ഗോത്രസംസ്‌കാരം കാന്‍വാസില്‍ പകര്‍ത്തി ഒരു ചിത്രകാരന്‍; പക്ഷേ, മഴ നനയാതെ സൂക്ഷിക്കാന്‍ ഇടമില്ല

#ഷാന്‍ ജോസഫ്
ദാസന്‍ വയനാട് ചിത്രരചനയ്ക്കിടെ | ഫോട്ടോ: മാതൃഭൂമി
ദാസന്‍ വയനാട് ചിത്രരചനയ്ക്കിടെ | ഫോട്ടോ: മാതൃഭൂമി

ഗോത്രസംസ്‌കൃതിയുടെ അടയാളങ്ങളാണ് അമ്പലവയല്‍ അമ്പലക്കുന്ന് കോളനിയിലെ ദാസന്റെ ചിത്രങ്ങള്‍. മൂന്നുപതിറ്റാണ്ടിലേറെയായി ചിത്രകലാരംഗത്ത് സജീവമായ ദാസന്‍ ചിത്രംവര ശാസ്ത്രീയമായി പഠിച്ചിട്ടില്ല. എങ്കിലും പ്രകൃതിയും മനുഷ്യനും സംസ്‌കാരവുമെല്ലാം ഇഴചേരുന്ന ദാസന്റെ സൃഷ്ടികള്‍ ജീവന്‍ തുടിക്കുന്നവയാണ്.

കാന്‍വാസിലും ചുമരിലുമെല്ലാം ദാസന്‍ വരച്ചുതീര്‍ത്ത ചിത്രങ്ങള്‍ കാഴ്ചക്കാരോട് കഥപറയും. ചിലത് ഗോത്രസംസ്‌കൃതിയുടെ ചരിത്രത്താളുകളിലേക്ക് കൂട്ടിക്കൊണ്ടുപോകും. പണിയവിഭാഗക്കാരാനായ ഇദ്ദേഹത്തിന്റെ ചിത്രങ്ങളേറെയും ഗോത്രാചാരങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ്.

വയനാട് രൂപപ്പെട്ട കാലംമുതല്‍ ആദിവാസി വിഭാഗങ്ങള്‍ അനുഷ്ഠിച്ചുപോന്ന ആചാരങ്ങളും ചടങ്ങുകളും അവരണിഞ്ഞ വസ്ത്രങ്ങളുമെല്ലാം വരകളില്‍ തെളിഞ്ഞുനില്‍ക്കുന്നു. ക്രിസ്ത്യന്‍ പള്ളികളുടെ അള്‍ത്താരയില്‍ ഗാഗുല്‍ത്തായുടെ ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ മികവുതെളിയിച്ച ചിത്രകാരനാണിദ്ദേഹം. 

പെയിന്റിങ് ജോലി കഴിഞ്ഞുള്ള വിശ്രമവേളകളിലാണ് കലാസൃഷ്ടികള്‍ ഏറെയും പിറവികൊള്ളുന്നത്. ബെംഗളൂരുവിലുള്ള ഒരാള്‍ക്കുവേണ്ടി കാന്‍വാസില്‍ വരച്ച രണ്ട് ചിത്രങ്ങളാണ് ഒടുവില്‍ വരച്ചത്. ആദിവാസികളുടെ കൈകൊട്ടിപ്പാട്ടാണ് ഒരുചിത്രം. പണിയവിഭാഗക്കാരുടെ മരണാനന്തര ചടങ്ങുകളെ അടയാളപ്പെടുത്തുന്നതാണ് രണ്ടാമത്തേത്. 

പതിനേഴാംവയസ്സില്‍ ബ്രഷും നിറങ്ങളും കൈയിലെടുത്തതാണ് ദാസന്‍. രണ്ടു പെണ്‍മക്കളെയും ഉന്നതവിദ്യാഭ്യാസത്തിനയച്ചത് വരയില്‍നിന്നുള്ള വരുമാനംകൊണ്ടാണ്. ഭാര്യ എല്ലാകാര്യങ്ങളിലും സഹായിയായി ഒപ്പമുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ അനുവദിച്ച വീട്ടിലാണ് ദാസന്റെ താമസം. മഴപെയ്താല്‍ ചോര്‍ന്നൊലിക്കും. ഇക്കാരണത്താല്‍ മക്കളെ ഹോസ്റ്റലില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. ദാസന് കൂടുതല്‍ ചിത്രങ്ങള്‍ വരയ്ക്കാനും അത് മഴനനയാതെ സൂക്ഷിച്ചുവെക്കാനും ഇടമില്ല. എല്ലാവരും ഇഷ്ടപ്പെടുന്ന ചിത്രകാരനാണെങ്കിലും ചോര്‍ന്നൊലിക്കാത്ത വീടെന്നത് ദാസന്റെയും കുടുംബത്തിന്റെയും സ്വപ്നമാണിപ്പോഴും.

Content Highlights: dasan from ambalavayal portrays tribal culture through his paintings