ഒരു രാത്രി താമസത്തിന് നാല് ലക്ഷം രൂപ; ആഡംബര വില്ലയിൽ രാഹുൽ വൈദ്യ

ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി തുർക്കിയിലെത്തിയിരിക്കുകയാണ് ഗായകൻ രാഹുൽ വൈദ്യ. യാത്രയ്ക്കിടെ നോർത്ത് സൈപ്രസിലെ ആഡംബര ഹോട്ടലായ കോൺകോർഡ് ഏരിയയിലാണ് താരം താമസിക്കുന്നത്. ഹോട്ടൽ മുറിയുടെ ബാൽക്കണിയിൽ നിന്നുള്ള മനോഹരമായ കാഴ്ചകളും ഇൻഫിനിറ്റി പൂളിന്റെ ദൃശ്യങ്ങളും രാഹുൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. പകൽ സമയത്തും രാത്രിയിൽ വെളിച്ചത്തിൽ തിളങ്ങിനിൽക്കുമ്പോഴുമുള്ള പൂളിന്റെ ദൃശ്യങ്ങൾ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു.മനോഹരവും സമാധാനപൂർണവും ഏറ്റവും അനുയോജ്യമായ കാലാവസ്ഥയും' എന്നാണ് ചിത്രങ്ങൾക്കൊപ്പം രാഹുൽ കുറിച്ചത്. ഹോട്ടലിലെ ആഡംബര സൗകര്യങ്ങൾ മാത്രമല്ല, അവിടത്തെ ഏറ്റവും വിലകൂടിയ താമസസൗകര്യമായ പ്രസിഡൻഷ്യൽ വില്ലയുടെ നിരക്കുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
12 പേർക്ക് താമസിക്കാവുന്ന ആഡംബര വില്ല
അതീവ ആഡംബരത്തോടെ അവധിക്കാലം ചെലവഴിക്കാനാഗ്രഹിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നതാണ് കോൺകോർഡ് ഏരിയ ഹോട്ടലിലെ പ്രസിഡൻഷ്യൽ വില്ല. ഒരേസമയം 12 പേർക്ക് താമസിക്കാവുന്ന ഈ വില്ല ഒരു സ്വകാര്യ എസ്റ്റേറ്റിന് സമാനമായ സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്.സ്വകാര്യ പ്രവേശനകവാടവും വിശാലമായ പൂന്തോട്ടവുമുള്ള വില്ലയിൽ അഞ്ച് കിടപ്പുമുറികളും ആറ് ബാത്ത്റൂമുകളുമുണ്ട്. ബാത്ത് ടബ്, വാക്ക് ഇൻ ഷവർ, വേൾപൂൾ ടബ് തുടങ്ങിയ സൗകര്യങ്ങളും ഓരോ മുറിയിലുമുണ്ട്. വിശാലമായ ലിവിങ് റൂം, പ്രത്യേക സ്റ്റഡി റൂം, ഡൈനിങ് ഏരിയ, പൂർണമായും സജ്ജീകരിച്ച അടുക്കള എന്നിവയും വില്ലയുടെ പ്രത്യേകതകളാണ്.
സ്വകാര്യ സ്പായും സിനിമാ തിയറ്ററും സ്വിമ്മിങ് പൂളും
വില്ലയ്ക്കുള്ളിൽ തന്നെ ഒരു സമ്പൂർണ സ്പാ സെന്ററാണ് ഒരുക്കിയിരിക്കുന്നത്. സ്വകാര്യ ടർക്കിഷ് ഹമാം, സോന, ജക്കൂസി പൂൾ, മസാജ് റൂം, സ്വകാര്യ ഫിറ്റ്നസ് ഹാൾ എന്നിവ ഇതിന്റെ ഭാഗമാണ്.വിനോദത്തിനായി സ്വകാര്യ സിനിമാ തിയറ്ററും ബില്യാർഡ്സ് കളിക്കാനുള്ള സൗകര്യവും വീഡിയോ ഗെയിം കൺസോളും ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ ബാറുമുണ്ട്. വിശാലമായ നടുമുറ്റത്ത് സൺബെഡുകളും ഔട്ട്ഡോർ സീറ്റിങ്ങും ഉൾപ്പെടുന്ന സ്വകാര്യ സ്വിമ്മിങ് പൂളുമുണ്ട്.
ഒരു രാത്രിക്ക് ഏകദേശം നാല് ലക്ഷം രൂപ
താമസക്കാർക്ക് ഓൾ ഇൻക്ലൂസീവ് സൗകര്യങ്ങളാണ് ഹോട്ടൽ വാഗ്ദാനം ചെയ്യുന്നത്. പ്രധാന ബുഫേ റെസ്റ്ററന്റിന് പുറമേ വിവിധ ആലാ കാർട്ടെ റെസ്റ്ററന്റുകൾ, ബാറുകൾ, 24 മണിക്കൂർ റൂം സർവീസ് എന്നിവയും ലഭ്യമാണ്. വിഐപി കൺസിയർജ് സേവനം, എക്സിക്യൂട്ടീവ് ലോഞ്ചിലേക്കുള്ള പ്രവേശനം, സെന്റയർ സ്പായിലേക്കും ബീച്ച് സൗകര്യങ്ങളിലേക്കുമുള്ള സൗജന്യ പ്രവേശനം എന്നിവയും താമസത്തിന്റെ ഭാഗമാണ്.ഹോട്ടലിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം പ്രസിഡൻഷ്യൽ വില്ലയിൽ ഒരു രാത്രി താമസിക്കുന്നതിന് 2,22,750 തുർക്കിഷ് ലിറയാണ് നിരക്ക്. ഇന്ത്യൻ രൂപയിൽ ഏകദേശം നാല് ലക്ഷം രൂപ വരും. 12 പേർക്ക് വരെ താമസിക്കാവുന്ന വില്ലയുടെ ഒരു രാത്രിയിലെ നിരക്കാണിത്.
Content Highlights: Singer Rahul Vaidya is staying at a luxury hotel in North Cyprus during his Turkey trip., He is staying in the presidential villa which accommodates up to 12 guests., The villa features private spa, cinema theater, swimming pool, and premium amenities., The cost for one night stay in the presidential villa is approximately 4 lakh Indian Rupees.