തന്നേക്കാൾ പ്രായം കുറഞ്ഞ നടനുമായുള്ള പ്രണയം, വിട്ടൊഴിയാത്ത വിവാദങ്ങൾ; 53-ാം ജന്മദിനം ആഘോഷിച്ച് മലൈക അറോറ

malaika arora|photo:instagram.com/malaikaaroraofficial/?hl=en
malaika arora|photo:instagram.com/malaikaaroraofficial/?hl=en

ബോളിവുഡിൽ ഫാഷന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് മലൈക അറോറ. സിനിമയിലെ നൃത്തങ്ങളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രശസ്തയായ മലൈകയുടെ വ്യക്തിജീവിതവും പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. അർബാസ് ഖാനുമായുള്ള 19 വർഷത്തോളം നീണ്ട ദാമ്പത്യം, വിവാഹമോചനം, അർജുൻ കപൂറുമായുള്ള പ്രണയം, പിന്നീട് പുറത്തുവന്ന പുതിയ പ്രണയവാർത്തകൾ എന്നിവയെല്ലാം എന്നും വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.ഒക്ടോബർ 23ന്, 53-ാം ജന്മദിനം ആഘോഷിക്കുകയാണ് മലൈക. ഈ അവസരത്തിൽ താരത്തിന്റെ പ്രണയജീവിതവും മകൻ അർഹാൻ ഖാനുമായുള്ള തുറന്ന സംഭാഷണവും വീണ്ടും ശ്രദ്ധ നേടുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

'ഛയ്യ ഛയ്യ'യിലൂടെ ബോളിവുഡിന്റെ പ്രിയതാരമായി

1973 ഒക്ടോബർ 23ന് മഹാരാഷ്ട്രയിലെ താനെയിലാണ് മലൈക അറോറ ജനിച്ചത്. മോഡലിങ്ങിലൂടെയും ടെലിവിഷനിലൂടെയുമായിരുന്നു കരിയറിന്റെ തുടക്കം.1998ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം 'ദിൽ സേ'യിലെ 'ഛയ്യ ഛയ്യ' എന്ന ഗാനത്തിലെ നൃത്തമാണ് മലൈകയ്ക്ക് രാജ്യവ്യാപകമായ പ്രശസ്തി നേടിക്കൊടുത്തത്. പിന്നീട് 'മുന്നി ബദ്‌നാം ഹുയി' ഉൾപ്പെടെയുള്ള ഗാനങ്ങളിലൂടെയും താരം ശ്രദ്ധ നേടി. റിയാലിറ്റി ഷോകളിലെ വിധികർത്താവായും ഫാഷൻ, ഫിറ്റ്‌നസ് രംഗങ്ങളിലെ സജീവ സാന്നിധ്യമായും മലൈക തന്റെ സ്ഥാനം ഉറപ്പിച്ചു. എന്നാൽ കരിയറിനൊപ്പം താരത്തിന്റെ വ്യക്തിജീവിതവും വാർത്തകളിൽ നിറഞ്ഞുനിന്നു.

പരസ്യചിത്രീകരണത്തിനിടെ പരിചയം;അർബാസ് ഖാനുമായി വിവാഹം

ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് മലൈകയും നടനും നിർമാതാവുമായ അർബാസ് ഖാനും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. 1998 ഡിസംബർ 12ന് ഇരുവരും വിവാഹിതരായി.ബോളിവുഡിലെ ശ്രദ്ധേയ താരദമ്പതികളിലൊന്നായിരുന്നു മലൈകയും അർബാസും. ഇവരുടെ മകനാണ് അർഹാൻ ഖാൻ.വർഷങ്ങളോളം ഒരുമിച്ച് ജീവിച്ചെങ്കിലും പിന്നീട് ഇരുവരുടെയും ബന്ധത്തിൽ പ്രശ്‌നങ്ങൾ ഉടലെടുത്തു. 2016 മാർച്ചോടെ വേർപിരിയലിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നു. 2017 മേയ് 11ന് മുംബൈയിലെ ബാന്ദ്ര കുടുംബകോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചു.പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം. എന്നാൽ ആ തീരുമാനം വൈകാരികമായി എളുപ്പമായിരുന്നില്ലെന്ന് മലൈക പിന്നീട് അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.വിവാഹമോചനത്തിനുശേഷം അർബാസ് ഖാൻ മേക്കപ്പ് ആർട്ടിസ്റ്റായ ഷുറ ഖാനെ വിവാഹം ചെയ്തു.

