ജാതിയില്ല, മതമില്ല, ലിംഗവ്യത്യാസവുമില്ല; മകളുടെ പ്രണയത്തെ ചേർത്തുപിടിച്ച് ഈ അമ്മ

പൊന്നു ഇമയ്ക്കും റിച്ചുവിനുമൊപ്പം ശ്രീജ
പൊന്നു ഇമയ്ക്കും റിച്ചുവിനുമൊപ്പം ശ്രീജ

''ഇരുപത്തിരണ്ട് ദിവസത്തെ മെഡിക്കൽ കോളേജ് വാസത്തിനിടെ അവളുടെ കൂട്ടുകാരിയെ കണ്ടെത്തി, പൊന്നു ഇമ. അവരിപ്പോൾ ജീവിതപങ്കാളികളായി മുന്നേറുന്നു. അവർ കണ്ടുമുട്ടിയതിന്റെ ഒന്നാം വാർഷികമാണ് ഈ വരുന്ന ഇരുപത്തിയാറാം തിയ്യതി. മക്കൾക്ക് ആശംസകൾ നേർന്നുകൊണ്ട് അമ്മ..''

പ്രണയത്തെ ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും ജെൻ‍ഡറിന്റെയുമൊക്കെ തടവറകളിലിട്ട് മുൻവിധിയോടെ സമീപിക്കുന്നവർക്ക് മുന്നിൽ വ്യത്യസ്തയായ ഒരമ്മയുടെ വാക്കുകളാണിത്. കോഴിക്കോട്ടെ നൊച്ചാട് ​ഗ്രാമത്തിലെ അധ്യാപികയായ ശ്രീജയാണ് മകൾ റിച്ചു എന്നു വിളിക്കുന്ന നവ്യയെക്കുറിച്ചും അവളുടെ പ്രണയിനി പൊന്നു ഇമയെക്കുറിച്ചും സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. റിച്ചുവും പൊന്നുവും തങ്ങളുടെ പ്രണയത്തെക്കുറിച്ച് നേരത്തേ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പരസ്പരം താങ്ങായി നിന്നതിന്റെ ഒരു വർഷം പൂർത്തിയാക്കുന്ന മകൾക്കും അവളുടെ കൂട്ടുകാരിക്കുമായി അമ്മ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടിയിരിക്കുകയാണ്. പൊന്നുവിന്റെയും റിച്ചുവിന്റെയും പ്രണയത്തെ സ്വീകരിച്ചതിനെക്കുറിച്ചും സമൂഹത്തിന്റെ ജ‍ഡ്ജ്മെന്റൽ മനോഭാവത്തെക്കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് ശ്രീജ. 

മക്കളിൽ അടിച്ചേൽപ്പിക്കേണ്ടതല്ല നമ്മുടെ ഇഷ്ടങ്ങൾ

മകൾ തന്നെയാണ് എൽ.ജി.ബി.ടി.ക്യു. വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി തന്നത്. സാന്ദർഭി​കമായാണ് അവ പറഞ്ഞു തന്നിരുന്നത്. പെൺകുട്ടികൾ തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള വീഡിയോകളൊക്കെ മുമ്പ് കാണിച്ചു തന്നിരുന്നു. അപ്പോൾതന്നെ അവളുടെ പ്രണയജീവിതത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നു.  

മകൾ പണ്ടുതൊട്ടേ എല്ലാ കാര്യങ്ങളും എന്നോട് പങ്കുവെക്കാറുണ്ട്. പൊന്നുവിനോട് അവൾക്ക് ക്രഷ് തോന്നിയ സമയത്തുതന്നെ എനിക്കും അതേക്കുറിച്ച് മനസ്സിലായിരുന്നു. അവൾ പൊന്നുവിന്റെ വീഡിയോകളും ചിത്രങ്ങളുമൊക്കെ എപ്പോഴും കാണിക്കുമ്പോൾ തന്നെ മനസ്സിലായിരുന്നു. അതിന് മുമ്പേ എനിക്ക് പൊന്നുവിനെ പരിചയമുണ്ടായിരുന്നു. പൊന്നുവിന്റെ അച്ഛൻ രാധൻ മാഷ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. ഞാൻ പേരാമ്പ്ര മേഖലയിലെ എളിയ പ്രവർത്തകയായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ പരിചയം. മാഷുടെ മോൾ എന്ന നിലയ്ക്കാണ് പൊന്നുവിനെ കൂടുതൽ പരിചയം. പരിഷത് സമ്മേളനങ്ങളിലൊക്കെ ഊർജസ്വലയായി പൊന്നുവിനെ കാണുമ്പോൾ സന്തോഷം തോന്നിയിരുന്നു.

