്ടോ സീരീസാണ്. ഈജിപ്ഷ്യന്‍, ആഫ്രിക്കന്‍ തീമുകള്‍ അടിസ്ഥാനമാക്കിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്. ഞങ്ങള്‍ക്കൊപ്പം ലാല്‍ താടിക്കാരന്‍ എന്ന ഒരു മോഡല്‍ കൂടിയുണ്ട്. ആ ഗ്രൂപ്പ് ചിത്രങ്ങളാണ് ഇനി ഇറങ്ങാന്‍ പോകുന്നത്.' ശീതള്‍ പറയുന്നു.
ഞങ്ങളുടെ ശരീരം ഇങ്ങനെയാണ്
'നമ്മുടെ ശരീരം എങ്ങനെയാണെന്നറിയാന്‍ പലര്‍ക്കും ഒരു ആകാംക്ഷയാണ്. പ്രത്യേകിച്ച് നമ്മള്‍ ഒരു ട്രാന്‍സ് വ്യക്തിത്വത്തിനുടമയാണെങ്കില്‍. സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്താള്‍ അതിന് താഴെ നൂറ് ചോദ്യങ്ങളുണ്ടാവും. നിങ്ങളുടെ ശരീരം ഇങ്ങനെയാണോ, ഫോട്ടോഷോപ്പാണോ എന്നൊക്കെ. വസ്ത്രം ധരിച്ചുള്ള ഫോട്ടോയ്ക്കു താഴെ പോലും മോശം കമന്റുകള്‍ വരാറുണ്ട്. എന്നാല്‍ ഞങ്ങളുടെ ശരീരം ഇതാണ്. ഇതില്‍ കള്ളമൊന്നുമില്ല എന്ന് പറയാന്‍ കൂടിയാണ് ഈ ഫോട്ടോഷൂട്ടിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്. ' നഗ്നതയെ ഒരു ആര്‍ട്ടായി കണാന്‍ ഇന്നും നമ്മുടെ സമൂഹം തയ്യാറായിട്ടില്ല എന്നാണ് ശീതളിന്റെ അഭിപ്രായം.
ഇങ്ങനെ ട്രാന്‍സ് ശരീരങ്ങളുടെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും സമൂഹം തയ്യാറാവണമെന്നാണ് സീതളടക്കമുള്ള ഈ ഷൂട്ടില്‍ പങ്കെടുത്തവരുടെ ആഗ്രഹം. ശാസ്ത്രം ഏറെ പുരോഗമിച്ചു കഴിഞ്ഞു. ഞങ്ങളിലെ മാറ്റങ്ങളൊന്നും കൃത്രിമമല്ല ഇപ്പോള്‍. അതിനേ പറ്റി എല്ലാവരും മനസ്സിലാക്കണമെന്ന് ആഗ്രഹമാണ് ഇവരുടേത്.
മറ്റ് രാജ്യങ്ങളില്‍ ഇത്തരം ഷൂട്ടുകള്‍ നടക്കുമ്പോള്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും, ഇവിടെ ന്യൂഡിറ്റി തീമായി ഷൂട്ട് നടത്തിയാല്‍ മോശം പറയുകയും ചെയ്യുന്നവര്‍ ഏറെയുണ്ട്. അത്തരത്തില്‍ ഒളിമറയുള്ള സദാചാരബോധത്തെ ചോദ്യം ചെയ്യുക കൂടിയാണ് ഈ ചിത്രങ്ങളിലൂടെയെന്നും ശീതള്‍.
