അവിവാഹിതയായ അമ്മ,'ഞാൻ ആരെയും സിംഗിൾ മദർ ആകാൻ പ്രോത്സാഹിപ്പിക്കില്ല'-നീന ഗുപ്ത

neena gupta|photo:AFP
neena gupta|photo:AFP

മൂഹത്തിന്റെ പരമ്പരാഗത ചട്ടക്കൂടുകളെയും വിലക്കുകളെയും കാറ്റിൽപ്പറത്തി സ്വന്തം വ്യവസ്ഥകളിൽ ജീവിച്ചു കാണിച്ച ധീരയായ സ്ത്രീയാണ് ബോളിവുഡ് നടി നീന ഗുപ്ത. എൺപതുകളിൽ, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്‌സിനെ പ്രണയിച്ച നീന, വിവാഹിതയാകാതെ മകൾ മസാബ ഗുപ്തയ്ക്ക് ജന്മം നൽകുകയും വളർത്തുകയും ചെയ്തത് അക്കാലത്ത് വലിയ വാർത്തയായിരുന്നു. എന്നാൽ, സ്വന്തം ജീവിത അനുഭവങ്ങളുടെ വെളിച്ചത്തിൽ, സിംഗിൾ മദർഹുഡ് എന്ന വഴി താൻ ഒരിക്കലും മറ്റു സ്ത്രീകൾക്ക് ഉപദേശിക്കില്ലെന്നും അത് അതികഠിനമായ ഒന്നാണെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് നീന ഗുപ്ത. ഒരു അഭിമുഖത്തിലാണ് സിംഗിൾ മദർഹുഡിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും, മകൾ മസാബ ഗുപ്തയെ വളർത്തിയപ്പോൾ താൻ അനുഭവിച്ച മാനസിക-സാമൂഹിക വെല്ലുവിളികളെക്കുറിച്ചും താരം മനസ്സുതുറന്നത്.

ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്തുന്നതിനെക്കുറിച്ച് നീന ഗുപ്തയുടെ വാക്കുകൾ വളരെ വ്യക്തമായിരുന്നു. 'ഒരു സിംഗിൾ മദർ ആകാൻ ഞാൻ ആരെയും ഉപദേശിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ഇല്ല. കാരണം അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു കുട്ടിക്ക് അമ്മയുടെയും അച്ഛന്റെയും സാന്നിധ്യം ഒരുപോലെ ആവശ്യമാണ്. കുട്ടിയുടെ വ്യക്തിത്വ വികാസത്തിന് രണ്ടുപേരുടെയും ശ്രദ്ധയും സ്‌നേഹവും അത്യന്താപേക്ഷിതമാണെന്നും നീന പറഞ്ഞു.

സാമൂഹികമായ സമ്മർദ്ദങ്ങളും സാമ്പത്തിക-മാനസിക ബാധ്യതകളും ഒറ്റയ്ക്ക് ചുമലിലേറ്റേണ്ടി വരുന്നതാണ് ഒരു സിംഗിൾ മദറെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. എൺപതുകളിൽ ഒരു അവിവാഹിതയായ അമ്മയായി സമൂഹത്തെ നേരിടുക എന്നത് എത്രത്തോളം പ്രയാസകരമായിരുന്നുവെന്ന് നീന ഓർത്തെടുത്തു. തന്റെ ആ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങൾ താൻ മാത്രമല്ല, മകൾ മസാബയും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.

തന്റെ ജീവിതത്തിൽ എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിന്നപ്പോഴും, അതിന്റെ വഴിയിൽ നേരിട്ട അപമാനങ്ങളും ഒറ്റപ്പെടലുകളും നീന മറച്ചുവെച്ചില്ല. അച്ഛൻ കൂടെയില്ലാതെ ഒരു കുട്ടിയെ വളർത്തുമ്പോൾ സമൂഹത്തിൽ നിന്നും സ്‌കൂളുകളിൽ നിന്നും നേരിടേണ്ടി വരുന്ന ചോദ്യങ്ങൾ മകൾ മസാബയെ മാനസികമായി ബാധിച്ചിരുന്നു.'ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അച്ഛനില്ലാതെ വളരുക എന്നത് വലിയൊരു കുറവാണ്. ഞാൻ എനിക്കാലോചിക്കാവുന്നതിന്റെ പരമാവധി സ്‌നേഹവും സംരക്ഷണവും മസാബയ്ക്ക് നൽകിയിട്ടുണ്ട്. എങ്കിലും, ഒരു അച്ഛന്റെ സ്ഥാനവും സാന്നിധ്യവും പകരമാവില്ല,' നീന പറഞ്ഞു. അക്കാലത്ത് തന്റെ തീരുമാനത്തോട് സമൂഹം കാണിച്ച നിഷേധാത്മകമായ നിലപാടുകൾക്കിടയിലും തളരാതെ മകളെ പ്രശസ്തയായ ഫാഷൻ ഡിസൈനറും നടിയുമായി വളർത്തിയെടുക്കാൻ നീനയ്ക്ക് സാധിച്ചെങ്കിലും, ആ യാത്ര അത്ര എളുപ്പമായിരുന്നില്ല.ഒരു അച്ഛന്റെ സാന്നിധ്യമില്ലാതെ മകളെ വളർത്തേണ്ടി വന്നതിൽ മസാബയോട് താൻ മാപ്പ് ചോദിച്ചിട്ടുണ്ടെും അവർ വെളിപ്പെടുത്തി. ഇന്നത്തെ സമൂഹത്തിൽ സിംഗിൾ മദർഹുഡ് കൂടുതൽ സ്വീകരിക്കപ്പെടുന്നുണ്ടെങ്കിലും, അതിന്റെ ഉള്ളിലെ കഠിനമായ യാഥാർത്ഥ്യങ്ങളെ മൂടിവെക്കാൻ നീന തയാറല്ല. സിനിമയിലും ജീവിതത്തിലും തന്റേതായ നിലപാടുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച നീന ഗുപ്ത, പ്രായത്തെ തോൽപ്പിക്കുന്ന അഭിനയ മികവോടെ ബോളിവുഡിൽ രണ്ടാം വരവിലൂടെ വലിയ മുന്നേറ്റമാണ് നടത്തുന്നത്.

Content Highlights: Neena Gupta admitted she does not encourage or advise other women to become single mothers due to the extreme difficulties., She highlighted the necessity of both parents' presence for a child's proper development., Reflected on the immense social pressure, financial burden, and emotional challenges of raising Masaba Gupta in the 1980s.