ദേവദാസിൽ ഐശ്വര്യ ഉടുത്ത ആ സാരി വീണ്ടും നിർമിക്കാനാവില്ല; കാരണം വെളിപ്പെടുത്തി നീത

ദേവദാസില്‍ ഐശ്വര്യ റായ്
ദേവദാസില്‍ ഐശ്വര്യ റായ്

ലോകസുന്ദരി കിരീടനേട്ടത്തിന് ശേഷം ആഗോളതലത്തിൽ ഐശ്വര്യയുടെ അഭിനയമികവും സൗന്ദര്യവും ചർച്ച ചെയ്യാൻ കാരണമായ ചിത്രമാണ് സഞ്ജയ് ലീല ബൻസാലി സംവിധാനം നിർവഹിച്ച് 2002ൽ പുറത്തിറങ്ങിയ ക്ലാസിക്കൽ ട്രാജഡി ദേവദാസ്. അമേരിക്കൻ ഗായിക ബിയോൺസ് മാസ്മരിക പ്രകടനമെന്നാണ് ഐശ്വര്യയുടെ പ്രകടനത്തെ വിശേഷിപ്പിച്ചത്. ഐശ്വര്യയ്‌ക്കൊപ്പം അവർ ധരിച്ച സാരികളും ഫാഷൻ ലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഐശ്വര്യ ചിത്രത്തിൽ ഉടുത്ത സാരികളുടെ പിന്നിലെ ചിത്രപ്പണികളെ കുറിച്ചും സർഗാത്മക കാഴ്ചപ്പാടുകളെ കുറിച്ചും ചിത്രത്തിലെ കോസ്റ്റിയൂം ഡിസൈനറായ നീത ലുല്ല സംസാരിക്കുകയാണ്.

കഥാപാത്രങ്ങളുടെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പ് മുതൽ എംബ്രോയ്ഡറി വരെ ശ്രദ്ധാപൂർവമാണ് നീത ചെയ്തത്. അത് സംവിധാകന്റെ സിനിമാറ്റിക് കാഴ്ചപ്പാടിനെ തൃപ്തിപ്പെടുത്തുന്നതായിരിക്കണമെന്ന നിർബന്ധബുദ്ധിയും തനിക്കുണ്ടായിരുന്നതായി നീത പറയുന്നു. ചിത്രത്തിൽ ഐശ്വര്യ ധരിച്ച ഏറെ ശ്രദ്ധ നേടിയ റോയൽ ബ്ലു സാരി, അപൂർവമായ സ്പൺ സിൽക്ക് ഫാബ്രിക് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

'ഞാൻ ആ സാരിക്കായി ഉപയോഗിച്ചിരുന്ന ഫാബ്രിക് സ്പൺ സിൽക്ക് എന്നാണ് അറിയപ്പെടുന്നത്. അത് ഇപ്പോൾ ലഭ്യമല്ല. സാരിയിലുള്ള പെറ്റിക്കോട്ട് നിർമിച്ചിരിക്കുന്നത് ബ്രോക്കേഡ് ഉപയോഗിച്ചാണ്. അത് ജാമവർ ബ്രൊക്കേഡ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഐശ്വര്യ എന്തെങ്കിലും ചെയ്യുകയോ, ഓടുകയോ ചെയ്യുമ്പോൾ സാരി മുകളിലേക്ക് പൊങ്ങുന്നതിന് വേണ്ടി മാത്രം. 10 മീറ്ററാണ് സാരിയുടെ നീളം. വസ്ത്രം മാറുന്നത് ഒരു വലിയ ടാക്‌സ് ആകാതിരിക്കുന്നതിനായി സാരി നേരത്തേതന്നെ ഞൊറിഞ്ഞ് വച്ചിരുന്നു. അതുകൊണ്ടുതന്നെ മൂന്നോ നാലോ സെക്കൻഡുകൾക്കുള്ളിൽ സാരി ധരിക്കാൻ സാധിക്കുമായിരുന്നു. സാരിയിൽ നിങ്ങൾ കാണുന്ന എംബ്രോയ്ഡറി മുഴുവൻ വൂളും സിൽക്കും പേളുകളും കൊണ്ട് സർദോരി ധാക്കയിൽ നിർമിച്ചതാണ്. ഒരു വിന്റേജ് ലുക്ക് കൊണ്ടുവരാൻ അത് സഹായിച്ചു. ' നീത പറയുന്നു.