കറുപ്പ് നിറത്തിന്റെ മനോഹാരിത
'പലപ്പോഴും നമ്മുടെ സമൂഹം വെളുപ്പിനാണ് പ്രാധാന്യം നല്‍കുന്നത്. ഒരു കുഞ്ഞുണ്ടായാല്‍ തന്നെ ആദ്യം ചോദിക്കുന്നതു തന്നെ കുഞ്ഞ് കറുത്തിട്ടാണോ വെളുത്തിട്ടാണോ എന്നാണ്. വിവാഹ ഫോട്ടോകളും മറ്റും എടുക്കുമ്പോള്‍ കുറച്ച് നിറം കൂട്ടണേ എന്ന് പറയുന്നവരാണ് ഏറെയും. ഷൂട്ടുകളില്‍ മോഡലുകള്‍ക്ക് നിറം കുറവാണെങ്കില്‍ മേക്കപ്പ് ചെയ്ത് വെളുപ്പിക്കാനുള്ള ശ്രമം നടത്തും. എന്നാല്‍ മനോഹരമായ നിറമാണ് കറുപ്പ്. ആ നിറത്തിന്റെ പേരില്‍ ആരെയും മാറ്റി നിര്‍ത്തേണ്ട എന്നാണ് എന്റെ നിലപാട്. ഈ ഷൂട്ടില്‍ എന്റെ മോഡലുകളെല്ലാം വെളുത്ത നിറമുള്ളവരാണ്. എന്നാല്‍ കറുപ്പ് ഷേഡാണ് നമ്മള്‍ ഉപയോഗിക്കുന്നതെന്നു പറഞ്ഞപ്പോള്‍ അവര്‍ നിറഞ്ഞ മനസ്സോടെ ആ ആശയത്തെ സ്വീകരിക്കുകയായിരുന്നു.' ചിത്രങ്ങളില്‍ കറുപ്പ് നിറത്തിന്റെ വ്യത്യസ്തഭാവങ്ങള്‍ കൊണ്ടുവന്നതിനെ പറ്റി ഫോട്ടോഗ്രാഫര്‍ മനൂപ് ചന്ദ്രന്‍ പറയുന്നത് ഇങ്ങനെ.
ഈ തീമിലേക്ക് ട്രാന്‍സ് വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ പഴയ ഒരു അനുഭവമാണെന്നും മനൂപ് ചന്ദ്രന്‍ പറയുന്നു. കലോത്സവ വേദികളില്‍ ഫോട്ടോ എടുക്കാന്‍ എത്തുമ്പോള്‍ അവിടെ നൃത്തപരിശീലകരും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഭൂരിഭാഗവും ട്രാന്‍സ്‌ജെന്‍ഡേഴ്‌സായിരുന്നു. അവരോട് സംസാരിക്കാന്‍ ശ്രമിച്ചാലും അവര്‍ നമ്മളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതുപോലെ പലപ്പോഴും തോന്നിയിരുന്നു.അന്നു തൊട്ടേ ട്രാന്‍സ് വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി ഫോട്ടോകള്‍ എടുക്കണമെന്ന് ആഗ്രഹിച്ചതാണ്. എപ്പോഴും കാണുന്ന തീമുകള്‍ അല്ലാതെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമായിരുന്നു ഇതിന് പിന്നില്‍.'
ഒരു വര്‍ഷം മുന്‍പാണ് മനൂപ് ചന്ദ്രന്‍ ഈ ഷൂട്ട് പ്ലാന്‍ ചെയ്യുന്നത്. 'എന്നാല്‍ കൊറോണ വന്നതോടെ ഷൂട്ട് നീണ്ടുപോയി. ഷൂട്ടിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് ഗണ്‍മേക്കപ്പാണ്. ഇതിന് ആവശ്യമായ സാധനങ്ങള്‍ യു.കെയില്‍ നിന്ന് കൊണ്ടുവരണമായിരുന്നു. ഇതിനൊപ്പം മോഡലുകളെ ഗ്രൂം ചെയ്യാനും ഫിറ്റ്‌നസ്സ് ശരിയാക്കാനും കുറച്ച് സമയമെടുത്തു.' ഷൂട്ടിനെ പറ്റി മനൂപ് മനസ്സു തുറന്നു.
Content Highlights: Transgender nude photoshoot body positivity manoop chandran
Content Highlights: