വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കുന്നത് കൊലപാതകത്തിൽ കലാശിക്കുന്ന കാലം; ഫോമോയുടെ മനഃശാസ്ത്രം

കിൻഡർ ജോയ് വേണമെന്നു പറയാത്ത കുട്ടികളോ, വാങ്ങിക്കൊടുക്കാത്ത മാതാപിതാക്കളോ ഉണ്ടാകുമോ? ഇന്ത്യയിൽമാത്രം മുപ്പതുലക്ഷം കിൻഡർ ജോയ് എഗ്ഗുകൾ വിൽക്കപ്പെടുന്നു എന്നാണ് കണക്കുകൾ!
എന്താണ് കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്ന മാജിക്? ‘ബ്ലൈൻഡ് ബോക്‌സ്’ (Blind Box) എന്ന മാർക്കറ്റിങ് തന്ത്രമാണ് ഇതിന്റെ വിജയം. കുട്ടികളുടെ ജിജ്ഞാസയെ, ചോക്ലേറ്റിനൊപ്പം ഒളിപ്പിച്ച കളിപ്പാട്ടം എന്താണെന്നറിയാനുള്ള ആകാംക്ഷയെ വാണിജ്യവത്‌കരിച്ച മാജിക്കിന്റെ പേരാണ് ‘ബ്ലൈൻഡ് ബോക്‌സ്’, ഇവിടെനിന്നാണ് ‘അറ്റൻഷൻ ഇക്കണോമി’ എന്ന സങ്കല്പം ഉടലെടുക്കുന്നത്.
അറ്റൻഷൻ എന്ന പുതിയ കറൻസി
നമ്മുടെ സമകാലികസമൂഹത്തിലെ ഏറ്റവും ശക്തമായ പരിവർത്തനങ്ങളിലൊന്നാണ് അറ്റൻഷൻ ഇക്കണോമിയുടെ ഉദയം. ശ്രദ്ധ ഒരു വിപണന ഉത്‌പന്നമായിമാറുന്ന ഈ പുതിയ സമ്പദ്‌വ്യവസ്ഥയിൽ നടക്കുന്ന മാറ്റങ്ങൾ നമ്മുടെ ഭാവനയ്ക്കപ്പുറമാണ്. ലണ്ടനിലെ ഹൈഗേറ്റിലെ കാൾ മാർക്‌സിന്റെ ശവകുടീരത്തിനു കീഴിൽവരെ കാണപ്പെട്ട ‘ലബുബു’ അറ്റൻഷൻ ഇക്കണോമിയുടെ ഏറ്റവും പുതിയ ഉത്‌പന്നമാണ്. കേരളത്തിലെ ഒരു പ്രശസ്ത മുസ്‌ലിം മതപണ്ഡിതൻ ‘ലബുബു’വിനെ വിശേഷിപ്പിച്ചത് പഴയ സാത്താന്റെ ചരിത്രത്തിൽനിന്നുള്ള കുട്ടിച്ചാത്തന്റെ പുതിയ രൂപം എന്നാണ്.
കൂർത്ത ചെവിയും ചാരനിറത്തിലുള്ള വലിയകണ്ണുകളും കൂർത്തപല്ലുകളുമുള്ള മിസ്റ്ററി പാവയുടെ പേരാണ് ലബുബു. ലബുബുവിനെ നിർമിച്ച് ബ്ലൈൻഡ് ബോക്‌സിൽ അടച്ചുവിൽക്കുന്ന പോപ്പ് മാർട്ട് ഇന്റർനാഷണലിന്റെ സ്ഥാപകനായ വാങ് നിങ് ചൈനയിലെ ഏറ്റവും ധനികരായ 10 ശതകോടിശ്വരന്മാരിൽ ഒരാളായിമാറിയതിന്റെ പുറകിൽ ഈ പാവയാണ്.