സിനിമയ്ക്കായി വസ്ത്രങ്ങൾ നിർമിക്കുമ്പോൾ സൗന്ദര്യാത്മകതയ്‌ക്കൊപ്പം തന്നെ അതിന്റെ പ്രായോഗികതയ്ക്കും പ്രാധാന്യമുണ്ടെന്ന് അവർ പറഞ്ഞു. സാരി ഉടുക്കുന്നതിനായി ഒടുപാട് സമയം ചെലവഴിക്കാനാവില്ലെന്ന് തുടക്കം മുതൽ തന്നെ ചിന്തിച്ചിരുന്നതായി നീത പറയുന്നു. തന്നെയുമല്ല വസ്ത്രാലങ്കാരത്തിലേക്ക് കടക്കുന്നതിന് മുമ്പായി ആറുമാസത്തോളം നിരവധി ഗവേഷണങ്ങൾ നടത്തി. കൊൽക്കത്തയിൽ ഫാബ്രിക്‌സിനെ കുറിച്ച് പഠിക്കാനായി പോയിരുന്നു. ദേവദാസിന് വേണ്ടി ഏത് തരം ഫാബ്രിക് സൈക്കിളുകളാണ് ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് അതിനുശേഷമാണ്. പലപ്പോഴും ചർച്ചകൾക്കും ഡിസൈനുകൾ നോക്കുന്നതിനുമായി സഞ്ജയ് എന്റെ വീട്ടിലേക്ക് വന്നിരുന്നു.

ഐശ്വര്യയുടെ ആദ്യ കാൻ റെഡ് കാർപെറ്റ് സാരിയെ കുറിച്ചും നീത സംസാരിക്കുന്നുണ്ട്. മഞ്ഞ സിൽക്ക് സാരി ധരിച്ചാണ് കാനിൽ ദേവദാസിന്റെ പ്രീമിയറിനായി ഐശ്വര്യ സഞ്ജയ് ലീല ബൻസാലി, ഷാരൂഖ് എന്നിവർക്കൊപ്പം ആദ്യമെത്തുന്നത്. ഒരു ആഗോള വേദിയിൽ ഇന്ത്യൻ ടെക്‌സറ്റൈൽ ഹെറിറ്റേജ് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 'കാൻ വേദിയിൽ ഇന്ത്യയെ ആദ്യമായി അവതരിപ്പിക്കുകയായിരുന്നു ആ സാരിയിലൂടെ. നമ്മുടെ എംബ്രോയ്ഡറി പൈതൃകത്തിന്റെ സത്ത ആഗോള വേദിയിൽ അവതരിപ്പിക്കുക, പാശ്ചാത്യ മാധ്യമങ്ങൾ കണ്ടിട്ടില്ലാത്ത മനോഹരമായ ഡ്രേപ്പുകൾ സൃഷ്ടിക്കുക, ദേവദാസിലെ പോലെ സാരി ഉണ്ടാക്കുന്നതിനായി ധാകായ് ബനാറസി നെറ്റ് ഉപയോഗിക്കുക, വജ്രങ്ങൾക്ക് പകരം സ്വർണാഭരണങ്ങൾ ഉപയോഗിക്കുക തുടങ്ങിയവായിരുന്നു അന്ന് മനസ്സിലുണ്ടായിരുന്ന കാര്യങ്ങൾ. വളരെ ലളിതവും ഗംഭീരവുമായ ഒന്ന്..' നീത ഓർക്കുന്നു.

Content Highlights: The iconic royal blue saree from Devdas used rare 'spun silk' which is no longer available, Costume designer Neeta Lulla spent six months researching fabrics in Kolkata for the film. The sarees were pre-pleated to allow Aishwarya to dress in under four seconds during shoots, Aishwarya's 2002 Cannes yellow saree was designed to showcase Indian textile heritage globally. The embroidery utilized vintage techniques with wool, silk, and pearls to achieve a classic look.