അർജുൻ കപൂറുമായി ആറുവർഷത്തെ പ്രണയം

അർബാസ് ഖാനുമായി വേർപിരിഞ്ഞതിനുശേഷമാണ് മലൈകയുടെ പേര് നടൻ അർജുൻ കപൂറുമായി ചേർത്ത് വാർത്തകളിൽ വരാൻ തുടങ്ങിയത്. പാർട്ടികളിലും സിനിമാ പരിപാടികളിലും അവധിയാഘോഷങ്ങളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. തുടക്കത്തിൽ പ്രണയത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ലെങ്കിലും പിന്നീട് ബന്ധം തുറന്നുപറഞ്ഞു. 2018-ഓടെയാണ് ഇരുവരും പ്രണയത്തിലായതെന്നാണ് മാധ്യമറിപ്പോർട്ടുകൾ. 2019-ൽ അർജുന്റെ ജന്മദിനത്തിൽ മലൈക പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് ഇവരുടെ ബന്ധം പരസ്യമാക്കുന്നതിലെ പ്രധാന നിമിഷമായി. ഇരുവരുടെയും പ്രായവ്യത്യാസവും വലിയ ചർച്ചയായിരുന്നു. അർജുനെക്കാൾ പ്രായം കൂടുതലുള്ള മലൈകയ്ക്ക് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും നേരിടേണ്ടിവന്നു. എന്നാൽ ഇത്തരം അഭിപ്രായങ്ങൾ തങ്ങളുടെ ബന്ധത്തെ ബാധിക്കുന്നില്ലെന്ന നിലപാടിലായിരുന്നു ഇരുവരും. വിവാഹിതരാകുമെന്ന വാർത്തകളും പലതവണ പ്രചരിച്ചു. എന്നാൽ വിവാഹത്തീയതിയോ പദ്ധതികളോ ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. 2024-ലാണ് മലൈകയും അർജുനും തമ്മിൽ അകന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. പൊതുവേദികളിൽ ഇരുവരെയും ഒരുമിച്ച് കാണാതായതോടെ അഭ്യൂഹങ്ങൾ ശക്തമായി.ആദ്യഘട്ടത്തിൽ ഇരുവരും വേർപിരിയലിനെക്കുറിച്ച് പ്രതികരിച്ചില്ല.എന്നാൽ 2024 ഒക്ടോബറിൽ മുംബൈയിൽ നടന്ന രാജ് താക്കറെയുടെ ദീപാവലി പാർട്ടിക്കിടെയാണ് അർജുൻ ബന്ധം അവസാനിച്ചതായി പരസ്യമായി സൂചിപ്പിച്ചത്.ആൾക്കൂട്ടത്തിൽ ചിലർ മലൈകയുടെ പേര് വിളിച്ചപ്പോൾ, 'ഇല്ല, ഞാനിപ്പോൾ സിംഗിളാണ്. സമാധാനപ്പെടൂ' എന്നായിരുന്നു അർജുന്റെ പ്രതികരണം.ഇതോടെ ഏകദേശം ആറുവർഷം നീണ്ട പ്രണയബന്ധം അവസാനിച്ചതായി വ്യക്തമായി.പിന്നീട് സ്വകാര്യജീവിതത്തെക്കുറിച്ച് പൊതുവേദികളിൽ സംസാരിക്കാൻ താൽപര്യമില്ലെന്ന് മലൈക പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾ തുറന്നുപറയുന്നത് അനാവശ്യമായ അഭ്യൂഹങ്ങൾക്ക് വഴിവയ്ക്കുന്നുവെന്നായിരുന്നു താരത്തിന്റെ നിലപാട്.

ഹർഷ് മേത്തയുമായി പുതിയ പ്രണയമോ?

അർജുൻ കപൂറുമായുള്ള വേർപിരിയലിനുശേഷം മലൈകയുടെ പേര് വീണ്ടും പ്രണയവാർത്തകളിൽ ഇടംപിടിച്ചു. 2025 ഒക്ടോബറിൽ മുംബൈയിൽ നടന്ന ഗായകൻ എന്റിക് ഇഗ്ലേഷ്യസിന്റെ സംഗീതപരിപാടിയിൽ മലൈക ഒരു പുരുഷനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. നവംബറിൽ ഇരുവരെയും മുംബൈ വിമാനത്താവളത്തിലും കണ്ടു. മലൈകയ്‌ക്കൊപ്പമുണ്ടായിരുന്നത് വജ്രവ്യാപാരിയായ ഹർഷ് മേത്തയാണെന്നായിരുന്നു ചില മാധ്യമറിപ്പോർട്ടുകൾ. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു. എന്നാൽ പൊതുപരിപാടികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടുവെന്നതല്ലാതെ ഇരുവരും പ്രണയത്തിലാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല.

ഡിനോ മോറിയ മുതൽ സൗരഭ് ബേദി വരെ

നടൻ ഡിനോ മോറിയയുമായും മലൈകയുടെ പേര് ചേർത്ത് പ്രണയവാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുന്ന വിശ്വസനീയമായ തെളിവുകളോ പരസ്യപ്രസ്താവനകളോ പുറത്തുവന്നിട്ടില്ല. പിന്നീട് നടനും മോഡലുമായ സൗരഭ് ബേദിയുമായുള്ള ചിത്രങ്ങളും ചർച്ചയായി. 'സ്പ്ലിറ്റ്‌സ്വില്ല ' എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ സൗരഭ്, മലൈകയുടെ ജുഹുവിലെ റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രചരിച്ചതോടെ പ്രണയവാർത്തകൾ ശക്തമായി.എന്നാൽ താനും മലൈകയും സുഹൃത്തുക്കൾ മാത്രമാണെന്ന് സൗരഭ് വ്യക്തമാക്കി. വർഷങ്ങളായി ഇരുവരും പരസ്പരം അറിയുന്നവരാണെന്നും പൊതുസുഹൃത്തുക്കളിലൂടെയാണ് പരിചയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മുമ്പും മലൈകയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ടെങ്കിലും അന്ന് താൻ അത്ര പ്രശസ്തനായിരുന്നില്ലെന്നും ഇപ്പോൾ ആളുകൾ അതേ ചിത്രങ്ങളെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുകയാണെന്നും സൗരഭ് വിശദീകരിച്ചു. ഇത്തരം അഭ്യൂഹങ്ങളോട് മലൈകയും പ്രതികരിച്ചിരുന്നു. ആരുടെയെങ്കിലും കൂടെ പ്രത്യക്ഷപ്പെട്ടാൽ ഉടൻ പ്രണയവാർത്തകൾ ഉണ്ടാകുന്നത് ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഇത്തരം വാർത്തകൾ കണ്ട് താനും മകൻ അർഹാനും പലപ്പോഴും ചിരിക്കാറുണ്ടെന്നും താരം പറഞ്ഞു.