ആനന്ദം എന്ന ഉത്‌പന്നം
പോപ്പിലൂടെ പ്രശസ്തയായ ബ്ലാക്ക് പിങ്കിലെ ലിസ (Lalisa Manoba) ലബുബുവിന്റെ അൺബോക്‌സിങ് വീഡിയോകൾ ചെയ്തുതുടങ്ങിയതോടെ ഫാഷൻലോകത്ത് ലബുബു ഒരു ട്രെൻഡായിമാറിയത്. പിന്നീട് പ്രശസ്ത പാട്ടുകാരി റിഹാനയെപ്പോലുള്ളവരുടെ ബാഗുകളിലും ലബുബുവിനെ ഫാഷൻലോകം കണ്ടു. തുടർന്ന് പോപ്പ്മാർട്ട് ലിമിറ്റഡ് എഡിഷൻ എന്ന സ്‌പെക്കുലേറ്റിവ് ബബിൾ നിർമിച്ച് ലബുബുവിന്റെ മാർക്കറ്റിങ്‌മൂല്യം ഉയർത്തി. അതിനുശേഷം ലബുബു ‘കളക്ടീവ് മാർക്കറ്റി’ന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നത് ലോകം കണ്ടു. അതോടെ പാവയുടെ വില ലക്ഷങ്ങൾക്കുമുകളിലായി. നിലവിൽ ‘ആർട്ട് ടോയ്’, ‘കളക്ടിബിൾ’, ‘സ്റ്റാറ്റസ് സിംബൽ’ എന്നിങ്ങനെ പലതലങ്ങളിൽ ലബുബു അവതരിപ്പിക്കുന്നു. കൂടാതെ, സെലിബ്രിറ്റി എൻഡോഴ്സ്‌മെന്റുകളിലൂടെയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരുടെ പ്രചാരണത്തിലൂടെയും ഇത് ഒരു സോഷ്യൽ ഐക്കണായി മേധാവിത്വം നേടിക്കഴിഞ്ഞു.
കിൻഡർ ജോയിയിൽനിന്ന് ലബുബുവിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പരിവർത്തനം, സർപ്രൈസ് അനുഭവത്തിന്റെ വ്യക്തിപരമായ സ്വഭാവത്തിൽനിന്ന് പൊതുവായ പ്രകടനത്തിലേക്കുള്ള മാറ്റമാണ്. നവമാധ്യമങ്ങളിൽ ലബുബുവിന്റെ ‘അൺബോക്‌സിങ്’ വിഡിയോകൾ വൈറലാകുന്നു. ആളുകൾ തങ്ങളുടെ ശേഖരം പ്രദർശിപ്പിക്കുന്നു. ലൈവ് സ്ട്രീമിങ്ങിൽ ബ്ലൈൻഡ് ബോക്സുകൾ തുറക്കുന്നു. ഇത് വ്യക്തിപരമായ സന്തോഷത്തെ സാമൂഹിക മൂലധനമായിമാറ്റുന്ന ഒരു സമ്പ്രദായമാണ്. ഉപഭോക്താവിന്റെ ആനന്ദം മറ്റുള്ളവരുടെ കാഴ്ചയ്ക്കായി ഉത്‌പാദിപ്പിക്കപ്പെടുകയും അത് വീണ്ടും പുതിയ ഉപഭോഗത്തിന് പ്രേരണനൽകുകയും ചെയ്യുന്നു. ഇങ്ങനെ ആനന്ദംതന്നെ ഒരു ‘ഉള്ളടക്കം’ അഥവാ ഒരു ഉത്‌പന്നമായിമാറുന്നു.
