4,000 രൂപ വരെ വിലയുള്ള താമരയും ആമ്പലും; ഇത് അഞ്ജലിയുടെ വിജയഗാഥ

#എം. മണികണ്ഠന്‍
അഞ്ജലി താമരക്കൃഷിയിടത്തിൽ | Photo: Mathrubhumi
അഞ്ജലി താമരക്കൃഷിയിടത്തിൽ | Photo: Mathrubhumi

അപൂര്‍വമായി പൂക്കുന്ന സഹസ്രദളപത്മം, പുതിയ ഇനങ്ങളായ കാവേരിയും ലക്ഷ്മിയും... താമരക്കൃഷിയില്‍ വിജയം കൊയ്യുകയാണ് 28-കാരിയായ പാലക്കാട്‌ പിരായിരി ചുങ്കത്ത് നെടുങ്ങോട് വീട്ടില്‍ അഞ്ജലി. രണ്ടുവര്‍ഷംമുമ്പ് അഞ്ജലി ചെറിയതോതില്‍ തുടങ്ങിയ താമരക്കൃഷിയിലെ വിവിധയിനങ്ങള്‍ തേടി ഇന്ന് സംസ്ഥാനങ്ങളുംകടന്ന് ആളുകളെത്തുന്നു. കേരളത്തില്‍നിന്നാണ് ആദ്യഘട്ടത്തില്‍ ആവശ്യക്കാര്‍ വന്നതെങ്കില്‍ പിന്നെയത് മഹാരാഷ്ട്ര, യു.പി., തെലങ്കാന, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങി ഉത്തരാഖണ്ഡ് വരെ എത്തിനില്‍ക്കുകയാണ്.

മഹാമാരിക്കാലത്ത് ഭര്‍ത്താവിന്റെ വരുമാനം നിന്നതോടെയാണ് അഞ്ജലി താമരക്കൃഷിയില്‍ സജീവമാകുന്നത്. വീടിന്റെ മട്ടുപ്പാവിലാണ് ആദ്യം താമരക്കൃഷി ചെയ്തിരുന്നത്. അവ പൂക്കുമ്പോള്‍ അത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് പതിവ്. ഇതിലൂടെ ഒട്ടേറെ ആവശ്യക്കാര്‍ താമരയ്ക്കും ആമ്പലിനുമായി എത്തിത്തുടങ്ങിയെന്ന് അഞ്ജലി പറയുന്നു.

തുടര്‍ന്ന്, താമരയിലെയും ആമ്പലിലെയും കൂടുതല്‍ ഇനങ്ങള്‍ ശേഖരിച്ചുതുടങ്ങി. ഇന്ന് നൂറിലധികം താമരയിനങ്ങളും 45-ഓളം ആമ്പല്‍ ഇനങ്ങളും അഞ്ജലിയുടെ കൃഷിയിടത്തിലുണ്ട്. 20 സെന്റ് സ്ഥലത്താണ് ഇപ്പോള്‍ താമരക്കൃഷി.

വെള്ള, മഞ്ഞ, ചുവപ്പ് നിറത്തിലുള്ള താമരയ്ക്കും ആമ്പലിനുമാണ് ആവശ്യക്കാര്‍ കൂടുതല്‍. നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ചെടിയെങ്കില്‍ അഞ്ചുദിവസംമുതല്‍ ഏഴുദിവസംവരെ പൂ വാടാതെനില്‍ക്കുമെന്ന് അഞ്ജലി പറയുന്നു.

150 രൂപമുതല്‍ 4,000 രൂപവരെയാണ് താമര, ആമ്പല്‍ ഇനങ്ങള്‍ക്ക് വില. മാസം 80 മുതല്‍ 100 വരെ താമരയിനങ്ങളാണ് അഞ്ജലിയുടെ വീട്ടില്‍നിന്ന് കയറ്റി അയക്കുന്നത്. ഭര്‍ത്താവ് പ്രസാദും ഇപ്പോള്‍ താമരക്കൃഷിയില്‍ ഒപ്പമുണ്ട്.

Content Highlights: lotus worth up to rupees 4,000 this is anjalis success story