ബോളിവുഡ്താരങ്ങളുടെ മകൻ, 100ലധികം ഓഡിഷനുകളിൽ പരാജയം; യൂട്യൂബ് വരുമാനം കൊണ്ട് ആഡംബരവീട് സ്വന്തമാക്കി

ബോളിവുഡ് താരങ്ങളുടെ മക്കൾക്ക് സിനിമാപ്രവേശനം എളുപ്പമാണെന്നൊരു ധാരണയുണ്ട്. എന്നാൽ സിനിമാലോകത്തെ വലിയ കുടുംബത്തിന്റെ തണലുണ്ടായിട്ടും ആ വഴി സ്വീകരിക്കാതെ, സ്വന്തമായൊരു വഴി വെട്ടിത്തെളിച്ച കഥയാണ് ആര്യമൻ സേത്തിയ്ക്ക് പറയാനുള്ളത്. ഇതിന് പിന്നിൽ പരാജയങ്ങളുടെയും തിരിച്ചടികളുടെയും അതിജീവനത്തിന്റെയും വലിയൊരു കഥയുണ്ട്.
നടനായി സ്വയം അടയാളപ്പെടുത്താനായിരുന്നു ബോളിവുഡ് താരദമ്പതികളായ അർച്ചന പൂരൺ സിംഗിന്റെയും പർമീത് സേത്തിയുടെയും ഇളയ മകനായ ആര്യാമൻ സേത്തി ആദ്യം ശ്രമിച്ചത്. എന്നാൽ തുടർച്ചയായ നിരസിക്കലുകളായിരുന്നു അവനെ കാത്തിരുന്നത്. നൂറിലധികം സിനിമാ-സീരിയൽ ഓഡിഷനുകളിൽ പങ്കെടുത്തെങ്കിലും ഒരിടത്തുനിന്നും അനുകൂലമായ മറുപടി അയാൾക്ക് ലഭിച്ചില്ല. തുടർച്ചയായ തിരിച്ചടികളിൽ മനംനൊന്ത് പിന്മാറാതെ ആര്യമൻ തന്റെ ചിന്തകളെയും കഴിവുകളെയും വേറൊരു ദിശയിലേക്ക് തിരിച്ചുവിട്ടു.
2024-ൽ 'ആരി വ്ളോഗ്സ്' എന്ന സ്വന്തം യുട്യൂബ് ചാനൽ അവൻ ആരംഭിച്ചു. തന്റെ കുടുംബവിശേഷങ്ങളും ജീവിതാനുഭവങ്ങളും തമാശകളും പങ്കുവെച്ച വ്ളോാഗുകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് 3.42 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരെ നേടി ജനപ്രിയനായി മാറാൻ ആര്യമന് സാധിച്ചു. ഈ ഡിജിറ്റൽ കണ്ടന്റ് മേക്കിങ്ങിൽ നിന്നും ബ്രാൻഡ് ഡീലുകളിൽ നിന്നും ലഭിച്ച വരുമാനം ഉപയോഗിച്ച് പുതിയൊരു ആഡംബരഭവനം സ്വന്തമാക്കിയിരിക്കുകയാണ് ആര്യമൻ. തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നും ആദ്യത്തെ ആഡംബര വസതി സ്വന്തമാക്കാൻ ഒരുങ്ങുന്നു എന്ന വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയിരിക്കുകയാണ്. തന്റെ സ്വപ്നസാക്ഷാത്ക്കാരത്തെക്കുറിച്ച് യൂട്യൂബ് വ്ളോഗിലൂടെ ആര്യമൻ തന്നെയാണ് വിശേഷങ്ങൾ പങ്കുവെച്ചത്.
