വാതിലില്‍മുട്ടി അയാള്‍ ചോദിച്ചു, 'ഞാനീ മതിലിലൊന്ന് വരച്ചോട്ടെ'; ഇത് കൊച്ചിയിലെ മറെ മാജിക്

#ടി.ജെ. ശ്രീജിത്ത്
മട്ടാഞ്ചേരി ജൂതതെരുവിലെ പഴയ കെട്ടിടത്തിന്റെ ചുമരില്‍ ചിത്രം വരയ്ക്കുന്ന ഓസ്‌ട്രേലിയന്‍ ചിത്രകാരന്‍ ജോണ്‍ മറെ | ഫോട്ടോ: റിദിന്‍ ദാമു
മട്ടാഞ്ചേരി ജൂതതെരുവിലെ പഴയ കെട്ടിടത്തിന്റെ ചുമരില്‍ ചിത്രം വരയ്ക്കുന്ന ഓസ്‌ട്രേലിയന്‍ ചിത്രകാരന്‍ ജോണ്‍ മറെ | ഫോട്ടോ: റിദിന്‍ ദാമു

''ഞാനീ മതിലിലൊന്ന് വരച്ചോട്ടെ...'' കാലം മുഖത്തും മുടിയിലും നരവരച്ചൊരു വിദേശി ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും വീടുകളുടെ വാതിലുകളില്‍മുട്ടി ചോദിച്ചു. വെളുത്ത ഷര്‍ട്ടിലൊക്കെ കറുത്ത പെയിന്റ് ആയിട്ടുണ്ട്. ചിലര്‍ മടിയോടെ വേണ്ടെന്നു പറഞ്ഞു. മറ്റുചിലര്‍ സന്തോഷത്തോടെ 'അതിനെന്താ വരച്ചോളൂ...'എന്ന് പറഞ്ഞു. 

പൊരിവെയിലില്‍ കറുത്തതൊപ്പിയിട്ട് അയാള്‍ അതിവേഗം വരച്ചുതുടങ്ങി.ചിറകടിച്ചുപറക്കുന്ന പക്ഷിരൂപങ്ങള്‍ മതിലുകളില്‍ തെളിഞ്ഞു.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നീല ജേഴ്സിയും തൊപ്പിയുമണിഞ്ഞ വിചിത്രമായ പക്ഷിമുഖങ്ങളും അതിലുണ്ട്.

പ്രശസ്ത ഓസ്ട്രേലിയന്‍ റിയലിസ്റ്റ് ചിത്രകാരന്‍ ജോണ്‍ മറെയാണ് ആ മനുഷ്യന്‍. അവധി ആഘോഷിക്കാനാണ് കൊച്ചിയിലെത്തിയത്. ചിത്രകാരിയും ഫോട്ടോഗ്രാഫറുമായ ഭാര്യ വിക്കിയും വരയ്ക്കാന്‍ കൂടുന്നുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ ചരിത്രമുറങ്ങുന്ന 'ഓള്‍ഡ് ഹാര്‍ബര്‍' ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. 

ഹോട്ടലിന്റെ ചുറ്റുമതിലുകളിലെല്ലാം ഇരുവരുടെയും വരകള്‍ നിറഞ്ഞു. സ്‌കേറ്റ് ബോര്‍ഡില്‍ നീങ്ങുന്ന പെണ്‍കുട്ടികള്‍, പക്ഷിമുഖങ്ങളുമായി സ്യൂട്ട് ധരിച്ചവര്‍. ''ജീവിതം ആസ്വദിക്കാനുള്ളതാണ്...അതൊരു ഫണ്‍ ആയി കാണൂ... പണത്തെ ദൈവമായി കണ്ടാല്‍ ആളുകള്‍ നശിക്കും...'' മതിലുകളില്‍ വരയ്ക്കുന്നത് എന്തിനെന്നുള്ള ചോദ്യത്തിനുള്ള ജോണിന്റെ ഉത്തരമായിരുന്നു അത്.

മറെയെ അറിയാം

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സ്വദേശിയായ ജോണ്‍ വിചിത്രമുഖങ്ങളുള്ള പക്ഷികളുടെയും മൃഗരൂപങ്ങളുടെയും രചനകള്‍കൊണ്ട് പ്രശസ്തനാണ്. റിയലിസ്റ്റ് ലാന്‍ഡ്സ്‌കേപ്പുകളും വരയ്ക്കുന്നു. ഏതു രാജ്യത്തുചെന്നാലും അവിടത്തുകാരുടെ ഇഷ്ടങ്ങളാണ് മതിലുകളില്‍ വരച്ചിടുക. ഇന്ത്യയില്‍ ക്രിക്കറ്റ് മതമാണെന്ന് മനസ്സിലാക്കിയാണ് ആ വര. അക്രിലിക് വര്‍ണങ്ങളിലാണ് വരകള്‍. രാവിലെ ആറരമുതല്‍ നിറങ്ങളും ബ്രഷുകളുമായി ജോണിനെയും വിക്കിയെയും ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും തെരുവുകളില്‍ കാണാം.

Content Highlights: painter john murrays paintings in kochi