തുടക്കത്തിൽ അം​ഗീകരിക്കാൻ അൽപം ബുദ്ധിമുട്ട് തോന്നിയെങ്കിലും പതിയെ അവളുടെ സന്തോഷം തിരിച്ചറിഞ്ഞ് ഞങ്ങളും കൂടെ നിൽക്കുകയായിരുന്നു. അവൾ അങ്ങനെയാണ് എന്നതിന് അവളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ. സ്വാഭാവികമായും അവളുടെ കൂടെ നിൽക്കണം എന്നു തന്നെയാണ് തോന്നിയത്. മാത്രമല്ല, മകൾ ഇങ്ങനെയായിരിക്കണം ഇതുപോലെ ജീവിക്കണം എന്ന സ്വപ്നങ്ങളൊന്നും വച്ചുപുലർത്തിയിരുന്ന ആളല്ല. അവൾ എങ്ങനെയാവാണോ ആ​ഗ്രഹിക്കുന്നത് അതുപോലെ ആയിരിക്കുന്നതാണ് എന്റെയും സന്തോഷം ഒരിക്കലും നമ്മുടെ താൽപര്യങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കേണ്ടതല്ല.  അത്തരമൊരു രീതി കുട്ടിക്കാലം തൊട്ടേ വീട്ടിൽ ഉണ്ടായിരുന്നില്ല. അവൾക്ക് എന്താണോ ആവേണ്ടത് അതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് ചെയ്തത്.  

പൊന്നുവും റിച്ചുവും പ്രണയത്തിലായത്

ബോർഡർലൈൻ പേഴ്സണാലിറ്റി എന്ന അസുഖമായിരുന്നു മകൾക്ക്. അത് തീവ്രമായ ഘട്ടത്തിൽ അവളെ 'ഇംഹാൻസി'ൽ കാണിച്ചിരുന്നു. ആ സമയത്താണ് പൊന്നുവും ഇതേ മാനസികാവസ്ഥയിലൂടെ കടന്നുപോയിരുന്നു എന്ന് തിരിച്ചറിയുന്നത്. അക്കാര്യം അറിയാൻ അവളുടെ അച്ഛനെ വിളിച്ചു. അപ്പോൾ അദ്ദേഹമാണ് മെഡിക്കൽ കോളേജിൽ കാണിക്കാനും മറ്റും പറയുന്നത്. അദ്ദേഹം അപ്പോൾതന്നെ പൊന്നുവിനോട് റിച്ചുവിനെ വിളിച്ചു നോക്കൂ എന്നും സംസാരിച്ചാൽ നന്നായിരിക്കും എന്നുമൊക്കെ പറഞ്ഞു. അങ്ങനെയാണ് അവരുടെ സൗഹൃദം തുടങ്ങുന്നത്. അപ്പോഴാണ് അവർക്ക് പരസ്പരം തങ്ങളുടെ അവസ്ഥയെ കൂടുതൽ മനസ്സിലാക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞത്. 

മകൾക്ക് വേണ്ട വിദ്യാഭ്യാസം നൽകുക, അവളുടെ മാനസികാരോ​ഗ്യത്തിന് പ്രാധാന്യം നൽകുക എന്നത് മാത്രമേ ഇപ്പോൾ ചിന്തയിലുള്ളു. അവൾക്ക് എന്താണോ ആവേണ്ടത് അതിനു പൂർണ പിന്തുണയുമായി ഞങ്ങൾ കൂടെയുണ്ടാകും. 

എന്തിനാണ് ഈ മുൻവിധി?

