'അടിവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു'; കാസ്റ്റിങ് കൗച്ച്, പീഡനം, വിവാഹത്തിലെ ചതി; കങ്കണയുടെ ജീവിതം

#ലൈഫ്സ്റ്റൈൽ ഡെസ്ക്
കങ്കണ ശര്‍മ്മ|photo:.instagram.com/kangnasharma16/
കങ്കണ ശര്‍മ്മ|photo:.instagram.com/kangnasharma16/

ബോളിവുഡിലെ ഗ്ലാമറിന് പിന്നിലെ കയ്‌പേറിയ യാഥാർത്ഥ്യങ്ങൾ പലപ്പോഴും പുറത്തുവരാറില്ല. അതേക്കുറിച്ച് സംസാരിക്കാനും പൊതുവേ ആരും തയ്യാറാകാറുമില്ല. കടന്നുപോയ പീഡനങ്ങളെയും അളവറ്റ ക്രൂരതകളെയും കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടിയും മോഡലുമായ കങ്കണ ശർമ. ഒരു അഭിമുഖത്തിലാണ് വിനോദ വ്യവസായ മേഖലയിൽ താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും അവർ വെളിപ്പെടുത്തിയത്. 'ദി ഗ്രേറ്റ് ഗ്രാൻഡ് മസ്തി' എന്ന ചിത്രത്തിലൂടെയും നിരവധി ഹിറ്റ് മ്യൂസിക് വീഡിയോകളിലൂടെയും ശ്രദ്ധേയയായ താരമാണ് കങ്കണ.

ഒരു സിനിമയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ മോശമായ അനുഭവമുണ്ടായതായി അവർ തുറന്നുപറഞ്ഞു. ഇൻഡസ്ട്രിയിലുള്ള ഒരാൾ അവരോട് എത്രത്തോളം ബോൾഡ് ആണെന്ന് ചോദിച്ചു. തന്റെ നിലപാടുകളെക്കുറിച്ചും ഓൺസ്ക്രീനിൽ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിൽ പ്രത്യക്ഷപ്പെടാനുള്ള ആത്മവിശ്വാസത്തെക്കുറിച്ചുമാണ് ചോദ്യമെന്ന് കരുതി 'വളരെ അധികം' എന്നാണ് കങ്കണ മറുപടി നൽകിയത്. മറുപടി കേട്ടയുടൻ അയാൾ സങ്കോചമൊന്നുമില്ലാതെ  'എങ്കിൽ നിന്റെ അടിവസ്ത്രം അഴിച്ചു എനിക്ക് തരാമോ?' എന്ന് അവളോട് ചോദിച്ചു. ബോൾഡ് ആയി വസ്ത്രം ധരിക്കുന്ന സ്ത്രീകൾ കാസ്റ്റിംഗ് കൗച്ചിന് എളുപ്പത്തിൽ വഴങ്ങിത്തരുമെന്ന തെറ്റായ ബോധ്യം ഇൻഡസ്ട്രിയിലുള്ള പലർക്കുമുണ്ടെന്നും അവർ തുറന്നടിച്ചു.

വസ്ത്രധാരണത്തിന്റെ പേരിൽ ആളുകൾ ഉണ്ടാക്കിയെടുക്കുന്ന തെറ്റായ ധാരണകളെക്കുറിച്ചും കങ്കണ രൂക്ഷമായ ഭാഷയിൽ സംസാരിച്ചു. ഗ്ലാമറസ് ആയോ ബോൾഡ് ആയോ വസ്ത്രം ധരിക്കുന്ന സ്ത്രീകൾ മോശമാണെന്നും ഇൻഡസ്ട്രിയിലുള്ള പലരും കരുതുന്നു. എന്നാൽ ശരീരം പ്രദർശിപ്പിച്ചതുകൊണ്ട് മാത്രം സിനിമയിൽ അവസരം ലഭിക്കുമായിരുന്നെങ്കിൽ, തെരുവിലെ സ്ത്രീകൾ ഇന്ന് ക്യാമറയ്ക്ക് മുന്നിൽ നായികമാരായി മാറുമായിരുന്നു എന്ന് അവർ പറഞ്ഞു. ഇതിനുപുറമേ, സിനിമാരംഗത്തുള്ള ചിലർ തങ്ങളുടെ വ്യക്തിപരമായ നിരാശകൾ തീർക്കാൻ നടിമാരെ ഫോണിൽ വിളിച്ച് അശ്ലീലം സംസാരിക്കാനും ഫോൺ സെക്‌സിൽ ഏർപ്പെടാനും നിർബന്ധിക്കാറുണ്ടെന്നും അവർ വെളിപ്പെടുത്തി.

ഇത്തരക്കാരുടെ കോളുകൾ കട്ട് ചെയ്യുകയോ വിസമ്മതിക്കുകയോ ചെയ്താൽ, പിന്നെ നടിയോട് വളരെ മോശമായ രീതിയിലായിരിക്കും പെരുമാറുക. അവരെ അപമാനിക്കുകയും അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് പതിവാണെന്നും കങ്കണ വെളിപ്പെടുത്തുന്നു. വലിയ പ്രൊഡക്ഷൻ ഹൗസുകളും എ-ലിസ്റ്റ് താരങ്ങളും ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്ന നടിമാരെ യാതൊരു ബഹുമാനമില്ലാതെയാണ് കാണുന്നതെന്നും ഷൂട്ടിംഗ് സെറ്റുകളിൽ പോലും സംസാരിക്കാൻ മടിക്കാറുണ്ടെന്നും അവർ പറയുന്നു. 

