ഹോളി ദിനത്തിൽ പച്ചയിൽ കുളിച്ച ആ നായയെ ഓർമയില്ലേ? ഒടുവിൽ അവൾ സുരക്ഷിത ഇടത്തിലെത്തി

ഒരു മതിലിനോട് ചേർത്തു കെട്ടിയിരിക്കുന്ന നായ, ചുറ്റും ഹോളി ആഘോഷത്തിമിർപ്പിൽ നടക്കുന്നവർ. ഇതിനിടെ നായയുടെ ശരീരത്തിലേക്ക് പച്ചവർണത്തിലുള്ള പൊടി വലിച്ചെറിയുന്നു. ശരീരം മുഴുവൻ പച്ചനിറത്തിൽ കുളിച്ച് നിസ്സഹായതയോടെ നിൽക്കുകയാണ് ആ മൃഗം - ഇക്കഴിഞ്ഞ ഹോളി ദിനത്തിൽ പുറത്തുവന്ന ഈ വീഡിയോ നിരവധി കാഴ്ചക്കാരുടെ കണ്ണ് നനയിച്ചിരുന്നു. എന്തിനാണ് മൃഗങ്ങളോട് ഈ ക്രൂരത എന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെച്ചത്. ഇപ്പോഴിതാ ഉപദ്രവിക്കപ്പെട്ട ആ നായയെ രക്ഷപ്പെടുത്തിയെന്നും സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയാണെന്നുമുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
നടിയും മോഡലും ഗായികയുമൊക്കെയായി ഷിബാനി ദണ്ഡേക്കറാണ് ഇതു സംബന്ധിച്ച പോസ്റ്റ് പുറത്തുവിട്ടത്. റോക്സി എന്ന പേരിലുള്ള ആ നായയെ ഓർമയില്ലേ എന്നും അവളെ ഒടുവിൽ രക്ഷപ്പെടുത്തി എന്നും പറഞ്ഞാണ് ഷിബാനി പോസ്റ്റ് പങ്കുവെച്ചത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഷിബാനി റോക്സിയെക്കുറിച്ചുള്ള വിവരം അറിയിച്ചത്. വീഡിയോയിൽ നിന്നുള്ള റോക്സിയുടെ ചിത്രം സഹിതമാണ് സ്റ്റോറി. റോക്സിയെ രക്ഷപ്പെടുത്താൻ സാധിച്ചുവെന്നും ഇപ്പോൾ മനോഹരമായൊരു വീട്ടിലേക്കുള്ള യാത്രയിലാണ് അവൾ എന്നുമാണ് ഷിബാനി പോസ്റ്റ് ചെയ്തത്.
റോക്സിയെ രക്ഷിച്ചവർക്ക് നന്ദി അറിയിക്കുന്നുമുണ്ട് ഷിബാനി. നിരവധി പേരാണ് ഷിബാനിയുടെ പ്രവർത്തിയെ അഭിനന്ദിച്ച് സ്റ്റോറി പങ്കുവെക്കുന്നത്.
മാർച്ച് ഇരുപത്തിയൊന്നിനാണ് റോക്സിയുടെ മേൽ ഹോളി നിറം വലിച്ചെറിയുന്ന വീഡിയോ സാമൂഹിക മാധ്യമത്തിൽ വൈറലായത്. ഡെറാഡൂണിൽ നിന്ന് പുറത്തുവന്ന വീഡിയോക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഒടുവിൽ വീഡിയോയിലുള്ള രണ്ടു പേർക്കെതിരെ മൃഗങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള വകുപ്പ് ചുമത്തുകയും ചെയ്തു. പ്രവർത്തിയിൽ ഖേദം പ്രകടിപ്പിച്ച് ഉടമ പിന്നീട് വീഡിയോ പങ്കുവെച്ചെങ്കിലും ഇതിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.
Content Highlights: shibani dandekar, animal abuse, dog who was abused during holi, viral video