സ്വന്തം അമ്മാവനെ വിവാഹം കഴിക്കേണ്ട കഥാപാത്രം; ആ സിനിമയിൽ അഭിനയിച്ചത് വെറുത്തു-വെളിപ്പെടുത്തലുമായി രാധിക ആപ്തെ

radhika apte,nandamuri balakrishna|Photo:instagram.com/radhikaofficial/,instagram.com/balayyababu_official/
radhika apte,nandamuri balakrishna|Photo:instagram.com/radhikaofficial/,instagram.com/balayyababu_official/

തെലുങ്ക് ചിത്രം 'ലെജൻഡി'ൽ അഭിനയിച്ചത് തനിക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ലെന്ന നടി രാധിക ആപ്തെയുടെ വെളിപ്പെടുത്തൽ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ചിത്രത്തിന്റെ പേര് അഭിമുഖത്തിൽ നേരിട്ട് പറഞ്ഞിരുന്നില്ലെങ്കിലും രാധിക നൽകിയ സൂചനകൾ നന്ദമൂരി ബാലകൃഷ്ണ നായകനായ 2014-ലെ ചിത്രത്തെക്കുറിച്ചാണെന്ന് ആരാധകർ തിരിച്ചറിഞ്ഞതോടെയാണ് വിവാദം തുടങ്ങിയത്. ചിത്രത്തിലെ പ്രമേയത്തെയും നായകനുമായുള്ള പ്രണയരംഗങ്ങളെയും കുറിച്ചുള്ള താരത്തിന്റെ പരാമർശത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ കീർത്തി സുരേഷിനൊപ്പം നെറ്റ്ഫ്‌ളിക്‌സ് പരമ്പരയായ 'അക്ക'യിൽ അഭിനയിച്ച രാധിക, സൂം സംഘടിപ്പിച്ച ആരാധകരുമായുള്ള സംവാദത്തിനിടെയാണ് തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.

അമ്മാവനെ വിവാഹം കഴിക്കേണ്ട കഥാപാത്രം

താൻ അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിൽ അമ്മാവനെ വിവാഹം കഴിക്കേണ്ട കഥാപാത്രമായിരുന്നു ലഭിച്ചതെന്ന് രാധിക പറഞ്ഞു. ആ സിനിമയിലെ എല്ലാ കാര്യങ്ങളും തനിക്ക് വെറുപ്പായിരുന്നുവെന്നും താരം വ്യക്തമാക്കി. ഞാൻ അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിൽ അമ്മാവനെ വിവാഹം കഴിക്കേണ്ടിവന്നു. അതായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമ. അതിലെ എല്ലാം എനിക്ക് വെറുപ്പായിരുന്നു. എന്നേക്കാൾ പ്രായം വളരെ കൂടുതലുള്ള ഒരു നടനുമായി പ്രണയരംഗങ്ങളിലും അഭിനയിക്കേണ്ടിവന്നു. അവിടത്തെ സാഹചര്യവും സിനിമയുടെ പ്രമേയവും ഏറെ പുരുഷാധിപത്യപരമായിരുന്നു. അതായിരുന്നു എനിക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയത്. സിനിമയുടെ പകുതിയിൽ എന്റെ കഥാപാത്രം മരിക്കണം. അതിനുശേഷം നായകൻ എന്നെ തോളിലിട്ട് ആക്ഷൻ രംഗങ്ങൾ ചെയ്യുമായിരുന്നു-എന്നായിരുന്നു രാധികയുടെ വാക്കുകൾ.

സൂചനകൾ 'ലെജൻഡി'ലേക്ക്; വിമർശനവുമായി ആരാധകർ

രാധിക ചിത്രത്തിന്റെ പേര് പറഞ്ഞില്ലെങ്കിലും അമ്മാവനെ വിവാഹം കഴിക്കുന്ന കഥാപാത്രം, പ്രായക്കൂടുതലുള്ള നടനുമായുള്ള പ്രണയരംഗങ്ങൾ തുടങ്ങിയ സൂചനകൾ 'ലെജൻഡ്' എന്ന ചിത്രത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ വിലയിരുത്തി. നന്ദമൂരി ബാലകൃഷ്ണയായിരുന്നു ചിത്രത്തിലെ നായകൻ.'ലെജൻഡി'ന് പിന്നാലെ അടുത്ത വർഷം പുറത്തിറങ്ങിയ 'ലയൺ' എന്ന ചിത്രത്തിലും രാധിക ബാലകൃഷ്ണയ്‌ക്കൊപ്പം അഭിനയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു സിനിമയെക്കുറിച്ച് ഇത്രയും വർഷങ്ങൾക്കുശേഷം അതൃപ്തി പ്രകടിപ്പിക്കുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്ത് ചിലർ രംഗത്തെത്തിയത്. ചിത്രത്തിന്റെ കഥയിലോ നായകനുമായുള്ള പ്രണയരംഗങ്ങളിലോ പ്രശ്‌നമുണ്ടായിരുന്നെങ്കിൽ സിനിമയിൽ ഒപ്പിടുന്നതിന് മുമ്പ് തിരക്കഥയും നായകനെയും കുറിച്ച് മനസ്സിലാക്കേണ്ടതായിരുന്നുവെന്നാണ് ഒരു എക്‌സ് ഉപയോക്താവിന്റെ വിമർശനം. അന്ന് സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ച താരം വർഷങ്ങൾക്കുശേഷം അതിലെ പുരുഷാധിപത്യ സ്വഭാവത്തെ വിമർശിക്കുന്നത് ശരിയാണോ എന്നും ഇയാൾ ചോദിച്ചു.

വീണ്ടും അദ്ദേഹത്തിനൊപ്പം അഭിനയിച്ചതെന്തിന്; വിമർശനം കടുപ്പിച്ച് ചിലർ

ബാലകൃഷ്ണയെ പിന്തുണയ്‌ക്കേണ്ട സാഹചര്യം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും പത്ത് വർഷം മുമ്പ് നടന്ന സംഭവങ്ങളുടെ പേരിൽ വലിയ വിവാദമുണ്ടാക്കേണ്ടതില്ലെന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ പ്രതികരണം. ആ സിനിമയ്ക്കുശേഷം രാധിക വീണ്ടും ബാലകൃഷ്ണയ്‌ക്കൊപ്പം അഭിനയിച്ചതും ഇയാൾ ചൂണ്ടിക്കാട്ടി. രാധിക ഇപ്പോൾ തിരഞ്ഞെടുക്കുന്ന ചില കഥാപാത്രങ്ങൾ പോലും പിന്നോട്ടു ചിന്തിപ്പിക്കുന്നതാണെന്നും വിമർശനമുയർന്നു. 2012-ൽ പുറത്തിറങ്ങിയ 'ധോണി' എന്ന ചിത്രത്തിലൂടെ രാധികയ്ക്ക് മികച്ച അരങ്ങേറ്റം നൽകിയതും ഇതേ സിനിമാ മേഖലയാണെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടി. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരത്തിന് രാധിക നാമനിർദേശം ചെയ്യപ്പെട്ടതായും അവർ ഓർമിപ്പിച്ചു.അതേസമയം, നന്ദമൂരി ബാലകൃഷ്ണയുടെ ചില ആരാധക പേജുകൾ രാധികയുടെ പഴയ അഭിമുഖത്തിലെ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 'ലെജൻഡ്' സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷവും നന്ദിയും പ്രകടിപ്പിക്കുന്ന രാധികയെയാണ് ഈ ദൃശ്യങ്ങളിൽ കാണുന്നത്.

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത 'ലസ്റ്റ് സ്റ്റോറീസ് 3'യിലെ 'എറോട്ടിക്ക' എന്ന ഭാഗത്തിൽ രാധിക ശ്രദ്ധിക്കപ്പെട്ടിരുന്നു. കീർത്തി സുരേഷിനൊപ്പം അഭിനയിച്ച 'അക്ക'യിലും താരം തിളങ്ങുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. തൻവി ആസ്മി, ജയശ്രീ, നിവേദിത ഭാർഗവ, അൻഷുമാൻ പുഷ്‌കർ, പൂർണിമ ഇന്ദ്രജിത്ത്, വിഷക് നായർ, മഹേഷ് മഞ്ജരേക്കർ, മോണിക്ക പൻവാർ എന്നിവരും വെബ് സീരീസിന്റെ ഭാഗമാണ്. രാധികയുടെ പരാമർശം സിനിമയിലെ സ്ത്രീകഥാപാത്രങ്ങളുടെ അവതരണത്തെയും പുരുഷാധിപത്യപരമായ കഥാസന്ദർഭങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്. അതേസമയം, സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ച സമയത്തെ താരത്തിന്റെ നിലപാടും വർഷങ്ങൾക്കുശേഷമുള്ള പ്രതികരണവും തമ്മിലുള്ള വ്യത്യാസമാണ് വിമർശകർ ചർച്ചയാക്കുന്നത്.

Content Highlights: Radhika Apte expressed her dislike for a Telugu film where she played a character marrying her uncle., Fans and social media users identified the film as Legend starring Nandamuri Balakrishna., Critics questioned why she later worked with the same actor again if she hated the experience., The remarks sparked a broader discussion on the portrayal of female characters and patriarchy in films.