റിച്ചുവിന്റെ അച്ഛൻ( വെറ്റിനറി അസിസ്റ്റന്റ് ഫീൽഡ് ഓഫീസറായി റിട്ടയർ ചെയ്ത ചന്ദ്രൻ) എങ്ങനെയായിരിക്കും ഈ കാര്യത്തെ സമീപിക്കുക എന്നത് മാത്രമായിരുന്നു ഏക ആശങ്ക. അത്രത്തോളം ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. അദ്ദേഹത്തെ വേദനിപ്പിക്കാത്ത വിധത്തിൽ കൈകാര്യം ചെയ്യണം എന്നേ ആലോചിച്ചിരുന്നുള്ളു. സമൂഹം വിലയിരുത്തുന്നതിനെ വകവെക്കാനില്ലെന്ന് മുമ്പേ തീരുമാനിച്ചിരുന്നു. ​ഗ്രാമാന്തരീക്ഷം ആയതിനാൽ ഇക്കാര്യം സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ളവർ ഒക്കെയുണ്ട്. തുടക്കത്തിൽ ഇവരുടെ പ്രണയബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഒറ്റവാക്കിൽ മറുപടി നൽകി അവസാനിപ്പിക്കും, കൂടുതൽ വിശദീകരിക്കാനൊന്നും പോകില്ല. പതിയേ അവർക്കും മനസ്സിലായിക്കാണും പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്ന്. ആരും ആരെയും മുൻവിധിയോടെ സമീപിക്കരുത് എന്നാണ് പറയാനുള്ളത്. സാഹചര്യങ്ങളും ഹോർമോൺ വ്യതിയാനങ്ങളുമൊക്കെയാണ് ഓരോരുത്തരുടെയും ജെൻഡർ മാറ്റത്തിന് പിന്നിൽ. അതിനെ ഉൾക്കൊള്ളാൻ സമൂഹം തയ്യാറാവുകയാണ് വേണ്ടത്. കാലം മുന്നോട്ടു പോകുന്നതിന് അനുസരിച്ച് മാറ്റങ്ങളെ സ്വീകരിക്കാനും തയ്യാറാവണം, അതാണ് പുരോഗമന സമൂഹത്തിന്റെ അടയാളം.

പെൺകുട്ടികൾ നോ പറയാൻ പഠിക്കണം

പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ് പ്രധാനം. ഒരു വരുമാനത്തിലേക്ക് എത്തിക്കും വിധത്തിൽ പ്രാപ്തമാക്കുകയാണ് വേണ്ടത്. പ്രായപൂർത്തിയാകുമ്പോഴേക്കും വിവാഹം കഴിപ്പിക്കുന്നതിനെക്കുറിച്ചല്ല ചിന്തിക്കേണ്ടത്, പകരം അവൾക്ക് ഭദ്രമായ ഒരു കരിയർ ഒരുക്കേണ്ടതിനെക്കുറിച്ചാണ്. അടുത്തിടെ വാർത്തകളിൽ വന്ന പെൺകുട്ടികളുടെ ആത്മഹത്യകളും ​ഗാർഹികപീഡന കഥകളുമൊക്കെ പ്രതികരിക്കാൻ കഴിയാത്ത പെൺകുട്ടികളുടെ നിസ്സഹായത വ്യക്തമാക്കുന്നതാണ്.

എന്നും അരുതുകളുടെ ലോകത്താണ് അവരെ വളർത്തുന്നത്. എന്തു പറയണമെന്നോ ചെയ്യണമെന്നോ പ്രതികരിക്കണമെന്നോ അറിയാതെയാണ് പല പെൺകുട്ടികളും വളരുന്നത്. നോ പറയേണ്ടിടത്ത് അങ്ങനെ പറയുക തന്നെ ചെയ്യണം. വിവാഹമോ കുടുംബജീവിതമോ അല്ല ആത്യന്തികലക്ഷ്യമെന്ന് കുട്ടിക്കാലം തൊട്ടേ പെൺമക്കളെ പറഞ്ഞു മനസ്സിലാക്കണം.  

Content Highlights: sreeja about daughter richu and her partner ponnu ima, bisexual relationship, breaking stereotypes