ജാഡയാണെന്ന് കരുതി ഒരു ഹായ് പോലും തന്നില്ല, ഒടുവിൽ ഇംഗ്ലണ്ടിലെ സർപ്രൈസിൽ വീണു

'എന്റെ ഈ നേട്ടത്തില്‍ എന്നേക്കാള്‍ സന്തോഷിക്കുക ദിനേശ് കാര്‍ത്തിക്കായിരിക്കും. അമ്മയായ ശേഷമുള്ള എന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ മത്സരം. ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം സ്‌ക്വാഷിലേക്ക് തിരിച്ചെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. ശാരീരികമായും മാനസികമായും ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ അതെല്ലാം മറികടക്കാനുള്ള ആത്മവിശ്വാസം പകര്‍ന്നതും ഫിറ്റ്നസ് വീണ്ടെടുത്തതുമെല്ലാം കാര്‍ത്തിക് നല്‍കിയ പിന്തുണയിലാണ്. ഞാന്‍ ഇനി അടുത്ത 20 വര്‍ഷം സ്‌ക്വാഷ് കളിച്ചാലും കാര്‍ത്തിക് എല്ലാ പിന്തുണയുമായി കൂടെയുണ്ടാകുമെന്ന് എനിക്കുറപ്പാണ്.'- ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട സ്വര്‍ണ മെഡല്‍ നേട്ടത്തിന് ശേഷം ദീപിക പള്ളിക്കലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ജീവിതത്തില്‍ താങ്ങും തണലുമായി നില്‍ക്കുന്നതുപോലെ കരിയറിലും ദിനേശ് കാര്‍ത്തിക് എന്ന ഭര്‍ത്താവ് തന്നെ എത്രത്തോളം ചേര്‍ത്തിപിടിച്ചിരിക്കുന്നു എന്നത് ദീപികയുടെ വാക്കുകളില്‍ വ്യക്തമാണ്.
എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2015 ഓഗസ്റ്റ് 18-നായിരുന്നു ഇന്ത്യന്‍ കായികരംഗത്തെ 'ഡി കപ്പ്ളാ'യ ദിനേശ് കാര്‍ത്തിക്കിന്റേയും ദീപിക പള്ളിക്കലിന്റേയും വിവാഹം. പ്രൊഫഷണല്‍ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും പ്രതിസന്ധികളിലൂടെ സഞ്ചരിച്ച് സന്തോഷം, സമാധാനം എന്നീ വാക്കുകളുടെ ഉറവിടം കണ്ടെത്തിയവര്‍. കുട്ടിക്കാലം മുതല്‍ കഠിനാധ്വാനം ചെയ്താണ് ഇരുവരും ഇന്ത്യന്‍ ജഴ്സിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. 2010-ല്‍ ഒരു മാരത്തണ്‍ മത്സരത്തിനിടയിലായിരുന്നു ആദ്യ കൂടിക്കാഴ്ച്ച. എന്നാല്‍ അതൊരിക്കലും 'ആദ്യ കാഴ്ച്ചയിലെ പ്രണയം' ആയിരുന്നില്ല. പരസ്പരം മനസിലാക്കി അടുത്ത സുഹൃത്തക്കളായതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്.
Content Highlights: dinesh karthik and dipika pallikal love story