സൂര്യാസ്തമയത്തിന്റെ ഇൻസ്റ്റഗ്രാമൈസേഷൻ
സൂര്യാസ്തമയം കാണുന്നത് നമുക്ക് സ്വാഭാവികമായ, അതിലുപരി വ്യക്തിപരമായ അനുഭവമായിരുന്നു. ദിവസംനീണ്ട അലച്ചിലിനൊടുവിൽ വൈകുന്നേരം കുറച്ചുസമയം പകലിനും രാത്രിക്കും ഇടയിൽ എല്ലാംമറന്ന് പ്രകൃതിയെ അറിയുന്ന നിമിഷങ്ങൾ, ആന്തരികസംഘർഷങ്ങൾക്ക് അയവുവരുത്താനുള്ള സമയം, നിശ്ശബ്ദതയുടെ മൂല്യം, ചുറ്റുപാടുകളുമായിട്ടുള്ള ഇഴുകിച്ചേരൽ -ഇതെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു. ഇത് ഉത്‌പന്നവത്‌കരിക്കാൻകഴിയാത്ത, വിൽക്കാൻകഴിയാത്ത ഒരു മൂല്യവത്തായ അനുഭവമാണ്.
എന്നാൽ, സമകാലിക അറ്റൻഷൻ ഇക്കണോമിയിൽ ഇത്തരം ‘സ്വതന്ത്ര’ അനുഭവങ്ങൾ ഒന്നിനും കൊള്ളാത്തവയാണ്. കാരണം അവ പ്ലാറ്റ്ഫോമുകളിൽ എൻഗേജ്മെന്റ് സൃഷ്ടിക്കുന്നില്ല, ഡേറ്റ ഉത്‌പാദിപ്പിക്കുന്നില്ല, പരസ്യവരുമാനം കൊണ്ടുവരുന്നില്ല. അനുഭവങ്ങളുടെ ഉത്‌പന്നവത്‌കരണം മോണിറ്റൈസേഷനുകൂടെയുള്ള സാധ്യതകളാണ് പുതുതലമുറയ്ക്ക്.
പുതിയതലമുറ സൂര്യാസ്തമയം കാണുമ്പോൾ അവരുടെ ആദ്യചിന്ത ‘ഇത് എങ്ങനെ ഏത് ആംഗിളിൽ ഫോണിൽ പകർത്താം?’ എന്നായിരിക്കാം. അനുഭവംതന്നെ ഒരു ‘കണ്ടന്റ്’ ആയി പ്രോസസ് ചെയ്യപ്പെടുന്നു. കൂടാതെ ഇൻസ്റ്റഗ്രാമിൽ ശരിയായ ഫിൽട്ടർ തിരഞ്ഞെടുക്കണം, ആകർഷകമായ ക്യാപ്ഷൻ എഴുതണം, ശരിയായ ഹാഷ്ടാഗുകൾ ചേർക്കണം. ഈ പ്രക്രിയയിൽ പ്രകൃതിയുമായുള്ള നേരിട്ടുള്ള ബന്ധം നഷ്ടപ്പെടുന്നു. പകരം ഒരു മീഡിയേറ്റഡ് അനുഭവം -സ്‌ക്രീനിലൂടെയുള്ള അനുഭവം- ലഭിക്കുന്നു. പ്രകൃതിയുടെ മുന്നിൽനിൽക്കുമ്പോൾപ്പോലും വ്യക്തി ഡിജിറ്റൽ ലോകത്തുതന്നെ മുഴുകിയിരിക്കുന്നു.
അറ്റൻഷൻ ഇക്കണോമി എന്ന സൈക്കോ
നിലവിൽ 1500 കോടി മൊബൈൽ ഉപകരണങ്ങൾ ലോകത്തുണ്ട് എന്നാണ് കണക്കുകൾ, മനുഷ്യരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം. ഇതിൽ നല്ലൊരു ശതമാനം ഉപകരണങ്ങളും നമ്മുടെ ശ്രദ്ധയെ കോർപ്പറേറ്റുകൾക്ക് വേണ്ടരീതിയിൽ ചൂഷണംചെയ്യാൻ രൂപകല്പനചെയ്തവയാണ്. മൊബൈലിൽ നമ്മൾ തൊടുന്ന ഗ്ലാസ് പ്രതലത്തിനു തൊട്ടുതാഴെ മനുഷ്യതലച്ചോറിന്റെ പ്രതിഫലസമ്പ്രദായത്തെ കൃത്രിമമായി ചൂഷണംചെയ്യുന്ന ഒരു നിയോലിബറൽ സംവിധാനമുണ്ട്. ഓരോ ലൈക്കും കമന്റും ഷെയറും നമ്മുടെ തലച്ചോറിൽ ഡോപാമൈൻ റിലീസ് ചെയ്യുന്നു. ഇത് കേവലം സ്വാഭാവിക പ്രതികരണമല്ല, സൂക്ഷ്മമായി രൂപകല്പനചെയ്യപ്പെട്ട മാർക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമാണ്.
നവമാധ്യമങ്ങൾ, ഓൺലൈൻ സൈറ്റുകൾ, ബുക്കിങ് ആപ്പുകൾ, ഒടിടി ആപ്പുകൾ എന്നിവയെല്ലാം ഉപഭോക്താക്കളെ ആകർഷിക്കാൻ കൃത്യമായ അൽഗോരിതങ്ങളും അവയ്ക്കനുസരിച്ച് മെട്രിക്സുകളും രൂപകല്പനചെയ്തിട്ടുണ്ടാവും. ഇവയുടെ എൻഗേജ്മെന്റിനുവേണ്ടി ഉപയോഗിക്കുന്ന ഒരു മാർക്കറ്റിങ് തന്ത്രമാണ് FOMO (Fear of Missing Out)
ഫോമോയുടെ മനഃശാസ്ത്രം
മനുഷ്യൻ അടിസ്ഥാനപരമായി സാമൂഹികജീവിയാണ്. ഒരു വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള സംഘർഷങ്ങൾ കൊലപാതകത്തിൽവരെ കലാശിക്കുന്ന കാലം.
ഒഴിവാക്കൽ മനുഷ്യരെസംബന്ധിച്ചിടത്തോളം മരണതുല്യമാണ്. സാമൂഹികജീവി എന്നനിലയിൽ നമ്മൾ ചുറ്റുമുള്ള വിവരങ്ങൾ അറിയാതിരിക്കുകയോ സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കുകയോ ചെയ്താൽ അത് അവരുടെ അതിജീവനത്തെ ബാധിക്കും എന്ന ഭയം പണ്ടുതൊട്ടേ മനുഷ്യരിലുണ്ട്.
ഈ ഭയത്തെ മാർക്കറ്റിങ്ങിനുപയോഗിക്കുന്ന നവീനതന്ത്രമാണ് ഫോമോ. ഇതിന്റെ മികച്ച ഉദാഹരണമാണ് നവമാധ്യമങ്ങളിലെ ഫീഡുകൾ. ഉദാഹരണത്തിന് ഇടയ്ക്കിടെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവ നോക്കിയില്ലെങ്കിൽ ഫീഡിൽ വന്നുപോകുന്ന വാർത്തകൾ നമുക്ക് നഷ്ടപ്പെടും എന്ന തോന്നലുണ്ടാക്കുന്നു. കാരണം എപ്പോഴും നമ്മൾ റീഫ്രഷ് ചെയ്യപ്പെട്ടുകൊണ്ടിരിക്കും. സത്യമോ അസത്യമോ ആയ പുതിയ ഉള്ളടക്കങ്ങൾ വരും. നമ്മൾ അറിയാതെ അതിലേക്ക് ‘പുൾ’ചെയ്യപ്പെടുന്നു. അതിലെ അനിശ്ചിതത്വം നമ്മുടെ തലച്ചോറിന്റെ ഉത്തേജനങ്ങളുമായി ബന്ധപ്പെടുന്നു. പക്ഷേ, സംതൃപ്തികിട്ടുകയില്ല, കാരണം അടുത്ത റീലിൽ അതിനെക്കാൾ മികച്ചത് ഉണ്ടാവുമെന്ന തോന്നലിൽ നമ്മൾ സ്‌ക്രോൾ ചെയ്തുകൊണ്ടേയിരിക്കും.
