തടവുകാരിയെപ്പോലെ തോന്നി,ജീവിതം വെറുത്തു; ഇതുവരെ വെളിപ്പെടുത്താത സത്യങ്ങൾ പങ്കുവച്ച് പാരിസ് ഹിൽട്ടൺ

ഗായികയും നടിയും സംരംഭകയുമൊക്കെയായ പാരിസ് ഹിൽട്ടണിന്റെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. തന്റെ കൗമാരകാലം എത്രത്തോളം ദുഷ്കരമായിരുന്നുവെന്ന് പങ്കുവെക്കുകയാണ് പാരിസ്. 'ദിസ് ഈസ് പാരിസ്' എന്ന പേരിൽ പുറത്തിറങ്ങുന്ന ഡോക്യുമെന്ററിയിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്. ബോർഡിങ് സ്കൂൾ കാലത്ത് താൻ മാനസികമായും വൈകാരികമായും ശാരീരികമായും അധിക്ഷേപിക്കപ്പെട്ടിരുന്നുവെന്ന് പറയുകയാണ് പാരിസ്.
കുറേക്കാലം താൻ ഈ സത്യങ്ങളൊന്നും പറയാതെ നടന്നു. പക്ഷേ ഇന്നത്തെ കരുത്തയായ സ്ത്രീയായി മാറിയതിൽ അഭിമാനിക്കുന്നുണ്ട്. തന്റെ ജീവിതത്തിൽ വന്ന കാര്യങ്ങളെല്ലാം എളുപ്പത്തിൽ നടന്നതാകുമെന്ന് കരുതുന്നവരുണ്ട്. എന്നാൽ താൻ ഏതെല്ലാം ഘട്ടങ്ങളിലൂടെയാണ് കടന്നുപോയതെന്ന് പറയാൻ തീരുമാനിക്കുകയായിരുന്നുവെന്നും പാരിസ് പറയുന്നു.
ന്യൂയോർക്കിലെ വാൽഡോർഫ് അസ്റ്റോറിയ ഹോട്ടലിലാണ് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം പാരിസ് കഴിഞ്ഞിരുന്നത്. ക്ലബുകളിലും പാർട്ടികളിലുമൊക്കെ പോകുന്നതിനോട് മാതാപിതാക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല. അവർ തന്റെ മൊബൈൽ ഫോണും ക്രെഡിറ്റ് കാർഡുമൊക്കെ വാങ്ങിവെക്കുമായിരുന്നു. ഇതോടെ താൻ അവരെ എതിർത്ത് പോകാൻ തുടങ്ങിയെന്നും പലകാര്യങ്ങളിലും നിഷേധസ്വഭാവം കാണിച്ചിരുന്നുവെന്നും പാരിസ് പറയുന്നു. തന്റെ അനുസരണക്കേടിൽ സഹികെട്ട മാതാപിതാക്കൾ ബോർഡിങ് സ്കൂളിലാക്കുകും അവിടെ തന്റെ ദുസ്സഹമായ യാത്ര ആരംഭിക്കുകയും ചെയ്തെന്ന് പാരിസ് പറയുന്നു.
അവിടെ എഴുന്നേൽക്കുന്നതു മുതൽ കിടക്കുംവരെ ചീത്തവിളികളും അലർച്ചകളും മാത്രമായിരുന്നു. കുട്ടികളെ മാനസികമായി തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നു തോന്നും. മാനസികമായി മാത്രമല്ല ശാരീരിക മർദനങ്ങളും ഉണ്ടായിരുന്നു. കുട്ടികളിൽ ഭയം നിറയ്ക്കുകയായിരുന്നു അവർ. ഇതിനിടയിൽ ആരെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ചാൽ ദിവസത്തിൽ ഇരുപതുമണിക്കൂർ വരെ അവരെ ഏകാന്ത തടവിലാക്കുമായിരുന്നു.
ഓരോ ദിവസവും തനിക്ക് പാനിക് അറ്റാക്ക് അനുഭവപ്പെടുമായിരുന്നുവെന്നും പാരിസ്. തടവുപുള്ളിയെപ്പോലെയാണ് അനുഭവപ്പെടുക, ജീവിതം പോലും വെറുത്തുപോയി. കുടുംബാംഗങ്ങളോട് രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് സംസാരിക്കാൻ അവസരം ലഭിക്കുക. അത്രത്തോളം പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കും. സ്കൂളിലെ പ്രശ്നങ്ങൾ വീട്ടിൽ അറിയിച്ചാൽ വീട്ടുകാരോട് കുട്ടികൾ നുണ പറയുകയാണെന്ന് പറയുന്നതിനു പുറമെ പീഡനങ്ങളും പതിവായിരുന്നു.
പതിനെട്ടു വയസ്സുള്ളപ്പോഴാണ് വീണ്ടും ന്യൂയോർക്കിലേക്കു തിരികെയെത്തുന്നത്. പക്ഷേ പിന്നീടൊരിക്കലും താൻ അനുഭവിച്ച ദുരിതം പങ്കുവെക്കണമെന്ന് തോന്നിയിട്ടില്ല. അവിടെ നിന്നു പുറത്തു വന്നല്ലോ എന്ന ആശ്വാസമായിരുന്നു. വീണ്ടും ആ ഓർമകളിലേക്കു പോകണമെന്നുണ്ടായിരുന്നില്ല. ഇപ്പോഴും തനിക്ക് നാണക്കേടു തോന്നുന്ന ഓർമകളാണ് അതെന്നും പാരിസ് പറയുന്നു.
Content Highlights: Paris Hilton Reveals Abuse At Boarding School
Content Highlights: