26 വർഷത്തിനുശേഷം 'ഗോൾഡ് സ്പോട്ട്' തിരിച്ചെത്തുന്നു, ധോണിയുടെ വൈറൽ ചിത്രത്തിന് പിന്നിൽ

ന്യൂഡൽഹി: ഒരു തലമുറയുടെ ഗൃഹാതുര ഓർമകളിൽ നിറഞ്ഞുനിന്ന ഓറഞ്ച് ശീതളപാനീയമായ 'ഗോൾഡ് സ്പോട്ട്' 26 വർഷത്തിനുശേഷം ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുന്നു. 2000-ൽ വിൽപന നിർത്തിയ ഈ പാനീയം ഉടൻ വീണ്ടും വിപണിയിലിറക്കാൻ കൊക്കകോള ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. കുറഞ്ഞ പഞ്ചസാരയുള്ളതോ പഞ്ചസാരരഹിതമോ ആയ രൂപത്തിലായിരിക്കും ഗോൾഡ് സ്പോട്ടിന്റെ രണ്ടാം വരവ്.
ലോഞ്ച് തീയതി, ചേരുവകൾ, വില, വിപണന രീതി എന്നിവയെക്കുറിച്ച് കൊക്കകോള ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേതന്നെ ഗോൾഡ് സ്പോട്ട് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണിയും ഭാര്യ സാക്ഷിയും ഗോൾഡ് സ്പോട്ട് ക്യാനുകളുമായി നിൽക്കുന്ന ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതൊരു മാർക്കറ്റിങ് തന്ത്രമാണോ എന്ന ചർച്ചകളും സജീവമാണ്. എന്നാൽ ധോണിയുമായി കരാറുണ്ടോ എന്ന കാര്യത്തിൽ കൊക്കകോള ഇതുവരെ പ്രതികരിച്ചിട്ടില്ല.
വർഷങ്ങളോളം കൊക്കകോളയും പെപ്സിക്കോയും അടക്കിവാണിരുന്ന വിപണിയിൽ ഇപ്പോൾ കടുത്ത മത്സരമാണ്. ക്യാമ്പ കോള, ലഹോരി ജീര തുടങ്ങിയ ബ്രാൻഡുകളുടെ നേതൃത്വത്തിൽ ചെറുകിട കമ്പനികൾ തങ്ങളുടെ വിപണി വിഹിതം ഇരട്ടിയാക്കി. 2025 ജനുവരിസെപ്റ്റംബർ കാലയളവിൽ ഇവയുടെ വിപണി വിഹിതം ഏഴു ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർന്നു. ഇതേ കാലയളവിൽ കൊക്കകോളയുടെയും പെപ്സിക്കോയുടെയും സംയുക്ത വിഹിതം 93 ശതമാനത്തിൽ നിന്ന് 85 ശതമാനമായി കുറഞ്ഞു.
റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് പുനരവതരിപ്പിച്ച ക്യാമ്പ കോള, 2026 സാമ്പത്തിക വർഷത്തിൽ 4,700 കോടി രൂപയിലധികം മൊത്തം വിൽപന നേടി ഇന്ത്യയിലെ നാലാമത്തെ വലിയ കോള ബ്രാൻഡായി മാറി. 250 മില്ലി ക്യാൻ 60 രൂപയ്ക്ക് വിൽക്കുന്ന പഞ്ചസാരരഹിത 'കോക്കനട്ട് കോള'യുമായി ഐ.ടി.സിയും വിപണിയിലുണ്ട്.
2020-ൽ വിപണിയുടെ അഞ്ചു ശതമാനം മാത്രമായിരുന്ന സീറോ-ഷുഗർ, ലോ-ഷുഗർ പാനീയങ്ങളുടെ വിഹിതം 2025-ഓടെ ശരാശരി 30 ശതമാനമായി ഉയർന്നു. ഡയറ്റ് കോക്കിന്റെ വിൽപന ഒരു വർഷം കൊണ്ട് ഇരട്ടിയായി. ഈ വർഷം ആദ്യം പല നഗരങ്ങളിലും ഡയറ്റ് കോക്കിന് ക്ഷാമം നേരിട്ടത് സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. യുവാക്കൾ ഇത് തമാശകളായി പങ്കുവയ്ക്കുകയും ഡയറ്റ് കോക്ക് പാർട്ടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ഫാന്റയുടെ വിൽപനയെ ബാധിക്കാതിരിക്കാനാണ് ഗോൾഡ് സ്പോട്ട് കുറഞ്ഞ പഞ്ചസാരയുള്ള പാനീയമായി പുറത്തിറക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ കൊക്കകോളയുടെ പ്രധാന ഓറഞ്ച് പാനീയം ഫാന്റയാണ്. 2025 മേയ് മാസത്തിലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഓറഞ്ച് ശീതളപാനീയ വിപണിയുടെ 50 ശതമാനത്തിലധികവും ഫാന്റയുടെ കൈവശമാണ്. തുടർച്ചയായ അഞ്ചു വർഷമായി ഫാന്റ രണ്ടക്ക വളർച്ച നേടുന്നുമുണ്ട്. അതായത്, തകർന്ന ഒരു വിപണിയെ രക്ഷിക്കാനല്ല, മറിച്ച് തങ്ങൾ ഇതിനകം ശക്തമായ ഒരു മേഖലയിൽ കൂടുതൽ ഉപഭോക്താക്കളെ നേടാനാണ് ഗോൾഡ് സ്പോട്ടിനെ തിരിച്ചുകൊണ്ടുവരുന്നത്.