ഫോമോയുടെ ഏറ്റവും പുതിയ രൂപമാണ് വാട്‌സാപ്പിന്റെ സ്റ്റാറ്റസും ഇൻസ്റ്റഗ്രാം സ്റ്റോറികളും സ്നാപ്ചാറ്റിന്റെ സ്‌നാപ്സും. ഇവയ്ക്ക് 24 മണിക്കൂർ കാലാവധിവെച്ചിരിക്കുന്നത് കൃത്രിമമായ ഒരു ‘എമർജൻസി’ സൃഷ്ടിക്കാൻവേണ്ടിയാണ്, നിശ്ചിതസമയത്തിനുള്ളിൽ കണ്ടില്ലെങ്കിൽ നിങ്ങൾക്ക് അത് എന്നത്തേക്കുമായി നഷ്ടപ്പെടും എന്ന തോന്നൽ, അത് നമ്മളെ കൂടുതൽ അസ്വസ്ഥപ്പെടുത്തുകയും കൂടുതൽ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യും. തികച്ചും ഉപരിപ്ലവമായ ഇൻഫർമേഷൻ പ്രോസസിങ് എന്നിവയാണ് ഈ മീഡിയത്തിന്റെ സവിശേഷതകൾ. ഇതിന്റെഫലമായി ഉപയോക്താക്കൾക്ക് ദീർഘകാല ഏകാഗ്രത ആവശ്യപ്പെടുന്ന പ്രവർത്തനങ്ങളിൽ പുസ്തകം വായിക്കൽ, ആഴത്തിലുള്ള സംഭാഷണം, ക്രിയേറ്റീവ് പ്രോജക്ടുകൾ - എന്നിവ ചെയ്യാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നു. തലച്ചോറ് നിരന്തരമായ ചെറു ഉത്തേജനങ്ങൾക്ക് കീഴ്‌പ്പെടുന്നു. ഇത് നമ്മളിൽ ഒരു നിരന്തരമായ അസ്വസ്ഥത സൃഷ്ടിക്കുന്നു. ‘മറ്റുള്ളവർ എന്തെങ്കിലും രസകരമായ കാര്യം ചെയ്യുന്നുണ്ടോ’, ‘എനിക്ക് എന്തെങ്കിലും നഷ്ടമാകുന്നുണ്ടോ’ -ഈ ചിന്തകൾ മനസ്സിൽനിന്നു മാറാതെ പിന്തുടരും. ചുരുക്കത്തിൽ നമുക്ക് ശാന്തതയും സംതൃപ്തിയും നേടാനുള്ള കഴിവിനെ ദുർബലപ്പെടുത്തുന്നു.
മാർക്കറ്റിങ്ങിലെ ഫോമോ എൻജിനിയറിങ്
ലബുബു പാവകൾ മാർക്കറ്റിൽ കൃത്രിമമായ ക്ഷാമം സൃഷ്ടിച്ചുകൊണ്ടാണ് മൂല്യമുയർത്തുന്നത്. ലബുബു ലിമിറ്റഡ് എഡിഷൻ പാവകൾ ഇപ്പോൾ വാങ്ങിയില്ലെങ്കിൽ എന്നത്തേക്കുമായി നഷ്ടമാകുമെന്ന ഫോമോ തന്ത്രം പാവകളക്ടർമാരെ/ഉപഭോക്താക്കളെ കൂടുതൽ വാങ്ങാൻ പ്രേരിപ്പിക്കുന്നു. ‘ആർട്ടിഫിഷ്യൽ സ്കാർസിറ്റി’ (Artificial scarcity) എന്ന മാർക്കറ്റിങ് തന്ത്രമാണിത്.
ഓൺലൈൻ സൈറ്റുകളിലും ബുക്കിങ് ആപ്പുകളിലും ഫോമോ തന്ത്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ‘കൗണ്ട്ഡൗൺ ടൈമറുകൾ’ കാണിക്കുന്നത് മറ്റൊരു തന്ത്രമാണ്. ‘50 പേർ ഇത് ഇപ്പോൾ കാണുന്നു’ എന്നതരത്തിലുള്ള സന്ദേശങ്ങൾ നമ്മളിൽ കൂടുതൽ സമ്മർദമുണ്ടാക്കുന്നു. പലപ്പോഴും ഇവ കൃത്രിമമായി ജനറേറ്റ് ചെയ്യപ്പെട്ട ഡേറ്റയാണ്. ഉദ്ദേശ്യം വളരെ ലളിതമാണ്: നമ്മളിൽ ‘ഇപ്പോൾ തീരുമാനിക്കണം’ എന്ന സമ്മർദം സൃഷ്ടിക്കുക മാത്രമാണ് ലക്ഷ്യം.
