'സ്വയം സമയം കണ്ടെത്തുന്നത് സ്വാർത്ഥതയല്ല: 57ാം വയസ്സിൽ 3 ഗിന്നസ് റെക്കോർഡുകളും 24 മാരത്തണുകളും നേടി ക്രാന്തി

പ്രായമെന്നത് കേവലം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച വ്യക്തിയാണ് മുംബൈ സ്വദേശിയായ 57-കാരി ക്രാന്തി സാൽവി. നാൽപ്പതുകളിലേക്ക് കടന്ന ശേഷമാണ് ക്രാന്തി റണ്ണിംഗ് ട്രാക്കിലേക്ക് എത്തുന്നതെന്ന യാഥാർത്ഥ്യം ഏവരെയും അത്ഭുതപ്പെടുത്തും. ഇന്ന് മൂന്ന് ഗിന്നസ് ലോക റെക്കോർഡുകളും, 24 ഫുൾ മാരത്തണുകളും, ഹൈറോക്‌സ് ചാമ്പ്യൻഷിപ്പ് കിരീടവും സ്വന്തം പേരിൽ കുറിച്ച ഈ കായികതാരം ആരോഗ്യവും ഫിറ്റ്‌നസും കൈവരിക്കുന്നതിന് പ്രായപരിധിയില്ലെന്ന് അടിവരയിട്ടു പറയുന്നു. അത്‌ലറ്റായ ക്രാന്തിയുടെ നേട്ടങ്ങൾ കേവലം ഓട്ടമത്സരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല മനസ്സുവെച്ചാൽ ഏത് പ്രായത്തിലും പുതിയ സ്വപ്നങ്ങൾ കൈപ്പിടിയിലൊതുക്കാമെന്നും ഓർമ്മിപ്പിക്കുകയാണ് ഈ മുംബൈക്കാരി
സ്‌കൂൾ ട്രാക്കിൽ നിന്ന് ലോക മാരത്തണുകളിലേക്ക്
സ്‌കൂളിൽ പഠിക്കുമ്പോളേ അത്ലറ്റിക്സിൽ താല്പര്യമുണ്ടായിരുന്ന ക്രാന്തി, പിന്നീട് കുടുംബ ജീവിതത്തിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും മാറിയതോടെ കായികരംഗത്ത് നിന്നും അകന്നുമാറി. എന്നാൽ നാൽപ്പതുകളിലേക്ക് കടന്നതോടെയാണ് അവർ വീണ്ടും റണ്ണിംഗ് ഷൂസ് അണിയാൻ തീരുമാനിച്ചത്. കുട്ടികളുടെ പരിശീലനം കാണാൻ ട്രാക്കിലെത്തിയ ക്രാന്തി, സ്വയം ഓടാൻ അനുവാദം ചോദിച്ചുകൊണ്ട് തന്റെ രണ്ടാം വരവിന് തുടക്കമിട്ടു . മുംബൈ മാരത്തണിന്റെ പരസ്യം കണ്ടതാണ് അവരെ കൂടുതൽ ദൂരങ്ങളിലേക്ക് ഓടാൻ പ്രചോദിപ്പിച്ചത് . ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ ഏഴ് വേൾഡ് മാരത്തൺ മേജറുകളും പൂർത്തിയാക്കി 'സിക്‌സ് സ്റ്റാർ ഫിനിഷർ'മെഡൽ കരസ്ഥമാക്കാൻ അവർക്ക് സാധിച്ചു ദക്ഷിണാഫ്രിക്കയിലെ വിഖ്യാതമായ 90 കിലോമീറ്റർ കോമ്രേഡ്‌സ് മാരത്തൺ 2019-ൽ പൂർത്തിയാക്കിയതോടെ ആഗോളതലത്തിൽ തന്നെ അറിയപ്പെടുന്ന എൻഡ്യൂറൻസ് അത്‌ലറ്റായി ക്രാന്തി മാറി ഇതുവരെ 24 ഫുൾ മാരത്തണുകളും നൂറിലധികം ഹാഫ് മാരത്തണുകളും അൾട്രാ ഈവന്റുകളും അവർ പൂർത്തിയാക്കിയിട്ടുണ്ട്.
പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് വേഗത്തിൽ മാരത്തൺ പൂർത്തിയാക്കിയതിനാണ് ക്രാന്തി സാൽവിയെ തേടി മൂന്ന് ഗിന്നസ് ലോക റെക്കോർഡുകൾ എത്തിയത് പരമ്പരാഗത വേഷങ്ങളോടുള്ള ആദരവും ഇന്ത്യൻ സംസ്‌കാരത്തിന്റെ മനോഹാരിതയും ലോക കായികവേദിയിൽ ഉയർത്തിക്കാട്ടാൻ അവർ ഈ അവസരം ഉപയോഗിച്ചു .2018-ലെ ബെർലിൻ മാരത്തണിൽ പരമ്പരാഗത ഇന്ത്യൻ സാരി ധരിച്ചാണ് ക്രാന്തി റെക്കോർഡ് കുറിച്ചത് .2022-ൽ ലണ്ടൻ മാരത്തണിൽ പരമ്പരാഗത വെൽഷ് വസ്ത്രം ധരിച്ച് രണ്ടാമത്തെ ഗിന്നസ് നേട്ടം സ്വന്തമാക്കി . 2024-ലെ ടൊറന്റോ വാട്ടർഫ്രണ്ട് മാരത്തണിൽ ജാപ്പനീസ് വസ്ത്രമായ കിമോണോ ധരിച്ചാണ് അവർ മൂന്നാമത്തെ ഗിന്നസ് റെക്കോർഡ് തന്റെ പേരിൽ ചേർത്തത്. ടാറ്റാ മുംബൈ മാരത്തൺ 12 തവണ പൂർത്തിയാക്കി 'ലെജൻഡ്' പട്ടം കരസ്ഥമാക്കിയ ക്രാന്തി, 2025-ൽ മുംബൈയിൽ നടന്ന ഹൈറോക്‌സ് ചാമ്പ്യൻഷിപ്പിൽ സോളോ വിമൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി തനിക്ക് ഫങ്ഷണൽ ഫിറ്റ്‌നസും വഴങ്ങുമെന്ന് തെളിയിച്ചു.
'നിങ്ങൾക്കായി സമയം കണ്ടെത്തുന്നത് സ്വാർത്ഥതയല്ല'
സ്ത്രീകൾ പലപ്പോഴും കുടുംബത്തിനും കുട്ടികൾക്കും വേണ്ടി സ്വന്തം ആരോഗ്യവും സന്തോഷവും മാറ്റിവെക്കുന്നതിനെക്കുറിച്ച് ക്രാന്തി സാൽവിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട് 'വർഷങ്ങളോളം ഞാനും കുടുംബത്തിന് മുൻഗണന നൽകി എന്നെത്തന്നെ മറന്നിരുന്നു .എന്നാൽ സ്വന്തം ആരോഗ്യത്തിനായി സമയം കണ്ടെത്തുന്നത് സ്വാർത്ഥതയല്ല, മറിച്ച് അത് അത്യാവശ്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു നമ്മൾ ആരോഗ്യമുള്ളവരായിരിക്കുമ്പോൾ മാത്രമാണ് നല്ലൊരു അമ്മയാകാനും ഭാര്യയാകാനും സാധിക്കുന്നത് ' ക്രാന്തി ഒരു അഭിമുഖത്തിൽ പറഞ്ഞു.തങ്ങളുടെ അമ്മമാർ സ്വന്തം ആരോഗ്യത്തിന് മുൻഗണന നൽകുന്നത് കാണുമ്പോൾ പെൺമക്കളും ആ ശീലം ജീവിതത്തിൽ പകർത്തുമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഓട്ടം മാത്രമല്ല, ജിം, സുംബ, നീന്തൽ, സൈക്ലിംഗ് അല്ലെങ്കിൽ ലളിതമായ നടത്തം എന്നിവയിലേതെങ്കിലും ഒന്ന് ജീവിതത്തിന്റെ ഭാഗമാക്കാനും അവർ പറയുന്നു.
സ്ത്രീകളും സ്‌ട്രെങ്ത് ട്രെയിനിംഗും
അൻപതുകളിലും അറുപതുകളിലും നിൽക്കുന്ന സ്ത്രീകളോട് 'ഇതൊക്കെ ഈ പ്രായത്തിൽ വേണോ?' എന്ന് ചോദിക്കുന്നവർക്ക് തന്റെ പ്രവൃത്തിയിലൂടെയാണ് ക്രാന്തി മറുപടി നൽകുന്നത് ഭാരം ഉയർത്തുന്നത് സ്ത്രീകളുടെ ശരീരം ആണുങ്ങളെപ്പോലെയാക്കും എന്ന ധാരണ പൂർണ്ണമായും തെറ്റാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.സ്‌ട്രെങ്ത് ട്രെയിനിംഗ് ശരീരത്തിന് പ്രതിരോധശേഷിയും കരുത്തും നൽകുമെന്നും, പരിക്കുകൾ ഒഴിവാക്കാൻ ഇത് ഏറെ സഹായിക്കുമെന്നും അവർ പറഞ്ഞു.മാരത്തൺ ട്രാക്കുകളിൽ മാത്രമല്ല, പരിസ്ഥിതി സംരക്ഷണം, ബീച്ച് ക്ലീനിംഗ്, മരങ്ങൾ നടൽ തുടങ്ങിയ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ് ക്രാന്തി. അൻപത് വയസ്സിന് മുകളിലുള്ള ആയിരക്കണക്കിന് സ്ത്രീകൾക്ക് ആരോഗ്യകരവും ആത്മവിശ്വാസമുള്ളതുമായ ഒരു ജീവിതശൈലി പട്ടിപ്പടുക്കാൻ പ്രചോദനമേകുന്ന ക്രാന്തി സാൽവി, ജീവിതം തുടങ്ങാൻ ഏതു പ്രായവും അനുയോജ്യമാണെന്ന് ഉറക്കെ പറയുകയാണ്.
Content Highlights: 57-year-old Kranti Salvi holds 3 Guinness World Records and has completed 24 full marathons., Started her running journey seriously after entering her 40s., Set records running in traditional attire including a saree, Welsh costume, and kimono., Advocates for women's health, strength training, and proving age is just a number.