കയ്‌പേറിയ കുട്ടിക്കാലം

ഹരിയാണയിലെ ഒരു സാധാരണ കുടുംബത്തിലാണ് കങ്കണ ജനിച്ചത്. കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. അമിതമായി മദ്യപിക്കുന്ന പിതാവിന്‍റെ പ്രവൃത്തികളാണ് കുടുംബത്തിന്റെ സമാധാനം തകർത്തതെന്ന് അവർ പറഞ്ഞു. ഒരിക്കൽ മദ്യലഹരിയിൽ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് പിതാവിന് ഗുരുതരമായി പൊള്ളലേറ്റതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അതിനുശേഷം നാട്ടിലെ വീടും വസ്തുവകകളും നഷ്ടപ്പെട്ട് അവർക്ക് മറ്റൊരിടത്തേക്ക് മാറേണ്ടിവന്നു. എങ്കിലും പിതാവിന്റെ അക്രമവാസനയ്ക്ക് കുറവുണ്ടായില്ല. രാത്രികാലങ്ങളിൽ മദ്യപിച്ചെത്തി അമ്മയെയും മക്കളെയും ക്രൂരമായി മർദ്ദിക്കുന്നത് പതിവായിരുന്നു.

ഒരിക്കൽ പിതാവിന്റെ മർദ്ദനത്തിൽനിന്ന് അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ് കങ്കണയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരു ഓർമപ്പെടുത്തലായി നട്ടെല്ലിന്റെ അസുഖം ഇന്നും അവരെ വേട്ടയാടുന്നുണ്ടെന്നും കങ്കണ പറയുന്നു. ദാരിദ്ര്യത്തിനും ഗാർഹിക പീഡനങ്ങൾക്കും പുറമേ, സ്വന്തം ബന്ധുവിൽനിന്ന് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമവും കങ്കണയുടെ ബാല്യത്തെ കറുത്ത ഓർമയാക്കി മാറ്റി. അന്ന് ഇതിനെക്കുറിച്ച് ആരോടെങ്കിലും പറയാനുള്ള ധൈര്യമോ സാഹചര്യമോ തനിക്കുണ്ടായിരുന്നില്ലെന്നും അവർ തുറന്നുപറഞ്ഞു.

സഹോദരിയുടെ വേർപാട്

കങ്കണയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖം സ്വന്തം ചേച്ചിയുടെ ദാരുണമായ വേർപാടാണ്. വളരെ ചെറുപ്പത്തിൽതന്നെ ചേച്ചിയെ പിതാവ് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചയക്കുകയായിരുന്നു. അന്ധവിശ്വാസത്തിന്‍റെ മറപറ്റിയുള്ള ദുരാചാരങ്ങളും പെൺവാണിഭ റാക്കറ്റുമുൾപ്പെടെ വിശ്വസിക്കാനാകാത്ത സാഹചര്യങ്ങളാണ് ആ വീട്ടിലുണ്ടായിരുന്നത്. അത് തിരിച്ചറിയാൻ വൈകി, ഒടുവിൽ രോഗാതുരയായ സഹോദരിയ്ക്ക് കൃത്യമായ ചികിത്സ നൽകാൻ കഴിഞ്ഞില്ല. സാമ്പത്തിക ഭദ്രത ഇല്ലാത്തതിനാൽ സ്വന്തം സഹോദരിയെ രക്ഷിക്കാൻ കഴിയാതിരുന്നതിന്റെ കുറ്റബോധം ഇന്നും തനിക്കുണ്ടെന്നും അവർ സങ്കടപ്പെട്ടു.

വിവാഹത്തിലും ചതി

2020-ലാണ് ഒരു കുടുംബ സുഹൃത്തിനെ കങ്കണ വിവാഹം കഴിക്കുന്നത്. എന്നാൽ, അവിടെയും വഞ്ചന മാത്രമാണ് കങ്കണയെ കാത്തിരുന്നത്. വിവാഹം കഴിഞ്ഞ് ഒരു കുട്ടി പിറന്നതിന് പിന്നാലെ ഭർത്താവ് തട്ടിപ്പുകാരനാണെന്ന ഞെട്ടിപ്പിക്കുന്ന സത്യം അവർ തിരിച്ചറിഞ്ഞു. മുൻപ് വിവാഹം കഴിച്ച വിവരം മറച്ചുവെച്ചായിരുന്നു വിവാഹം. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ അയാൾ 2022-ൽ ജയിലിലായതോടെ കങ്കണ ആ ബന്ധം ഉപേക്ഷിച്ചു. കഠിനമായ രോഗാവസ്ഥയും ഡോക്ടർമാരുടെ വിലക്കുകളും മറികടന്നാണ് കങ്കണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്ന് ആ മകനാണ് തന്റെയെല്ലാമെന്നും കങ്കണ പറയുന്നു.

Content Highlights: Actress Kangana Sharma exposes the dark reality of casting couch in Bollywood., Discusses the societal stigma faced by women who wear bold or glamorous clothes., Reveals traumatic childhood experiences, domestic abuse, and financial struggles., Shares painful details about her sister's tragic demise and her failed marriage.