രാമനായി അഭിനയിക്കാൻ മദ്യപാനം നിർത്തി, പക്ഷെ ഈ മധുരം ഒഴിവാക്കാനായില്ല; രൺബീറിന്റെ ഡയറ്റ്

നിതീഷ് തിവാരി സംവിധാനം ചെയ്ത രാമായണം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ രാമനായി അഭിനയിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി രൺബീർ കപൂർ മദ്യപാനവും പുകവലിയും നിർത്തിയിരുന്നു എന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്. രാമനായി അഭിനയിക്കുന്നതിനായി ലഹരി ഉപയോഗം പൂർണമായി ഒഴിവാക്കിയ രൺബീർ സസ്യാഹാരിയായി മാറിയിരുന്നു.
Read Also:നടനെന്ന നിലയിൽ അവസാന ദശകം; മൂന്ന് വർഷത്തിനുള്ളിൽ സംവിധാനത്തിലേക്കിറങ്ങും-രൺബീർ കപൂർ
ഭക്ഷണക്രമം പിന്തുടർന്നതിനൊപ്പം അതിരാവിലെ എഴുന്നേറ്റ് വർക്കൗട്ടും മെഡിറ്റേഷനും മുടങ്ങാതെ ചെയ്തിരുന്നു. സാത്വിക് ഡയറ്റ് ആയിരുന്നു രൺബീർ പിന്തുടർന്നത്. എന്നാൽ രാമനാകുന്നതിന്റെ ഭാഗമായി മാത്രമല്ല നാൽപതിലേക്ക് എത്തിയതിന്റെയും കൂടെ ഭാഗമായിട്ടാണ് പുതിയൊരു ജീവിതശൈലി താരം തിരഞ്ഞെടുത്തതത്രേ. 99 ശതമാനവും വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമാണ് രൺബീർ കഴിക്കുന്നത്. താനൊരു ബ്രേക്ക്ഫാസ്റ്റ് പേഴ്സൺ ആണെന്നാണ് രൺബീറിന്റെ പക്ഷം. ദിവസവും ഓരോ പ്രാതലാണ് ശീലം. ചില ദിവസങ്ങളിൽ അത് പൊഹയാണെങ്കിൽ മറ്റുചിലപ്പോൾ പ്രൊട്ടീൻ ഷേക്ക് ആയിരിക്കും.
കടുത്ത ഭക്ഷണക്രമത്തിലേക്ക് കടന്നെങ്കിലും മധുരം താരം ഉപേക്ഷിച്ചിരുന്നില്ല. എല്ലാ ദിവസവും രാത്രി ഒരു കഷ്ണം ചോക്ലേറ്റ് കഴിക്കുന്നത് രൺബീറിന്റെ ശീലമാണ്. അതും മിൽക്ക് ചോക്ലേറ്റ് ആണ് ഇഷ്ടം. മറ്റൊരു ഇഷ്ടം ചീസ് കേക്ക് ആണ്. ചീസ് കേക്ക് കഴിക്കുന്നതിന് വേണ്ടി ഭക്ഷണക്രമം തെറ്റിക്കുന്നതിൽ മടിക്കാറില്ലെന്ന് തമാശ രൂപേണ ഒരിക്കൽ രൺബീർ കപൂർ പറഞ്ഞിട്ടുണ്ട്. ചീറ്റ്മീലിനായി പലപ്പോഴും പിസയും ചൈനീസ് ഫുഡുമാണ് താരം ഓർഡർ ചെയ്യാറുള്ളത്.
ഐസ് ബാത്, സൗന, റെഡ് ലൈറ്റ് തെറാപ്പി എന്നിവയെല്ലാം അടങ്ങുന്നതാണ് രൺബീർ കപൂറിന്റെ ഫിറ്റ്നെസ്സ് റുട്ടീൻ. ഓക്സിജൻ ചേംബറിൽ ഇരുന്നുകൊണ്ടുള്ള ഹൈപ്പർബാറിക് ഓക്സിജൻ തെറാപ്പിയും താരം ചെയ്യാറുണ്ട്. ഒന്നര വർഷത്തോളം റൊട്ടി കഴിക്കാതെ കൃത്യമായി ഡയറ്റ് നോക്കിയ ചരിത്രവും രൺബീറിനുണ്ട്.
Content Highlights: Ranbir Kapoor's lifestyle transformation for Ramayan includes quitting alcohol, adopting a vegetarian diet, and maintaining a strict fitness regimen.