2000 രൂപ കൂലി, പി.എസ്.സി പഠനം; ജീവിതം മാറ്റിയ പഞ്ചഗുസ്തി, കെെക്കരുത്തിൽ മിന്നും നേട്ടം

#അജ്മൽ എൻ.എസ്
ബുഷ്‌റ ഇമ്രാന്‍
ബുഷ്‌റ ഇമ്രാന്‍

ഒരു പോലീസ് ഉദ്യോഗസ്ഥയാകണം, അതായിരുന്നു തിരുവനന്തപുരം സ്വദേശ് ബുഷ്റ ഇമ്രാന്റെ ഏറെക്കാലമായുള്ള സ്വപ്നം. പക്ഷേ ജീവിതയാത്രയിൽ ഇടക്കുവെച്ച് ആ സ്വപ്നത്തിന് മങ്ങലേറ്റു, പക്ഷേ ബുഷ്റ തളർന്നില്ല. തന്‍റെ ലക്ഷ്യത്തിലേയ്ക്ക് മറ്റൊരു പാതയിലൂടെ യാത്ര ചെയ്യുകയാണ് അവരിപ്പോൾ. ഏഴ് വർഷങ്ങൾക്ക് മുൻപ് ജീവിതത്തെക്കുറിച്ച് ഓർത്ത് പകച്ചുനിന്ന ബുഷ്റ ഇന്ന് ഒരു ദേശീയ ആം റെസ്‌ലിങ് ചാമ്പ്യനാണ്. ലോക വേദിയാണ് ഇനി ലക്ഷ്യം. ഒരുഘട്ടത്തിൽ ജീവിതം പ്രതിസന്ധിയിലായപ്പോൾ ആരംഭിച്ച പഞ്ചഗുസ്തി ഇന്ന് ബുഷ്റയ്ക്ക് മറ്റൊരു അടയാളം നൽകുകയാണ്.
കുടുംബത്തിൻ്റെ എതിർപ്പ്, മകനുവേണ്ടിയുള്ള പോരാട്ടം
ബുഷ്റയുടെ ജീവിതത്തിൽ കായികരംഗത്തോടുള്ള താൽപര്യം പുതിയതല്ല. സ്കൂൾ, കോളജ് കാലത്ത് ഷോട്ട്പുട്ടിലും ഡിസ്കസിലും മത്സരിക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നു. ജില്ലാ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് ആ അവസരങ്ങൾ പ്രയോജനപ്പെടുത്താനായില്ല.
വിവാഹ ജീവിതത്തിലേയ്ക്ക് കടന്നപ്പോഴും ബുഷ്റയെ പ്രയാസങ്ങൾ പിന്തുടർന്നു. വിവാഹം വേർപിരിയലും കുടുംബത്തിലെ എതിർപ്പുകളുമെല്ലാം തളർത്തി. മകനെ വളർത്തണം, മാതാപിതാക്കളെ നോക്കണം, സ്വന്തമായി ഒരു വരുമാനം കണ്ടെത്തണം, ഇതായിരുന്നു ലക്ഷ്യം.


പി.എസ്.സി പഠനത്തിനൊപ്പം ജിം, ജീവിതം മാറ്റിയ പഞ്ചഗുസ്തി
2019-ൽ ശരീരം ഫിറ്റാക്കുന്നതിനായി ജിമ്മിൽ ചേർന്ന ബുഷ്റയുടെ കഴിവ് പരിശീലകന്റെ ശ്രദ്ധയിൽപ്പെട്ടു. സാധാരണ വ്യായാമത്തിനപ്പുറം കായികപരിശീലനത്തിന് അനുയോജ്യമായ ശരീരശേഷിയുണ്ടെന്ന് തിരിച്ചറിഞ്ഞ പരിശീലകൻ ആം റെസ്‌ലിങ്ങിലേക്ക് തിരിയാൻ പ്രോത്സാഹിപ്പിച്ചു.
ആ സമയം രണ്ടായിരം രൂപ വരുമാനമുള്ള പാർടെെം ജോലിക്കൊപ്പം പി.എസ്.സി പഠനവുമായാണ് മുന്നോട്ട് പോയത്. പഞ്ച ഗുസ്തിയിലേയ്ക്ക് കടക്കാനുള്ള തീരുമാനം പിന്നീട് ബുഷ്റയുടെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു.
