' യുദ്ധം അവസാനിപ്പിച്ചു, ഞാൻ മാറിപ്പോയി'; 50-കളിൽ ഫിറ്റ്നസ് കാഴ്ചപ്പാടുകളെക്കുറിച്ച് ലീസ റേ

പ്രായം അൻപതുകളിലേക്ക് കടക്കുമ്പോൾ ഫിറ്റ്നസ് എന്ന വാക്കിന്റെ നിർവ്വചനം തന്നെ മാറുന്നതിനെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് നടി ലീസ റേ . ഒരുകാലത്ത് ബാഹ്യസൗന്ദര്യത്തിനും സിനിമയുടെയോ ഫാഷൻ ലോകത്തിന്റെയോ ആവശ്യങ്ങൾക്കും വേണ്ടിയായിരുന്നു വ്യായാമം ചെയ്തിരുന്നതെങ്കിൽ, 50-കളിൽ അത് പൂർണ്ണമായും മാറിയെന്ന് താരം തുറന്നുപറയുന്നു.
ശരീരത്തെ കഠിനമായ വ്യായാമങ്ങളിലൂടെ സമ്മർദ്ദത്തിലാക്കുന്നതിനേക്കാൾ, ശരീരത്തിന്റെ ഭാഷ തിരിച്ചറിഞ്ഞ് അതിനെ സ്നേഹിക്കാനും കേൾക്കാനുമാണ് ഇപ്പോൾ താൻ ശ്രമിക്കുന്നതെന്ന് ലീസ ഇൻസ്റ്റാഗ്രാം കുറപ്പിലൂടെ വ്യക്തമാക്കി.
വ്യായാമം വസ്ത്രത്തിന്റെ അളവുകൾക്കല്ലെന്നും ജീവിക്കുന്ന ജീവിതത്തിനുവേണ്ടിയാണെന്നും അവർ പറയുന്നു. യൗവനകാലത്തും മുപ്പതുകളിലും താൻ ചെയ്തിരുന്ന ഫിറ്റ്നസ് രീതികളിൽ നിന്ന് 50-കളിലെ കാഴ്ചപ്പാടുകൾ എങ്ങനെയെല്ലാം വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്ന് ലീസ റേ പോസ്റ്റിൽ പറഞ്ഞു.
'പഴയ കാലങ്ങളിൽ എന്റെ വ്യായാമം കേവലം ബാഹ്യരൂപത്തിന് വേണ്ടിയായിരുന്നു. ഒരു ഡ്രസ്സിൽ കൃത്യമായി ഒതുങ്ങിനിൽക്കാൻ കഴിയുന്നുണ്ടോ? സിനിമാമേഖലയിലെ പ്രതീക്ഷകൾക്ക് ഒത്തുയരാൻ സാധിക്കുന്നുണ്ടോ? എന്നതൊക്കെയായിരുന്നു അന്ന് നോക്കിയിരുന്നത്. എന്നാൽ 50-കളിൽ ഈ കാഴ്ചപ്പാട് പൂർണ്ണമായും മാറി.മുൻപൊക്കെ ശരീരത്തെ പരമാവധി കഠിനമായ വ്യായാമങ്ങളിലേക്ക് തള്ളിവിടുമ്പോഴായിരുന്നു താൻ അതിനെ സന്തോഷിച്ചിരുന്നതെങ്കിൽ, ഇപ്പോൾ സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങളെ ക്ഷമയോടെ കേൾക്കാൻ കഴിയുംമ്പോഴാണ് വിജയമായി കരുതുന്നതെന്ന് താരം പറഞ്ഞു.
ഭാരമേറിയ സൂട്ട്കേസുകൾ സ്വയം എടുത്തുയർത്തുക, കുന്നുകൾ കയറുക, ഇഷ്ടമുള്ളപ്പോൾ നൃത്തം ചെയ്യുക, വീഴ്ചകളോ അപകടങ്ങളോ മൂലം അസ്ഥികൾക്ക് പരിക്കേൽക്കാതെ സംരക്ഷിക്കുകതുടങ്ങി ദൈനംദിന ജീവിതം ആയാസരഹിതമായി നയിക്കാൻ തക്കവണ്ണം ശരീരത്തിന് കരുത്തുണ്ടാക്കുക മാത്രമാണ് ഇപ്പോൾ തന്റെ ലക്ഷ്യമെന്ന് 50-കാരിയായ ലീസ വ്യക്തമാക്കി. പണ്ടത്തെ എപ്പോഴോ ഉള്ള ശരീരത്തിന് വേണ്ടിയല്ല, ഇനി ജീവിക്കാൻ പോകുന്ന ഭാവിജീവിതത്തിന് വേണ്ടിയാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. അതിന് കൃത്യമായ കൺസിസ്റ്റൻസി അനിവാര്യമാണ്. കഠിനമായി വ്യായാമം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് ശരീരത്തിന് ആവശ്യത്തിന് വിശ്രമം നൽകുന്നതും.പോഷകഗുണമുള്ള ആഹാരവും കൃത്യമായ ഉറക്കവും ഫിറ്റ്നസിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്-ലിസ പറഞ്ഞു,
ക്യാൻസർ അതിജീവിതയായ ലീസ റേ, 37-ാം വയസ്സിൽ വന്നെത്തിയ ആർത്തവവിരാമത്തെയും (Chemo-induced menopause) അതിനുശേഷമുള്ള ശാരീരിക മാറ്റങ്ങളെയും കുറിച്ച് മുൻപും തുറന്നുപറഞ്ഞിട്ടുണ്ട്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെ സമാധാനത്തോടെ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും താരം ഊന്നിപ്പറയുന്നു.'എന്റെ ശരീരം മാറി, എന്റെ മുഖം മാറി, ഞാൻ തന്നെ മാറിയിരിക്കുന്നു. എന്നാൽ ഇതിനോടൊന്നും ഞാൻ യുദ്ധം ചെയ്യുന്നില്ല. എന്റെ ശരീരത്തിനൊപ്പം ചേർന്നുനിൽക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അതിനെ കൂടുതൽ കേൾക്കാനും ആഴത്തിൽ സ്നേഹിക്കാനും ഞാൻ പഠിച്ചു,' ലീസയുടെ വാക്കുകളിൽ പ്രായത്തെയും മാറ്റങ്ങളെയും ഒരുപോലെ നെഞ്ചിലേറ്റുന്ന ഒരു വ്യക്തിയുടെ ആത്മവിശ്വാസം വ്യക്തമാണ്. മധ്യവയസ്സിലേക്ക് കടക്കുന്ന സ്ത്രീകൾക്ക് വലിയൊരു പ്രചോദനവും ഉൾക്കാഴ്ചയുമാണ് ലീസ റേയുടെ ഈ പുതിയ ഫിറ്റ്നസ് കാഴ്ചപ്പാട്.
Content Highlights: Lisa Ray shares her evolving fitness philosophy as she enters her 50s., Shifted focus from external appearance and strict fashion standards to inner strength and functional fitness., Emphasizes listening to the body, proper rest, nutritious diet, and adequate sleep., Cancer survivor and advocate for embracing natural body changes and aging with grace.