സാമൂഹിക മനഃശാസ്ത്രത്തിലെ ഫോമോയുടെ ആഴത്തിലുള്ള സ്വാധീനങ്ങൾ നമ്മുടെ ജീവിതത്തെ മറ്റുള്ളവരുടെ ജീവിതവുമായി നിരന്തരം താരതമ്യംചെയ്യാൻ പ്രേരിപ്പിക്കുന്നു. നിങ്ങൾ നിങ്ങളുടെ ഏറ്റവും സാധാരണ ദിനചര്യയെ മറ്റുള്ളവരുടെ ഏറ്റവും അസാധാരണമായ അനുഭവങ്ങളുമായി താരതമ്യംചെയ്യുന്നു. ഇത് എപ്പോഴും നിങ്ങൾ ‘പിന്നിലാണ്’ എന്ന തോന്നൽ നൽകുന്നു.
സാമൂഹികവത്‌കരണത്തിന്റെ ഭ്രമാത്മകത
നിങ്ങൾ ഒരു ട്രെൻഡിങ് ഹാഷ്ടാഗിൽ പങ്കെടുക്കുന്നില്ലെങ്കിൽ, ഒരു വൈറൽ വീഡിയോ കണ്ടിട്ടില്ലെങ്കിൽ, ഒരു പുതിയ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നില്ലെങ്കിൽ -നിങ്ങൾ പുറന്തള്ളപ്പെട്ടതായിത്തോന്നുന്നു. എന്നാൽ, ഇത് യഥാർഥ സാമൂഹികബന്ധമല്ല. ഇത് കൃത്രിമമായി നിർമിക്കപ്പെട്ട ഒരു സാമൂഹികബോധമാണ്. നിങ്ങൾ എത്ര ട്രെൻഡുകൾ പിന്തുടർന്നാലും എത്ര ഉള്ളടക്കം കണ്ടാലും ആ തൃപ്തി ലഭിക്കില്ല. കാരണം അടുത്ത ട്രെൻഡ് ഇതിനകം വന്നുകൊണ്ടിരിക്കുന്നു. വ്യക്തിത്വനിർമാണത്തിലെ ആശ്രിതത്വം വഴി ഫോമോ യുവാക്കളെ അവരുടെ സ്വത്വരൂപവത്‌കരണത്തിന് ബാഹ്യസ്രോതസ്സുകളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നു. ‘എനിക്ക് ഏത് സിനിമകൾ ഇഷ്ടപ്പെടണം’, ‘എവിടെ യാത്രചെയ്യണം’, ‘എന്ത് വസ്ത്രങ്ങൾ ധരിക്കണം’ -ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സോഷ്യൽ മീഡിയ ട്രെൻഡുകളിൽനിന്ന് തേടുന്നു. ഇത് ആത്മാവലംബനത്തെയും സ്വാതന്ത്ര്യത്തെയും ദുർബലപ്പെടുത്തുന്നു. വ്യക്തികൾ അവരുടെ സ്വന്തം മൂല്യങ്ങളും താത്‌പര്യങ്ങളും വികസിപ്പിക്കുന്നതിനുപകരം നിയോലിബറൽ തന്ത്രങ്ങളുടെ ഉപകരണങ്ങളായിമാറുന്നു.