പരിശീലനം ആരംഭിച്ചതിനൊപ്പം ജിമ്മിൽ ഇൻസ്ട്രക്ടറായി ജോലി ചെയ്യാനുള്ള അവസരവും ലഭിച്ചു. കുടുംബത്തിൽ നിന്ന് വീണ്ടും എതിർപ്പുണ്ടായെങ്കിലും ഇത്തവണ ഉമ്മ ബുഷ്റയ്ക്കൊപ്പം നിന്നു. പോലീസ് ജോലി എന്ന സ്വപ്നവും അപ്പോഴും കൈവിട്ടില്ല. ജോലി ചെയ്യുന്നതിനൊപ്പം പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും തുടർന്നു.
ആം റെസ്‌ലിങ്ങിന് ഒരു സർക്കാർ ജോലി നേടാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതോടെ കായികരംഗത്തോടുള്ള സമീപനവും മാറി. മെഡലുകൾ നേടുക എന്നതിനൊപ്പം സ്വന്തം ജീവിതത്തിന് ഒരു സ്ഥിരത കണ്ടെത്താനുള്ള വഴിയായും ഈ കായിക ഇനത്തെ ബുഷ്റ കണ്ടു.
'പർദ്ദ ഇട്ടുനടന്ന ഞാൻ ജിമ്മിൽ പോകുന്നതും മുടി മുറിക്കുന്നതുമൊക്കെ ബന്ധുക്കൾക്ക് ഇഷ്ടക്കേടുണ്ടാക്കിയിരുന്നു. ഉമ്മയും ഉപ്പയുമായിരുന്ന പിന്തുണ. ഒരു ഘട്ടത്തിൽ ആരുടെ നെഗറ്റീവ് വാക്കുകളും ഗൗനിക്കേണ്ടതില്ല എന്ന് ഞാൻ തീരുമാനിച്ചു. എന്റെ ഓരോ മെഡലുകളും അവർക്കുള്ള മറുപടികളാണ്'- ബുഷ്റ പറയുന്നു
കഠിനമായ മത്സരകാലം, രാജ്യത്തിനായി മെഡൽ നേട്ടം
സംസ്ഥാനതലത്തിൽ 80 കിലോ വിഭാഗത്തിൽ മത്സരിച്ച് മൂന്നാം സ്ഥാനം നേടിയതോടെയാണ് ബുഷ്റയ്ക്ക് പഞ്ചഗുസ്തിയിൽ ആത്മവിശ്വാസം വർധിക്കുന്നത്. പിന്നീട് ദേശീയ മത്സരങ്ങളിൽ നേട്ടങ്ങൾ സ്വന്തമാക്കി. ഡൽഹിയിൽ നടന്ന ഏഷ്യൻ ആം റെസ്‌ലിങ് ചാമ്പ്യൻഷിപ്പിലും വെങ്കല മെഡൽ നേടി. ഇടത് കൈ കൊണ്ടും വലത് കൈ കൊണ്ടും ഒരുപോലെ മത്സരിക്കാൻ കഴിയുന്ന താരമെന്ന പ്രത്യേകതയും ബുഷ്റയ്ക്കുണ്ട്.
ദേശീയ ആം റെസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ ഇടത് കൈയിലും വലത് കൈയിലും ബുഷ്റ സ്വർണം നേടി. രണ്ട് വിഭാഗങ്ങളിലും ദേശീയ ചാമ്പ്യനായ ഈ നേട്ടം കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായങ്ങളിലൊന്നായി.
നേട്ടങ്ങൾക്കിടയിലും നിരാശകൾ താരത്തെ പിന്തുടരുന്നുണ്ടായിരുന്നു. 2022 മുതൽ ഗൗരവമായി മത്സരരംഗത്തുള്ള ബുഷ്റ രണ്ടുതവണ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. എന്നാൽ വിദേശയാത്രയ്ക്കുള്ള ചെലവ് കണ്ടെത്താൻ കഴിയാതിരുന്നതായിരുന്നു കാരണം ലോക വേദിയിലെത്താൻ കഴിഞ്ഞില്ല. സ്പോൺസർമാരെ ലഭിക്കാതിരുന്നതും തിരിച്ചടിയായി. യോഗ്യത നേടിയിട്ടും മത്സരിക്കാനാകാതെ പോയ ആ ദിവസങ്ങൾ താരത്തെ തളർത്തിയെങ്കിലും പരിശീലനം മുടക്കിയില്ല.
