അഞ്ച് മിനിറ്റല്ല, അഞ്ച് മണിക്കൂർ! പ്ലാങ്ക് ചെയ്ത് റെക്കോഡിട്ട് 61-കാരി

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ഡോണജീന്‍ വൈല്‍ഡ് |Photo:worldseniorgames/instagram
ഡോണജീന്‍ വൈല്‍ഡ് |Photo:worldseniorgames/instagram

അറുപത്തൊന്ന് വയസ്സ് പിന്നിട്ട ഒരു വനിതയ്ക്ക് എത്ര സമയം ശരീരഭാരം മുഴുവൻ കൈമുട്ടുകളിൽ താങ്ങി പ്ലാങ്ക് പൊസിഷനിൽ നിൽക്കാൻ കഴിയും? അര മിനിറ്റോ ഒരു മിനിറ്റോ നിൽക്കാൻ സാധിച്ചാൽ തന്നെ വലിയ നേട്ടമായി കരുതുന്ന സാധാരണക്കാർക്കിടയിലാണ് അവിശ്വസനീയമായ ദൃഢനിശ്ചയത്തോടെ അഞ്ച് മണിക്കൂർ തുടർച്ചയായി പ്ലാങ്ക് ചെയ്ത് കാനഡക്കാരിയായ ഡോണജീൻ വൈൽഡ് ചരിത്രം കുറിച്ചിരിക്കുന്നത്. കായികക്ഷമതയുടെയും കഠിനപരിശീലനത്തിന്റെയും അതിരുകൾക്ക് പ്രായമല്ലെന്ന് ലോകത്തിന് കാണിച്ചുതരുന്ന വിസ്മയകരമായ നേട്ടത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കായികലോകം.

 
 
 
 
 
 
 
 
 
 
 
 
 
 
 

വനിതകളുടെ പ്ലാങ്കിൽ പുതിയ ലോകറെക്കോർഡ് കുറിച്ച ഡോണജീൻ വൈൽഡിന്റെ ഈ അതിമാനുഷിക പ്രകടനം ലോകമെമ്പാടുമുള്ള ഫിറ്റ്‌നസ് പ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ്. ലോക പ്രശസ്തമായ ഹണ്ട്‌സ്മാൻ വേൾഡ് സീനിയർ ഗെയിംസിലാണ് ഇവർ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. ഹണ്ട്‌സ്മാൻ വേൾഡ് സീനിയർ ഗെയിംസ് സംഘാടകർ ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പങ്കുവെച്ച റെക്കോർഡ് നേട്ടത്തിന്റെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകമാണ് തരംഗമായി മാറിയത്. ഡിജിറ്റൽ ടൈമറിലെ സമയം ഓരോ സെക്കൻഡും മിനിറ്റും കടന്ന് അഞ്ച് മണിക്കൂറിലേക്ക് എത്തുമ്പോഴും, ഒട്ടും പതറാതെ, പൂർണ്ണ ഏകാഗ്രതയോടെ തറയിൽ ഉറച്ചുനിൽക്കുന്ന ഡോണജീനെയണ് വിഡിയോയിൽ കാണാൻ കഴിയുന്നത്.

'61-ാം വയസ്സിൽ, അഞ്ച് മണിക്കൂർ തികച്ചുകൊണ്ട് ഡോണജീൻ വൈൽഡ് വനിതകളുടെ ഏറ്റവും ദൈർഘ്യമേറിയ അബ്‌ഡോമിനൽ പ്ലാങ്കിന്റെ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നു,' എന്ന കുറിപ്പോടെയാണ് സംഘാടകർ ഈ അഭിമാന നിമിഷത്തിന്റെ വാർത്ത ലോകത്തെ അറിയിച്ചത്.

ഫിറ്റ്‌നസിന് പ്രധാന്യം കൊടുക്കുന്നവർക്ക് വളരെ പരിചിതമായ ഒന്നാണ് പ്ലാങ്ക്. ശരീരത്തിന്റെ ഭാരം മുഴുവൻ കൈമുട്ടുകളിലും കാൽവിരലുകളിലും താങ്ങി, കഴുത്തു മുതൽ പാദം വരെ ഒരേ നേർരേഖയിൽ നിർത്തി ചെയ്യുന്ന ഒരു കോർ-സ്‌ട്രെങ്തനിങ് വ്യായാമമാണിത്. പ്ലാങ്ക് ചെയ്യുമ്പോൾ വയറിലെ പേശികൾ, നടുവ്, തോളുകൾ, തുടയിലെ പേശികൾ എന്നിവയിൽ ശക്തമായ സമ്മർദ്ദം അനുഭവപ്പെടുന്നു.

