ഇരുപത് രൂപ നോട്ടുകള്‍ ശേഖരിക്കുന്നത് ഹോബി, ലക്ഷാധിപതിയായി ഫാത്തിമ നഷ്വ

ഇരുപത് രൂപ നോട്ടുകളിലൂടെ സമാഹരിച്ച ഒരു ലക്ഷത്തിൽപ്പരം രൂപയുമായി ഫാത്തിമ നഷ്‌വ
ഇരുപത് രൂപ നോട്ടുകളിലൂടെ സമാഹരിച്ച ഒരു ലക്ഷത്തിൽപ്പരം രൂപയുമായി ഫാത്തിമ നഷ്‌വ

പാണ്ടിക്കാട്: പുതിയ ഇരുപത് രൂപ നോട്ടുകളോടുള്ള പ്രണയം ഒന്‍പത് വയസ്സുകാരിയെ ലക്ഷാധിപതിയാക്കി. പൂളമണ്ണ മുണ്ടക്കോട്ടിലെ സി.കെ. ഇബ്രാഹീമിന്റെ മകളും മുണ്ടക്കോട് ജി.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഫാത്തിമ നഷ്വയാണ് ഇരുപത് രൂപ നോട്ടുകള്‍ മാത്രം ശേഖരിച്ച് ഒരു ലക്ഷത്തില്‍പ്പരം രൂപ സമ്പാദിച്ചത്.

സി.കെ. സണ്‍സ് ഓട്ടോറിക്ഷാ ഡ്രൈവറായ ഇബ്രാഹീം തന്റെ കൈയില്‍ കിട്ടുന്ന പുതിയ ഇരുപത് രൂപ നോട്ടുകള്‍ മകള്‍ക്ക് നല്‍കും. 50 നോട്ടുകള്‍ ചേര്‍ന്ന് ആയിരം രൂപയാകുന്നതോടെ ഫാത്തിമ നഷ്വ അതെല്ലാം റബ്ബര്‍ ബാന്റ് ഇട്ട് വെക്കും. ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ ഈ തുകയെല്ലാം എണ്ണിനോക്കിയപ്പോഴാണ് ഏവരും അത്ഭുതപ്പെട്ടത്. മകള്‍ സ്വരുക്കൂട്ടിയ 20 രൂപ നോട്ടുകള്‍ ഇപ്പോള്‍ ഒരു ലക്ഷം കവിഞ്ഞു. കോവിഡിന് ശേഷമുള്ള കാലയളവാണ് ഇത്രയും തുക സമാഹരിക്കാന്‍ വേണ്ടിവന്നത്.

പിന്നീട് പിതാവ് ഇബ്രാഹീമിന് 8,500 രൂപ വിലയുള്ള മൊബൈല്‍ വാങ്ങി നല്‍കി. ഓട്ടോറിക്ഷയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കെടുക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയ പിതാവ് ഇബ്രാഹീമിനെ രണ്ട് തവണ സഹായിച്ചു. ഇതിനെല്ലാം പുറമെയാണ് പുതിയ ഒരു ലക്ഷത്തില്‍പരം രൂപ സമാഹരിച്ചത്.

ഈ തുക വിനിയോഗിച്ച് പണയപ്പെടുത്തിയ മാതാവിന്റെ ആഭരണങ്ങള്‍ തിരിച്ചെടുത്ത്, വീടിന്റെ ബാക്കിയുള്ള പണികൂടി പൂര്‍ത്തിയാക്കാനാണ് ഫാത്തിമ നഷ്വ ആഗ്രഹിക്കുന്നത്.

Content Highlights: fathima nashva earned lakhs through twenty rupee note collection