മികച്ച ബോട്ട്ലിങ് പങ്കാളികളും വലിയ വിതരണ ശൃംഖലയും മാർക്കറ്റിങ് ബജറ്റും ഉള്ളതിനാൽ ഒരു സ്റ്റാർട്ടപ്പിനെ അപേക്ഷിച്ച് ഗോൾഡ് സ്പോട്ടിനെ വേഗത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കൊക്കകോളയ്ക്ക് സാധിക്കും. ഡയറ്റ് കോക്ക്, കൊക്കകോള സീറോ ഷുഗർ എന്നിവയിലൂടെ പഞ്ചസാര കുറഞ്ഞ പാനീയങ്ങളുടെ വിപണിയിൽ കമ്പനിക്ക് നേരത്തെതന്നെ പരിചയസമ്പത്തുണ്ട്.
പല ഇന്ത്യക്കാരുടെയും ബാല്യകാല ഓർമകളുടെ ഭാഗമായതിനാലാണ് ഗോൾഡ് സ്പോട്ടിന്റെ തിരിച്ചുവരവ് ഇത്രയധികം ചർച്ചയാകുന്നത്. 1952-ൽ പാർലെയാണ് ഗോൾഡ് സ്പോട്ട് വിപണിയിലിറക്കിയത്. കുട്ടികൾക്കിടയിൽ വലിയ തരംഗമായ ഈ പാനീയം പിറന്നാൾ ആഘോഷങ്ങളുടെയും വേനലവധികളുടെയും അവിഭാജ്യ ഘടകമായിരുന്നു.
മികച്ച പരസ്യങ്ങളായിരുന്നു ബ്രാൻഡിന്റെ കരുത്ത്. ശ്യാം ബെനഗൽ സംവിധാനം ചെയ്ത് ഗോവിന്ദ് നിഹലാനി ഛായാഗ്രഹണം നിർവഹിച്ച ആദ്യകാല പരസ്യത്തിൽ യുവതിയായ രേഖയായിരുന്നു അഭിനയിച്ചത്. 'ലിവ് എ ലിറ്റിൽ ഹോട്ട്, സിപ്പ് എ ഗോൾഡ് സ്പോട്ട്' (Livva little hot, Sippa Gold Spot) എന്നതായിരുന്നു അതിലെ പരസ്യവാചകം. കുട്ടികളുടെ പാനീയം എന്ന പ്രതിച്ഛായ മാറ്റുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് ആ പരസ്യത്തിൽ സഹായിയായി പ്രവർത്തിച്ച പരസ്യരംഗത്തെ പ്രമുഖൻ പ്രഹ്ലാദ് കക്കർ പിന്നീട് പറഞ്ഞിട്ടുണ്ട്.