ഇനിയും മുന്നേറണം, ലക്ഷ്യം രാജ്യത്തിനായി സ്വർണം
ഒരു എട്ട് വയസ്സുകാരന്റെ അമ്മയായ ബുഷ്റയുടെ ജീവിതം നിരവധി ഉത്തരവാദിത്തങ്ങൾക്കിടയിലാണ് മുന്നേറുന്നത്. ജിമ്മിലെ ജോലി, മകന്റെ കാര്യങ്ങൾ, മാതാപിതാക്കളുടെ സംരക്ഷണം, സ്വന്തം പരിശീലനം എല്ലാം ഒരുമിച്ച് കൊണ്ടുപോകണം.
വീണ്ടും ഒരു വലിയ മത്സരത്തിന് തയ്യാറെടുക്കുകയാണ് ബുഷ്റ, ഡൽഹിയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പ്. വർഷങ്ങളായി മനസ്സിൽ സൂക്ഷിക്കുന്ന പോലീസ് ജോലി എന്ന സ്വപ്നത്തിലേക്ക് എത്താനുള്ള സാധ്യതയും ബുഷ്റ തേടുന്നു. ജോലിക്കായി ദിവസവും മണിക്കൂറുകൾ മാറ്റിവെക്കുന്നതിനൊപ്പം ഏകദേശം മൂന്ന് മണിക്കൂർ ജിം പരിശീലനവും നടത്തുന്നു. ഭക്ഷണത്തിലും നിയന്ത്രണം വേണമെന്ന് ബുഷ്റ പറയുന്നു.
'ഭക്ഷണത്തിലും നിയന്ത്രണം നിയന്ത്രണം അനിവാര്യമാണ്. പണ്ട് ഒരുപാട് മധുരം കഴിച്ചിരുന്ന ആളാണ് ഞാൻ. ജങ്ക് ഫുഡ്, പഞ്ചസാര, എണ്ണ എന്നിവ ഒഴിവാക്കി ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ഊർജവും ലഭിക്കുന്ന ഭക്ഷണമാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. ചിക്കൻ, മുട്ട, മധുരക്കിഴങ്ങ്, ബ്രൗൺ റൈസ്, ബ്രൗൺ ബ്രെഡ്, സാലഡുകൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാണ്. ആം റെസ്‌ലിങ്ങിൽ കരുത്ത് മാത്രമല്ല, ടെക്നിക്കും പ്രധാനമാണ്. കൈമുട്ടിനും കൈയ്ക്കും ഉണ്ടാകുന്ന ചെറിയ പരിക്ക് പോലും ദീർഘകാലം മത്സരങ്ങളിൽ നിന്ന് മാറ്റിനിർത്തിയേക്കാം. അതുകൊണ്ടുതന്നെ പരിശീലനത്തിൽ വളരെയേറെ ശ്രദ്ധിക്കണം. വീണ്ടും വിവാഹത്തിന് കുടുംബത്തിൽ നിന്ന് നിർബന്ധിക്കാറുണ്ട്. പക്ഷേ എനിക്ക് എന്റെ മകനൊപ്പം ജീവിക്കാനാണ് ഇപ്പോൾ ആഗ്രഹം. അവനുവേണ്ടിയാണ് ഞാൻ മത്സരിക്കാനിറങ്ങുന്നത്. ഞാൻ തോറ്റാൽ എൻ്റെ മകനും തോൽക്കും, എൻ്റെ വിജയം അവൻ്റേത് കൂടിയാണ്' -ബുഷ്റ പറയുന്നു
ലോകവേദിയിലെ സ്വർണനേട്ടമാണ് ഇനി ബുഷ്റയുടെ മുന്നിലുള്ളത്, അവിടെ വിജയിക്കണം. പിന്നെ തന്റെ സ്വപ്നമായ കാക്കി കുപ്പായം അണിയണം. പ്രതിസന്ധികളെ അതിജീവിച്ച് സ്വന്തം ജീവിതം മാറ്റിയെഴുതിയ ബുഷ്റ, ഇന്ന് സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്ന ഓരോരുത്തർക്കും പ്രചോദനമാവുകയാണ്.

Content Highlights: Overcame financial instability and family opposition to pursue professional sports., Transitioned from a low-wage job and PSC studies to becoming a national champion., Achieved dual gold medals in both left and right-hand categories., Balancing motherhood, employment, and rigorous training for world championships., Strategic focus on nutrition and technical training for athletic excellence.