'കാട്ടുപൂക്കളുടെ ഓണക്കാലം, ഗന്ധകശാല കതിരിട്ടാല്‍ ഒരു കിലോമീറ്ററോളം സുഗന്ധമെത്തും'

പോയകാലത്തിന്റെ ഓര്‍മകളില്‍ കര്‍ഷകനാടിന് ഓണം സമൃദ്ധിയുടേതാണ്. അത്രയധികം ഈ നാടുമായി ഇണങ്ങിയ കാര്ഷികപാരമ്പര്യങ്ങളില് ഓണം നിറങ്ങളില്‍ നിറയുന്നു. പദ്മശ്രീ ജേതാവ് ചെറുവയല്‍ രാമന് ഓണവിശേഷങ്ങള്‍ പങ്കുവെക്കുന്നു
ഓണം അന്നും തറവാട്ടില്‍ തന്നെയായിരുന്നു. തറവാടെന്നാല്‍ ഒന്നും രണ്ടുമല്ല, ഒരുപാട് കുടുംബങ്ങള്‍ ഒന്നിച്ചുകഴിയുന്നതായിരുന്നു. കര്‍ക്കടകത്തിലെ കറുത്തിരുണ്ട മഴക്കാലം കഴിഞ്ഞ് ചിങ്ങ വെയിലെത്തുമ്പോള്‍ ഉത്സവ പ്രതീതിയിലായിരിക്കും വയനാടിന്റെ മനസ്സു മുഴുവന്‍. പൂക്കുടയും ഊഞ്ഞാലാട്ടവുമായി ഗ്രാമങ്ങള്‍ വരച്ചിട്ട ഓണക്കാഴ്ചകളില്നിന്നും കാലം ഏറെ മുന്നോട്ടുവന്നെങ്കിലും ഇതെല്ലാം മായാതെ മുന്നിലുണ്ട്. മുത്താറിയും ചാമയും വയനാടിന്റെ കൃഷിയിടങ്ങളില്‍ ഒരുകാലത്ത് കൃഷിചെയ്തിരുന്നു. ആരോഗ്യദായകമായ ഒരു ഭക്ഷ്യസംസ്കാരം ഇവിടെയുണ്ടായിരുന്നു.
ഗന്ധകശാല കതിരിട്ടാല്‍ ഒരു കിലോമീറ്ററോളം സുഗന്ധമെത്തും. വയനാടിന് ഇന്ന് നഷ്ടമായ തനതുവിത്തിനങ്ങളില് ഇവയെല്ലാം പെട്ടുപോയി. വിശാലമായ നെല്‍വയലുകളും തിമിര്‍ത്തുപെയ്യുന്ന മഴയും കൊടുംതണുപ്പും മഞ്ഞുമായിരുന്നു വയനാടിന്റെ ചിത്രം. കാര്‍ഷികജീവിതത്തിന്റെ ആരവങ്ങള്‍ നിലയ്ക്കാത്ത ഗ്രാമങ്ങള്‍ മുതിര്‍ന്നവരുടെ ഓര്‍മകളില്‍ ഇപ്പോഴുമുണ്ട്.
വൃശ്ചികം കഴിയുന്നതിനുമുമ്പ് കര്ഷകത്തറവാട്ടിലെ ധാന്യപ്പുരകള്‍ സമൃദ്ധമാകും. പത്തായത്തിലെ അറകളില്‍ തൊണ്ടി, വെളിയന്‍, ഗന്ധകശാല, ചോമാല തുടങ്ങി വേറെ വേറെ നെല്ലുകള്‍ ഒരുവര്‍ഷത്തെ ആവശ്യത്തിനായി മുന്‍തലമുറ ശേഖരിച്ചുവെക്കും. ഒന്നിനും മറുനാട്ടുകാരെ ആശ്രയിക്കേണ്ടിവന്നിട്ടില്ലാത്ത ഓണക്കാലമാണ് മുതിര്‍ന്നതലമുറയുടെ മനസ്സിലുള്ളതെന്ന് പദ്മശ്രീ അവാര്‍ഡ് ജേതാവായ കമ്മന ചെറുവയല്‍ രാമന് പറയുന്നു.
കൃഷി നടത്താന്‍ പണിയാളുകളും ധാരാളമുണ്ടായിരുന്നു. കന്നുകാലികളും കര്‍ഷകഭവനങ്ങളില്‍ യഥേഷ്ടമുണ്ട്. ജൈവരീതിയിലുള്ള കൃഷിനടത്താന്‍ ഇതൊക്കെ ധാരാളമായി. കടംകൊടുത്തും തിരിച്ചുവാങ്ങിയും നെല്ല് എന്ന സമ്പാദ്യത്തെ ജീവിതത്തിലേക്ക് കൂട്ടിയിണക്കിയിരുന്നു. ഗ്രാമങ്ങള്‍തോറും ജന്മികള് കടംകൊടുക്കാനും കടംകൊടുത്തത് തിരികെവാങ്ങാനും കൂറ്റന്‍ അറപ്പുരകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
ഒരു വേലിക്കെട്ടിനകത്ത് രാത്രികാലങ്ങളില്‍ കന്നുകാലികളെ സൂക്ഷിക്കുന്ന പിടാവുകളും വയനാടിന്റെ സ്വന്തം കാഴ്ചയായിരുന്നു. കുടുംബത്തിലെ അംഗങ്ങളെല്ലാം കൃഷി തൊഴിലാക്കിയവരാണ്. കൊയ്തൊഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ പച്ചക്കറിക്കൃഷിയും മുടങ്ങാതെ നടന്നിരുന്നു.
കാലം മാറി ഓണവും മാറുന്നു
പണ്ടൊക്കെ ഞങ്ങള്‍ കുട്ടികളെല്ലാം പൂക്കള്‍തേടി കാടു കയറുമായിരുന്നു. ഇന്ന് തലമുറകള്‍ അങ്ങാടിയിലാണ് പൂക്കള്‍ തിരയുന്നത്. കൊങ്ങിണിക്കാടുകളും കടന്ന് കൈക്കുടന്ന നിറയെ പൂക്കളുമായെത്തുന്ന കുട്ടികള്‍ക്ക് പൂപറിക്കലും ആവേശമായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്കുണ്ടോ അങ്ങനെയൊരു ഓണം.
തറവാട്ടില്‍ അച്ഛനും അമ്മയും മുത്തച്ഛനും അമ്മാവനും മരുമക്കളുമെല്ലാം ഉണ്ടായിരുന്ന ആ കാലത്തില്‍ ആഘോഷം എല്ലാവരുടേതുംകൂടിയാണ്. ഓണമാകുന്നതിനുമുമ്പേ വയല്‍പ്പണികള്‍ തീര്‍ക്കുകയെന്നതും ശീലമായിരുന്നു. ഇന്ന് ഓണമെത്തിയിട്ടും വയലില്‍ വിത്ത് പാകാന്പോലുംകഴിയാത്ത സാഹചര്യമാണുള്ളത്.
Content Highlights: padmashri winner cheruvayal raman shares his onam memories