എൺപതുകളിലെ പരസ്യങ്ങളാണ് ഗോൾഡ് സ്പോട്ടിനെ ഏറ്റവും ജനപ്രിയമാക്കിയത്. 1986-ൽ റെഡിഫ്യൂഷൻ ഏജൻസി തയ്യാറാക്കിയ പരസ്യം യുവാക്കളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. സംഗീതവും നൃത്തവും സ്കേറ്റിങ്ങും നിറഞ്ഞ ആ പരസ്യത്തിലെ 'ദി സിങ് തിങ്' (The Zing Thing) എന്ന ജിംഗിൾ ദൂരദർശൻ കാലഘട്ടത്തിലെ പ്രേക്ഷകർക്കിടയിൽ തരംഗമായി. ഡിസ്നിയുടെ 'ദി ജംഗിൾ ബുക്ക്' കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള കുപ്പിയുടെ അടപ്പുകൾ ശേഖരിച്ചു നൽകിയാൽ കോമിക് പുസ്തകങ്ങൾ സമ്മാനമായി നൽകുന്ന ഓഫറുകളും ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം സൃഷ്ടിച്ചു. 'ദി സിങ് തിങ് ഈസ് ബാക്ക്' (The Zing Thing is back) എന്ന വാചകത്തോടെയുള്ള ഗോൾഡ് സ്പോട്ട് ക്യാൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
1977-ൽ കൊക്കകോള ഇന്ത്യ വിട്ടു. ഇതോടെ പാർലെയുടെ ലിംക, മാസ, തംസ് അപ്പ്, ഗോൾഡ് സ്പോട്ട് എന്നീ ബ്രാൻഡുകൾ വിപണി കീഴടക്കി. 1993-ൽ കൊക്കകോള ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ 40 ദശലക്ഷം ഡോളറിന് പാർലെയുടെ ഈ ബ്രാൻഡുകളെല്ലാം സ്വന്തമാക്കി. തുടർന്ന് ഗോൾഡ് സ്പോട്ടും ആഗോള ബ്രാൻഡായ ഫാന്റയും ഒരുമിച്ച് വിപണിയിലുണ്ടായതോടെ കൊക്കകോള ഫാന്റയ്ക്ക് പ്രാധാന്യം നൽകാനും 2000-ൽ ഗോൾഡ് സ്പോട്ട് നിർത്തലാക്കാനും തീരുമാനിച്ചു. എന്നാൽ തംസ് അപ്പും ലിംകയും വിപണിയിൽ തുടർന്നു.
കടുത്ത മധുരവും ശക്തമായ ഫിസ്സുമാണ് ഗോൾഡ് സ്പോട്ടിന്റെ പ്രത്യേകതയായി ആളുകൾ ഓർക്കുന്നത്. പഞ്ചസാര കുറഞ്ഞ പുതിയ പതിപ്പിന്റെ രുചി പഴയ ആരാധകർ സ്വീകരിക്കുമോ എന്നത് കണ്ടറിയണം. ഗൃഹാതുരത്വം കാരണം ആളുകൾ ഒരു തവണ വാങ്ങിയേക്കാം; പക്ഷേ വീണ്ടും വാങ്ങാൻ രുചി പ്രധാനമാണ്.
ഇന്നത്തെ യുവാക്കൾക്ക് ഗോൾഡ് സ്പോട്ടുമായി ബാല്യകാല ഓർമകളൊന്നുമില്ല. അവരെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ഉത്പന്നമാണ്. രുചി, വില, പാക്കേജിങ് എന്നിവയിലൂടെ വേണം ഇവരെ ആകർഷിക്കാൻ. ദൂരദർശൻ കാലത്തെ പരസ്യങ്ങൾ ഇന്ന് ഫലപ്രദമാകില്ല. സമൂഹമാധ്യമങ്ങൾ, ക്രിയേറ്റർമാർ, ക്വിക്ക്-ഡെലിവറി ആപ്പുകൾ എന്നിവയിലൂടെ വേണം പുതിയ തലമുറയിലേക്ക് എത്താൻ. ഫാന്റയിൽ നിന്ന് ഗോൾഡ് സ്പോട്ട് എങ്ങനെ വ്യത്യസ്തമാണെന്ന് വ്യക്തമാക്കാൻ കൊക്കകോളയ്ക്ക് കഴിയണം.
2000-ൽ കൊക്കകോള നേരിട്ട അതേ ചോദ്യമാണ് ഇന്ന് മറ്റൊരു രൂപത്തിൽ കമ്പനിക്ക് മുന്നിലുള്ളത്. അന്ന് ഇന്ത്യയ്ക്ക് രണ്ട് ഓറഞ്ച് പാനീയങ്ങൾ ആവശ്യമില്ലെന്ന് കമ്പനി തീരുമാനിച്ചു. എന്നാൽ വ്യത്യസ്തമായ അനുഭവം നൽകാൻ കഴിഞ്ഞാൽ രണ്ടിനും ഒരുമിച്ച് നിലനിൽക്കാനാകുമെന്നാണ് കൊക്കകോളയുടെ പുതിയ കണക്കുകൂട്ടൽ. ഈ നീക്കം വിജയിക്കുമോ എന്ന് വിപണി തീരുമാനിക്കും.
Content Highlights: Gold Spot is returning to the Indian market after 26 years as a low-sugar or sugar-free beverage., MS Dhoni and Sakshi were spotted with Gold Spot cans, sparking viral marketing speculation., Coca-Cola aims to target the growing low-sugar segment without hurting Fanta's massive market share., The brand was originally launched by Parle in 1952 and acquired by Coca-Cola in 1993 before being discontinued in 2000.