അഴുക്കും ദാരിദ്ര്യവും ബാധിച്ചിരുന്നവരാണെങ്കിലും എല്ലാവരും പരസ്പരം താങ്ങായിരുന്നു

മോഡലും നടിയുമായ നര്‍ഗീസ് ഫക്രിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകരുടെ ചര്‍ച്ചാവിഷയം. തന്റെ കുട്ടിക്കാലത്തെ ചിത്രവും അവയ്‌ക്കൊപ്പം നല്‍കിയ ക്യാപ്ഷനുമാണ് ശ്രദ്ധേയമായിരിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങള്‍ക്കുവേണ്ടി ഗവണ്‍മെന്റും മറ്റും നിര്‍മിക്കുന്ന പൊതുവീടുകളിലെ ജീവിതത്തെ പറ്റിയാണ് ആ ഓര്‍മക്കുറിപ്പ്. തങ്ങളുടെ ആ ജീവിതം അഴുക്കും ദാരിദ്ര്യവും നിറഞ്ഞതായിരുന്നെങ്കിലും എല്ലാവരും പരസ്പരം താങ്ങും തണലുമായിരുന്നു എന്നാണ് താരം കുറിക്കുന്നത്.
' ഒരു ചെറിയ ഓര്‍മ പങ്കുവയ്ക്കുകയാണ്. ഇത് എന്റെ കുടുംബമാണ്. ഇത്തരം പൊതുവീടുകളിലെ ജീവിതം അത്ര സുഖകരമല്ല, എന്നാല്‍ അതായിരുന്നു ഏറ്റവും നല്ല നിമിഷങ്ങള്‍. അഴുക്കും ദാരിദ്ര്യവും ബാധിച്ചിരുന്നവരാണെങ്കിലും പരസ്പരം താങ്ങായിരുന്നു എല്ലാവരും. ചില സമയങ്ങളില്‍ ഭക്ഷണം പോലും ഇല്ലാതിരുന്നിട്ടുണ്ട്. ഒരു മുട്ടയും അല്‍പം പാലും പങ്കുവച്ച് കഴിച്ചിട്ടുണ്ട്. ഞങ്ങളെല്ലാം ഒരു കുടുംബമായിരുന്നു, പരസ്പരം കരുതലുണ്ടായിരുന്നു.' നര്‍ഗീസ് തന്റെ കുടുംബത്തിന്റെ ചിത്രത്തോടൊപ്പം കുറിക്കുന്നത് ഇങ്ങനെ.
നര്‍ഗീസ് മോഡലിങ്ങ് കരിയര്‍ തുടങ്ങിയത് പതിനാറാം വയസ്സിലാണ്. പിന്നീട് നിരവധി സിനിമകളില്‍ വേഷമിട്ടു. താന്‍ കരിയറിനെ പറ്റി മാത്രമല്ല ജീവിതത്തെ പറ്റിയും വലിയ സ്വപ്‌നങ്ങള്‍ കാണാറുണ്ടെന്ന് നര്‍ഗീസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Content Highlights: Nargis Fakhri reminisces about growing up in public housing projects
Content Highlights: