അന്ന് ഫുഡ് ഡെലിവറി ഏജന്റ്, ഇന്ന് പൈലറ്റ്; ഒന്നാം പേജ് പരസ്യം കൊണ്ട് സൊമാറ്റോയുടെ ആദരം

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ഹൈസില്‍ ജെബിന്‍ | Photo:Instaram/hai_zil
ഹൈസില്‍ ജെബിന്‍ | Photo:Instaram/hai_zil

പ്രതിസന്ധികളുടെ എതിർക്കാറ്റുകളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് തന്റെ ചിരകാല സ്വപ്നമായ ആകാശയാത്രയ്ക്ക് ചിറകുവിരിക്കുകയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ 29-കാരൻ ഹൈസിൽ ജെബിൻ. ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്ത് തുടങ്ങിയ ജീവിതത്തിൽ നിന്നും, കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ ഈ യുവാവിന്റെ പോരാട്ടകഥ ഏവർക്കും പ്രചോദനമാണ്.

കുടുംബഭാരം ചുമലിലേറ്റിയ പഠനകാലം

ഹയർ സെക്കൻഡറി പഠനത്തിനുശേഷം എയർക്രാഫ്റ്റ് എഞ്ചിനീയറിംഗ് പഠിക്കാനായിരുന്നു ഹൈസിലിന്റെ ആഗ്രഹം. എന്നാൽ സാമ്പത്തിക സാഹചര്യങ്ങൾ അതിന് തടസ്സമായതോടെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് പഠനത്തിന് ചേർന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

ബിരുദപഠനം പൂർത്തിയാകാറായ സമയത്താണ് ഹൈസിലിന്റെ ജീവിതത്തെ പിടിച്ചുലച്ച ആ ദുരന്തം സംഭവിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പിതാവിന് ഹൃദയാഘാതമുണ്ടായി. രാവിലെ ജോലിക്കിറങ്ങിയ അച്ഛൻ വീട്ടിലെത്തുന്നത് അബോധാവസ്ഥയിലാണ്, ഇതോടെ കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്തം ഹൈസിലിന്റെ ചുമലിലായി. മുൻസിഫ് കോടതിയിൽ ജോലി ചെയ്തിരുന്ന അമ്മയുടെ വരുമാനംമാത്രം കൊണ്ട് കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. പഠനത്തോടൊപ്പം ഹൈസിൽ ഒരു ഫുഡ് ഡെലിവറി ഏജന്റായി ജോലി തുടങ്ങി. ബിരുദം നേടിയശേഷം ബെംഗളൂരുവിലെ ഒരു എഡ്‌ടെക് കമ്പനിയിൽ അധ്യാപകനായി ജോലി ലഭിച്ചു.

അധ്യാപകനായി ജോലി ചെയ്യുമ്പോഴും പൈലറ്റാവുക എന്ന തന്റെ സ്വപ്നം ഹൈസിൽ ഉപേക്ഷിച്ചിരുന്നില്ല. ഇതിനിടയിൽ ഇന്ത്യൻ ആർമിയിൽ പൈലറ്റായി തിരഞ്ഞെടുക്കപ്പെടാൻ ശ്രമിക്കുകയും പ്രാഥമിക ഘട്ടങ്ങൾ വിജയിക്കുകയും ചെയ്‌തെങ്കിലും അവസാന ഘട്ടത്തിൽ അവസരം നഷ്ടമായി. തോറ്റുകൊടുക്കാൻ ഹൈസിൽ തയ്യാറായിരുന്നില്ല. ശരിയായ സമയം വന്നപ്പോൾ, ലഭിച്ച ജോലി രാജിവെച്ച് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടാൻ അദ്ദേഹം തീരുമാനിച്ചു.

പൈലറ്റ് പരിശീലനത്തിനുള്ള ഭീമമായ ചെലവായിരുന്നു അടുത്ത വലിയ വെല്ലുവിളി. ഏകദേശം 40 ലക്ഷം രൂപ ചെലവ് വരുന്ന 14 മാസത്തെ പരിശീലന കോഴ്സിനായി സ്ഥാപനത്തിൽ നിന്ന് ലഭിച്ച സ്‌കോളർഷിപ്പിനൊപ്പം വിദ്യാഭ്യാസ വായ്പയും തരപ്പെടുത്തിയാണ് ഹൈസിൽ മുന്നോട്ട് പോയത്. ഒടുവിൽ ആ കഠിനാധ്വാനം ഫലം കണ്ടു; ഫിലിപ്പീൻസിൽ നിന്നും അദ്ദേഹം കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

ഹൈസിലിന്റെ നേട്ടം ആഘോഷമാക്കി സൊമാറ്റോ

ചില യാത്രകൾ നമ്മളെ ഒരുകാലത്ത് സ്വപ്നംമാത്രം കണ്ടിരുന്ന ഇടങ്ങളിലേക്ക് എത്തിക്കും. തങ്ങളുടെ മുൻ ഡെലിവറി പങ്കാളിയായിരുന്ന ഹൈസിൽ ജെബിന്റെ ഈ പ്രചോദനാത്മകമായ യാത്രയെ ആഘോഷിച്ചുകൊണ്ട് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയും രംഗത്തെത്തിയത് ഇങ്ങനെ ഒരു കുറിപ്പോടെയാണ്. ഒരു ദേശീയ പത്രത്തിൽ ഫ്രഞ്ച് വിൻഡോ പരസ്യ മാതൃകയിലൂടെയാണ് സൊമാറ്റോ ഹൈസിലിന്റെ വിജയഗാഥ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഏതൊരു വലിയ ആഗ്രഹത്തിനും ചിറകുവിരിക്കാനുള്ള അവസരം ലഭിക്കണമെന്നും, ഹൈസിലിന്റെ ഈ സ്വപ്നയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും സൊമാറ്റോ കുറിച്ചു. ആഗ്രഹങ്ങളെ പിന്തുടരാൻ മനസ്സുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാമെന്ന് തെളിയിക്കുകയാണ് ഈ കൊടുങ്ങല്ലൂരുകാരൻ.

Content Highlights: From a food delivery agent to a licensed commercial pilot, Hysil Jebin's story is a testament to resilience and unwavering determination.