ബാല്‍ക്കണിയിലെ നൃത്തം, ദൂതനായ ഷട്ടില്‍ കോക്ക്, വിവാഹത്തിന് മുമ്പ് ഒളിച്ചോട്ടം; ഗാംഗുലി-ഡോണ പ്രണയം

ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ ജഴ്‌സിയൂരി വീശി വിജയം ആഘോഷിച്ച സൗരവ് ഗാംഗുലിയുടെ മുഖം ആര്‍ക്കും മറക്കാന്‍ കഴിയില്ല. അഗ്രസീവ് ക്രിക്കറ്റ് എന്താണെന്ന് ഇന്ത്യയെ പഠിപ്പിച്ച, ക്രിക്കറ്റിനോടുള്ള ഇന്ത്യന്‍ ആരാധകരുടെ വിശ്വാസം തിരിച്ചുപിടിച്ച, ഇന്ത്യന്‍ ടീമിന്റെ മുഖച്ഛായ തന്നെ മാറ്റിയ ഇതിഹാസ നായകന്‍. ഓഫ്‌സൈഡിലെ ദൈവമായും കൊല്‍ക്കത്തയുടെ സ്വന്തം ദാദയായും അദ്ദേഹം ഇന്ത്യന്‍ ആരാധകരുടെ മനസില്‍ എന്നെന്നേക്കുമായി ഒരു കസേരയിട്ട് ഇരുപ്പുറപ്പിച്ചു. 2002-ലെ നാറ്റ്‌വെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയതോടെ ഗാംഗുലിയെ ഒരുനോക്ക് കാണാന്‍ ആരാധകര്‍ തിക്കുംതിരക്കുംകൂട്ടി. പെണ്‍കുട്ടികളുടെ മനസില്‍ ഗാംഗുലിയോടുള്ള പ്രണയം മൊട്ടിട്ടു. പല ഭാഷകളിലുള്ള ലൗ ലെറ്റേഴ്‌സ് ദാദയെ തേടി കൊല്‍ക്കത്തയിലെ വീട്ടിലെത്തി.
എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സി അണിയുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ഗാംഗുലി തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയിരുന്നു. കുട്ടിക്കാലം മുതല്‍ ഒരുമിച്ച് കളിച്ചുവളര്‍ന്ന ഡോണയെന്ന പെണ്‍കുട്ടിയായിരുന്നു ആ മനസ് മുഴുവന്‍. എന്നാല്‍ ഡോണയെ സ്വന്തമാക്കാന്‍ ഗാംഗുലി കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ ത്രില്ലര്‍ മത്സരങ്ങള്‍ കാഴ്ച്ചവെച്ച് ഗാംഗുലി അതിനേക്കാള്‍ ത്രില്ലുള്ള രംഗങ്ങളിലൂടെ കടന്നുപോയാണ് ഡോണയെ ജീവിതത്തില്‍ ഒപ്പംകൂട്ടിയത്. വെള്ളിത്തിരയിലെ ഒരു പ്രണയകഥ പോലെ വാഗ്വദങ്ങളും പൊട്ടിത്തെറിയും ട്വിസ്റ്റുമെല്ലാം ചേര്‍ന്നൊരു ഉഗ്രന്‍ പ്രണയം.
Content Highlights: indian cricketer sourav ganguly and dona love story