ഫോമോയുടെ ന്യൂറോബയോളജി
മനുഷ്യർക്ക് സാധാരണ സാഹചര്യങ്ങളിൽ ഡോപാമൈൻ റിലീസ് ആകുന്നത് ഒരു പ്രതിഫലം ലഭിക്കുമ്പോഴാണ്. വാട്സാപ്പിന്റെ സ്റ്റാറ്റസും ഇൻസ്റ്റഗ്രാം സ്റ്റോറികളും സ്നാപ്ചാറ്റിന്റെ സ്‌നാപ്‌സും നമ്മുടെ മസ്തിഷ്‌കത്തിന്റെ റിവാർഡ് സിസ്റ്റത്തെ അസന്തുലിതമാക്കുന്നു. അതിനെത്തുടർന്നുണ്ടാവുന്ന കോർട്ടിസോൾ (സ്‌ട്രെസ് ഹോർമോൺ) ലെവൽ വർധന സ്‌ട്രെസിന് കാരണമാകുന്നു. എനിക്ക് എന്തോ നഷ്ടമാകുന്നുണ്ട് എന്ന തോന്നൽ ഹൃദയമിടിപ്പ് കൂട്ടും, രക്തസമ്മർദം കൂട്ടും, കൂടാതെ ഉറക്കക്കുറവിനും കാരണമാകാം. ചുരുക്കത്തിൽ ഇവ ഉത്കണ്ഠ, വിഷാദം, ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ് എന്നീ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം.
നിങ്ങൾ ഒരു ലബുബു പാവ വാങ്ങിയാൽ, അതിന്റെ സന്തോഷം അധികനേരം നിലനിൽക്കില്ല. കാരണം അടുത്ത ‘ലിമിറ്റഡ് എഡിഷൻ’ ഇതിനകം അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ടാവും, നിങ്ങൾ ഒരു ട്രെൻഡിങ് റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചാൽ, അടുത്തയാഴ്ച മറ്റൊരു ‘ഹോട്ട് സ്‌പോട്ട്’ വൈറലായിരിക്കും. ഇത് ഒരു അനന്തമായ ലൂപ്പാണ് -മുഴുവൻ സംതൃപ്തി ഒരിക്കലും ലഭിക്കില്ല.
ഫോമോ നമ്മുടെയുള്ളിൽ ‘നിങ്ങൾ വേണ്ടത്ര ആക്ടീവ് അല്ല’, ‘നിങ്ങൾ വേണ്ടത്ര കണക്ടഡ് അല്ല’ എന്ന കുറ്റബോധം സൃഷ്ടിക്കുന്നു. സാമ്പത്തിക അസമത്വം, സാമൂഹിക നീതികേട്, വ്യവസ്ഥാപിത പ്രശ്നങ്ങൾ എന്നിവയുടെ ഫലമായുണ്ടാകുന്ന അസംതൃപ്തിയെ വ്യക്തിഗത പരാജയമായി കാണിക്കുന്നു. ‘നിങ്ങൾക്ക് തായ്‌ലാൻഡിൽ വെക്കേഷൻ പോകാൻ കഴിയുന്നില്ലെങ്കിൽ അത് നിങ്ങൾ വേണ്ടത്ര കഠിനാധ്വാനം ചെയ്യാത്തതുകൊണ്ടാണ്’, ‘നിങ്ങൾക്ക് ലേറ്റസ്റ്റ് ഐഫോൺ വാങ്ങാൻ കഴിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ പ്രയോറിറ്റീസ് തെറ്റായതുകൊണ്ടാണ്’ -എന്നിങ്ങനെയുള്ള തെറ്റായ സന്ദേശങ്ങൾ ഫോമോ വഴി പ്രചരിപ്പിക്കപ്പെടുന്നു.
- തുടരും -
(20 വർഷത്തിലേറെ കോർപ്പറേറ്റ് അഡ്വർടൈസിങ്, കസ്റ്റമർ/യൂസർ എക്സ്പീരിയൻസ് മേഖലകളിൽ പ്രാവീണ്യമുള്ള, വിവിധ ബ്രാൻഡുകളുടെ സ്ട്രാറ്റജി കൺസൾട്ടന്റാണ് ലേഖകൻ)
Content Highlights: Whatis the psychology behind the marketing strategy FOMO?