മകനോട് മലൈകയുടെ ചോദ്യം

മലൈകയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ മറ്റൊരു സംഭവമാണ് മകൻ അർഹാൻ ഖാന്റെ 'ഡം ബിരിയാണി' എന്ന പോഡ്കാസ്റ്റിലെ സംഭാഷണം. 2024 ഏപ്രിലിൽ പുറത്തുവന്ന പരിപാടിയുടെ പ്രൊമോയിലാണ് മലൈക മകനോട് അപ്രതീക്ഷിതമായ ചോദ്യം ചോദിച്ചത്. മറുപടി പറയാൻ താൽപര്യമില്ലെങ്കിൽ പകരം പച്ചമുളകോ 'മിർച്ചി കാ സാലൻ' എന്ന എരിവുള്ള കറിയോ കഴിക്കണം. ഗെയിമിനിടെ മലൈക മകനോട് ചോദിച്ചത്, ''നിന്റെ ബോഡി കൗണ്ട് എത്രയാണ്?'' എന്നായിരുന്നു. ഒരാൾക്ക് എത്ര ലൈംഗിക പങ്കാളികൾ ഉണ്ടായിട്ടുണ്ട് എന്നറിയാനാണ് സാധാരണയായി 'ബോഡി കൗണ്ട്' എന്ന പ്രയോഗം ഉപയോഗിക്കുന്നത്. ഒടുവിൽ ചോദ്യത്തിന് മറുപടി നൽകാതെ അർഹാൻ 'മിർച്ചി കാ സാലൻ' കുടിക്കുകയായിരുന്നു. വ്യക്തിപരമായ ചോദ്യങ്ങൾക്കിടയിൽ അമ്മയുടെ ജീവിതത്തെക്കുറിച്ചും അർഹാൻ സംസാരിച്ചു. ജോലിക്കായി മാത്രം സമയം ചെലവഴിക്കാതെ സ്വന്തം കാര്യങ്ങൾക്കും വിശ്രമത്തിനും മലൈക കൂടുതൽ പ്രാധാന്യം നൽകണമെന്നായിരുന്നു മകന്റെ ഉപദേശം. നിങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്തണം. ജോലിക്കായി ഇത്രയധികം കഷ്ടപ്പെടുന്നത് കുറയ്ക്കണം,'' എന്നായിരുന്നു അർഹാന്റെ നിർദേശം. മകന്റെ അഭിപ്രായത്തോട് മലൈകയും അന്ന് യോജിച്ചു. അമ്മ മകനോട് ചോദിക്കാവുന്ന തരത്തിലുള്ളതല്ല ഈ ചോദ്യങ്ങളെന്നും അന്ന് വിമർശനങ്ങളുയർന്നു. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ ആഴമായും ഇതിനെ വിലയിരുത്തി.

'എന്റെ ജീവിതം പ്രണയബന്ധങ്ങൾ മാത്രമല്ല'

2026 ജനുവരിയിൽ 'ദ നമ്രത സക്കറിയ ഷോ'യിൽ സംസാരിക്കവേ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള നിരന്തരമായ ചർച്ചകളിൽ മലൈക അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പഴയ സുഹൃത്തിനൊപ്പമോ വിവാഹിതനായ സുഹൃത്തിനൊപ്പമോ സ്വന്തം മാനേജർക്കൊപ്പമോ പുറത്തുപോയാലും ആ വ്യക്തിയുമായി തന്നെ ബന്ധപ്പെടുത്തി വാർത്തകൾ വരാറുണ്ടെന്ന് മലൈക പറഞ്ഞു. സ്വകാര്യജീവിതത്തിലേക്കുള്ള ഇത്തരം കടന്നുകയറ്റത്തെ അതിരുകടന്ന ഒളിഞ്ഞുനോട്ടമെന്നാണ് താരം വിശേഷിപ്പിച്ചത്.തന്റെ ജീവിതം പ്രണയബന്ധങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മറ്റുള്ളവർക്കുമുന്നിൽ ഒന്നും തെളിയിക്കേണ്ട ആവശ്യം ഇപ്പോൾ തോന്നുന്നില്ലെന്നും മലൈക വ്യക്തമാക്കി.സന്തോഷം നൽകുന്ന ജോലികൾ ചെയ്യാനാണ് താൽപര്യം. തന്റെ വ്യക്തിത്വത്തെ പ്രണയബന്ധങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തരുതെന്നും താരം ആവശ്യപ്പെട്ടു. അർജുനുമായുള്ള വേർപിരിയലിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഒരു ബന്ധം അവസാനിച്ചാൽ ദേഷ്യവും സങ്കടവും നിരാശയും സ്വാഭാവികമാണെന്നും കാലക്രമേണ അതിൽനിന്ന് മുന്നോട്ടുപോകേണ്ടതുണ്ടെന്നും മലൈക അഭിപ്രായപ്പെട്ടു.

Content Highlights: Malaika Arora's journey in Bollywood, from the iconic song 'Chhaiya Chhaiya' to her thriving career as a fitness icon at 53., Details of her past marriages, high-profile relationships, including Arjun Kapoor, and recent rumors., The viral podcast moment where Malaika asked her son Arhaan Khan about his body count., Malaika's recent 2026 statements addressing constant media scrutiny over her personal life