'മൂന്നാഴ്ച മുമ്പ് നിങ്ങൾ ഇങ്ങനെയായിരുന്നില്ലല്ലോ!'; കോസ്മെറ്റിക് സർജറികളെക്കുറിച്ച് കള്ളം പറയുന്നവരെ പരിഹസിച്ച് ശ്രുതി ഹാസൻ

സൗന്ദര്യവർദ്ധക ചികിത്സകളെയും പ്ലാസ്റ്റിക് സർജറികളെയും കുറിച്ച് തുറന്നുപറയാൻ മടിക്കുകയും, തങ്ങളുടെ രൂപമാറ്റം ജന്മനാ ഉള്ളതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരെ രൂക്ഷമായി വിമർശിച്ച് നടി ശ്രുതി ഹാസൻ. നടി നേഹ ധൂപിയ അവതരിപ്പിക്കുന്ന 'ഡബിൾ ഡേറ്റ്' എന്ന യൂട്യൂബ് പോഡ്കാസ്റ്റിൽ അതിഥിയായി എത്തിയപ്പോഴാണ് ശ്രുതി തന്റെ നിലപാട് വ്യക്തമാക്കിയത്.
'കോസ്മെറ്റിക് ചികിത്സകളെക്കുറിച്ച് ഞാൻ വളരെ ശ്രദ്ധയോടെയാണ് സംസാരിക്കാറുള്ളത്. കാരണം, അത് എല്ലാവർക്കും വ്യക്തമായി കാണാൻ കഴിയുന്ന കാര്യമാണ്. ജനങ്ങളുടെ മുന്നിൽ വളർന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് കള്ളം പറയുന്നത് തികഞ്ഞ വിഡ്ഢിത്തമാണെന്നാണ് എനിക്ക് തോന്നുന്നത്. 'ഞാൻ ജനിച്ചതേ ഇങ്ങനെയാണ്' എന്ന് പറയുന്നവരെ കാണുമ്പോൾ എനിക്ക് പുച്ഛമാണ് തോന്നുന്നത്; അല്ല, മൂന്നാഴ്ച മുമ്പ് നിങ്ങൾ ഇങ്ങനെയായിരുന്നില്ല! ഇതിനെക്കുറിച്ച് കള്ളം പറയുന്നതിൽ എനിക്ക് യാതൊരു അർത്ഥവും തോന്നുന്നില്ല. ഞാൻ ഇത്തരം ചികിത്സകളുടെ പ്രൊമോട്ടറല്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾ ചെയ്യുക, എന്നെ എന്റെ പാട്ടിനും വിടുക,' ശ്രുതി ഹാസൻ പറഞ്ഞു.
മുഖത്തിന്റെ ആകൃതിയും ഭംഗിയും വർദ്ധിപ്പിക്കാൻ ഇത്തരം സൗന്ദര്യവർദ്ധക ചികിത്സകൾ സഹായിക്കുമെങ്കിലും, കൃത്യമായ പരിശോധനകൾക്ക് ശേഷം പരിചയസമ്പന്നനായ ഒരു പ്ലാസ്റ്റിക് സർജന്റെയോ ഡെർമറ്റോളജിസ്റ്റിന്റെയോ മേൽനോട്ടത്തിൽ മാത്രമേ ഇവ ചെയ്യാവൂ എന്ന് മുംബൈ ഗ്ലെനീഗിൾസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സർജൻ ഡോ. വസിഷ്ഠ് ദീക്ഷിത് വ്യക്തമാക്കുന്നു.
മുഖത്തെ പേശികൾക്ക് അയവ് നൽകി ചുളിവുകൾ കുറയ്ക്കാൻ ബോട്ടോക്സ് സഹായിക്കുമ്പോൾ, ചുണ്ടുകളുടെ ആകൃതി മെച്ചപ്പെടുത്താനും, കണ്ണിന് താഴെയുള്ള കുഴികൾ മാറ്റാനും, മുഖത്തിന് കൃത്യമായ ആകൃതി നൽകാനും ഡെർമൽ ഫില്ലറുകൾ ഉപയോഗിക്കുന്നു.പല ഫില്ലർ ചികിത്സകളും താൽക്കാലികമാണെന്നും കൃത്യമായ ഇടവേളകളിൽ തുടർചികിത്സകൾ ആവശ്യമാണെന്നും രോഗികൾ മനസ്സിലാക്കണം.
ഏതൊരു കോസ്മെറ്റിക് ചികിത്സയ്ക്കും വിധേയമാകുന്നതിന് മുമ്പ് ഡോക്ടറോട് തുറന്ന് സംസാരിക്കുകയും, തന്റെ പൂർണ്ണമായ ആരോഗ്യവിവരങ്ങൾ കൈമാറുകയും, ചികിത്സയ്ക്ക് ശേഷമുള്ള നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണമെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.
Content Highlights: Actress Shruti Haasan shares her candid views on cosmetic treatments, emphasizing transparency and honesty during a YouTube podcast appearance.