കേവലം രണ്ട് മിനിറ്റ് പ്ലാങ്ക് പൊസിഷനിൽ നിൽക്കുമ്പോൾ തന്നെ പേശികൾ വിറയ്ക്കാനും, ശ്വാസോച്ഛ്വാസം കഠിനമാകാനും തുടങ്ങും. അതിനാൽ തന്നെ ഒരു മിനിറ്റിൽ കൂടുതൽ പ്ലാങ്ക് ചെയ്യുന്നത് വലിയൊരു കായിക വെല്ലുവിളിയായാണ് കരുതപ്പെടുന്നത്. പേശികളുടെ അസഹനീയമായ വേദനയെയും ക്ഷീണത്തെയും അതിജീവിച്ച് അഞ്ച് മണിക്കൂർ തുടർച്ചയായി ഈ അവസ്ഥയിൽ നിൽക്കുക എന്നത് കേവലം കായികക്ഷമത കൊണ്ട് മാത്രം സാധിക്കുന്ന ഒന്നല്ല; മറിച്ച് അസാധ്യമായ മാനസിക നിയന്ത്രണവും ഏകാഗ്രതയും കൊണ്ട് മാത്രമാണ്.

ഡോണജീൻ വൈൽഡിന്റെ നേട്ടം പുറത്തുവന്നതോടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമാണ്. സാധാരണക്കാർ മുതൽ പ്രശസ്ത ഫിറ്റ്‌നസ് ഇൻഫ്‌ലുവൻസർമാർ വരെ ഡോണജീന്റെ മനക്കരുത്തിന് മുന്നിൽ നമിക്കുകയാണ്. അഞ്ച് മണിക്കൂർ എന്ന നേട്ടം കണ്ട് ഞെട്ടാത്തവരില്ലെന്ന് കമന്റ് സെക്ഷൻ നോക്കിയാൽ മനസ്സിലാകും. ഇന്നലെ ഞാൻ ആദ്യമായി 40 സെക്കൻഡ് പ്ലാങ്ക് ചെയ്തു, അത് എന്റെ വ്യക്തിഗത റെക്കോർഡാണെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ കാഴ്ച കാണുന്നത്! എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, 'ഞാൻ അടുത്തിടെയാണ് 3 മിനിറ്റ് പ്ലാങ്ക് പൂർത്തിയാക്കിയത്, അതിൽ അഭിമാനിച്ചിരുന്ന എനിക്ക് ഈ കാഴ്ച വിശ്വസിക്കാൻ കഴിയുന്നില്ല' എന്ന് മറ്റൊരു ഫിറ്റ്‌നസ് പ്രേമി കുറിച്ചു. 'അഞ്ച് മിനിറ്റ് തികയ്ക്കാൻ ഞാൻ പാടുപെടുമ്പോഴാണ് അമ്മ അഞ്ച് മണിക്കൂർ പൂർത്തിയാക്കിയത്. സല്യൂട്ട്!' എന്നും 'വനിതകൾ എന്തും സാധിച്ചെടുക്കും എന്ന് തെളിയിച്ച നിമിഷം' എന്നും കമന്റുകളുണ്ട്.

ഈ അവിശ്വസനീയ നേട്ടത്തിന് പിന്നിൽ ഡോണജീന്റെ വർഷങ്ങൾ നീണ്ട പരിശീലനവും ആത്മസമർപ്പണവുമുണ്ട്. 58-ാം വയസ്സിൽ കൈത്തണ്ടകൾക്ക് സാരമായ പരിക്കേറ്റിട്ടും ഫിറ്റ്‌നസ് യാത്ര നിർത്തിവെക്കാൻ അവർ തയ്യാറായിരുന്നില്ല. വേദനകളെ അതിജീവിച്ച് വ്യായാമം ജീവിതചര്യയാക്കിയ അവർ, നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ പ്രായവും ശാരീരിക ബുദ്ധിമുട്ടുകളും വഴിമാറുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കായികക്ഷമത നിലനിർത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക്, വലിയൊരു പ്രചോദനമാണ് ഡോണജീൻ വൈൽഡിന്റെ ഈ നേട്ടം. അറുപതുകളിൽ വിശ്രമജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ, ലക്ഷ്യബോധവും കഠിനാധ്വാനവും ഉണ്ടെങ്കിൽ പ്രായത്തെ തോൽപ്പിച്ച് ലോകത്തിന്റെ നെറുകയിൽ എത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ.

Content Highlights: Donna Jean Wilde breaks the women's abdominal plank world record at the Huntsman World Senior Games, inspiring admiration from fitness fans globally.