കളിയല്ല, കണ്ണിമ ചിമ്മൽ; നിങ്ങള്‍ ഇമ ചിമ്മുന്നത് ശരിയായ രീതിയിലാണോ എന്ന് ഈ ഗെയിമിലൂടെ തിരിച്ചറിയാം

നമ്മള്‍ പോലുമറിയാതെ നമ്മള്‍ സ്ഥിരം ചെയ്യുന്ന ഒരു കാര്യമാണ് കണ്ണിമ ചിമ്മുന്നത്. ഇത് വായിക്കുന്നതിനിടെ നിങ്ങള്‍ പലതവണ കണ്ണ് ചിമ്മിത്തുറന്നുകഴിഞ്ഞു. പുറത്തുനിന്നുള്ള അപകടകരമായ വസ്തുക്കളില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കാനായാണ് നമ്മള്‍ ഇടയ്ക്കിടെ കണ്ണിമ ചിമ്മുന്നത്. നമ്മുടെ ശരീരഭാഷയിലെയും സുപ്രധാന ഘടകമാണ് ഇമ ചിമ്മല്‍. കണ്ണിമചിമ്മല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരാള്‍ നുണ പറയുകയാണോ എന്ന് പോലും മനസ്സിലാക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു.
നമ്മുടെ ശരീരത്തില്‍ അതിവേഗം നടക്കുന്ന ഒരു ചലനമാണ് ഇമ ചിമ്മല്‍. ഒരു സെക്കന്‍ഡിന്റെ പത്തിലൊന്ന് സമയം മതി നമുക്ക് ഒരുതവണ കണ്ണിമ ചിമ്മാന്‍. പുരുഷന്മാരേക്കാള്‍ കൂടുതലായി കണ്ണിമ ചിമ്മുന്നത് സ്ത്രീകളാണ് എന്നാണ് പ്രചാരത്തിലുള്ള ഒരു വിശ്വാസം. എന്നാല്‍ ഇതിന് ശാസ്ത്രീയമായ പിന്‍ബലമില്ല.
മിനുറ്റില്‍ 14 മുതല്‍ 17 വരെ തവണയാണ് സാധാരണഗതിയില്‍ മനുഷ്യര്‍ ഇമ ചിമ്മുന്നത്. അതായത് മണിക്കൂറില്‍ 840 മുതല്‍ 1020 വരെ തവണ. എട്ട് മണിക്കൂറാണ് ഉറങ്ങുന്നത് എന്ന് കണക്കാക്കുമ്പോള്‍ ഉണര്‍ന്നിരിക്കുന്ന മനുഷ്യന്‍ ഒരുദിവസം 13440 മുതല്‍ 16320 വരെ തവണ കണ്ണ് ചിമ്മിത്തുറക്കുന്നു എന്നാണ് കണക്ക്. ഈ നിരക്ക് ഒരു പരിധിയില്‍ കൂടുന്നതും കുറയുന്നതും പ്രശ്‌നമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ ഇത് നമ്മള്‍ എങ്ങനെ തിരിച്ചറിയും? ഇമ ചിമ്മുന്നത് പോലും ശ്രദ്ധിക്കാത്ത നമ്മള്‍ അതിന്റെ എണ്ണം എങ്ങനെ ശ്രദ്ധിക്കാനാണ്? ഒരു കമ്പ്യൂട്ടര്‍ ഗെയിമിന് സമാനമായ ലളിതമായ ടെസ്റ്റിലൂടെ ഇക്കാര്യം നമുക്ക് അറിയാം. ബ്രിട്ടീഷ് കോണ്‍ടാക്റ്റ് ലെന്‍സ് നിര്‍മ്മാതാക്കളായ വിഷന്‍ ഡയറക്റ്റ് ആണ് ഈ ഓണ്‍ലൈന്‍ ടെസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.
കേവലം ഒരു മിനുറ്റ് മാത്രമാണ് ടെസ്റ്റിനുവേണ്ട സമയം. വിഷന്‍ ഡയറക്റ്റ് വെബ്‌സൈറ്റിലെ ടെസ്റ്റ് പേജ് തുറന്നശേഷം Take me to the test എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ടെസ്റ്റിലേക്ക് നമുക്ക് പ്രവേശിക്കാം. തുടര്‍ന്ന് വരുന്ന സ്‌ക്രീനിലെ Start ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഒരു മിനുറ്റിന്റെ കൗണ്ട് ഡൗണ്‍ ടൈമറിനൊപ്പം ടെസ്റ്റ് തുടങ്ങും.
ടെസ്റ്റ് ആരംഭിച്ചുകഴിഞ്ഞാല്‍ ഓരോ തവണ നിങ്ങള്‍ കണ്ണിമ ചിമ്മുമ്പോഴും TAP ME WHEN YOU BLINK എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. ഒരുമിനുറ്റില്‍ എത്രതവണ നിങ്ങള്‍ കണ്ണ് ചിമ്മിത്തുറന്നു എന്നതനുസരിച്ച് നിങ്ങളുടെ ബ്ലിങ്കിങ് പാറ്റേണ്‍ കാണിച്ചുതരും. എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഐസ് വൈഡ് ഓപ്പണ്‍, സ്ലോ പോക്, ആവറേജ് ജോയ്, സ്പീഡി ബ്ലിങ്കര്‍, സൂപ്പര്‍ സ്പീഡി ബ്ലിങ്കര്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലൊന്നില്‍ നിങ്ങളെ ഉള്‍പ്പെടുത്തിയാണ് കാണിക്കുക. ഇതനുസരിച്ച് നമ്മുടെ കണ്ണിമ ചിമ്മലിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് തിരിച്ചറിയാവുന്നതാണ്. ടെസ്റ്റ് ചെയ്ത് നോക്കാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
മുന്നറിയിപ്പ്
ഇത് ഇമ ചിമ്മലിന്റെ പാറ്റേണ്‍ തിരിച്ചറിയാനുള്ള കേവലം ടെസ്റ്റ് മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ഒരു നിഗമനത്തിലും എത്താന്‍ പാടില്ല. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനായി നേത്രരോഗവിദഗ്ധനായ ഡോക്ടറെ കാണുകയാണ് വേണ്ടത്.
Content Highlights: Test whether your eye blinking pattern normal or not by doing this test