മാതാപിതാക്കളുടെ സാമ്പത്തിക സഹായമില്ലാതെ സ്വന്തമായി ഒരു വീട് വാങ്ങുക എന്ന മകന്റെ വർഷങ്ങളായുള്ള സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുമ്പോൾ വികാരഭരിതരാവുകയാണ് അർച്ചനയും പർമീതും. വർഷങ്ങൾക്ക് മുൻപ് അർച്ചനയും പർമീതും ചേർന്ന് മുംബൈയിലെ തങ്ങളുടെ കൂറ്റൻ ബംഗ്ലാവിന് തൊട്ടടുത്തായി ഒരു ബംഗ്ലാവ് മകന് സമ്മാനമായി നൽകിയിരുന്നു. എന്നാൽ, മാതാപിതാക്കൾ നൽകിയ സമ്മാനങ്ങൾക്കപ്പുറം, സ്വന്തം അധ്വാനത്തിൽ നിന്നുള്ള പണം കൊണ്ടുതന്നെ ഒരു നിക്ഷേപം നടത്തണം എന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവൻ.
ഏകദേശം ഒന്നര-രണ്ട് വർഷം മുൻപാണ് ആരിൽ നിന്നും ഒരു രൂപ പോലും വാങ്ങാതെ സ്വന്തം പണം കൊണ്ട് ഒരു വീട് വാങ്ങുമെന്ന് ആര്യമൻ കുടുംബത്തോട് പറയുന്നത്. അന്ന് പറഞ്ഞ വാക്ക് ഇന്ന് യാഥാർത്ഥ്യത്തിലേക്ക് എത്തുമ്പോൾ ആര്യാമന് അത് വിശ്വസിക്കാൻ പോലുമാകുന്നില്ല.ഈ നിമിഷത്തെ വിശ്വസിക്കാൻ കഴിയുന്നില്ല. രണ്ടു കൊല്ലം മുൻപ് ഞാൻ എവിടെയായിരുന്നുവെന്ന് ആലോചിക്കാൻ കൂടി ഇപ്പോൾ കഴിയുന്നില്ല.
'ജീവിതം ഇന്ന് നമ്മെ എത്തിച്ചു നിർത്തിയിരിക്കുന്ന ഈ നിമിഷം വളരെ അത്ഭുതകരമാണ്. കുടുംബം എപ്പോഴും കൂടെയുണ്ടെന്ന് എനിക്കറിയാം. എങ്കിലും സ്വന്തമായി അധ്വാനിച്ച് ഒരു വീട് വാങ്ങുക, സ്വന്തമായി ഒരു ഇൻവെസ്റ്റ്മെന്റ് ഉണ്ടാക്കുക എന്ന് പറയുന്നത്... ദൈവമേ, എനിക്ക് ഇതൊരു സ്വപ്നം പോലെ തോന്നുമ്പോഴൊക്കെ എന്നെത്തന്നെ നുള്ളിനോക്കേണ്ടി വരുന്നു എന്ന് ആര്യാമൻ തനിക്കൊപ്പം നിന്ന സബ്സ്ക്രൈബർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് വ്ളോാഗിൽ പങ്കുവെച്ചു.
താൻ വാങ്ങാൻ ഉദ്ദേശിക്കുന്ന അപ്പാർട്ട്മെന്റ് കാണാൻ മാതാപിതാക്കൾക്കും തന്റെ പങ്കാളിയും നടിയുമായ യോഗിത ബിഹാനിക്കുമൊപ്പമാണ് ആര്യമൻ എത്തിയത്. മനോഹരവും വിശാലവുമായ 3.5 ബി.എച്ച്.കെ അപ്പാർട്ട്മെന്റിലാണ് ആര്യമന്റെ മനസുടക്കിയത്. കടൽ അഭിമുഖമായുള്ള ഈ അപ്പാർട്ട്മെന്റിൽ നല്ല വെളിച്ചവും കാറ്റും കയറിയിറങ്ങുന്ന അപ്പാർട്ട്മെന്റിന് വലിയ ബാൽക്കണികളുണ്ട്. കൂടാതെ പുസ്തകപ്രേമിയായ ആര്യമനുവേണ്ടി ഒരു പ്രത്യേക ലൈബ്രറി റൂം, വിശ്രമിക്കാൻ ഊഞ്ഞാൽ, വിശാലമായ മറ്റ് ലിവിങ് സ്പേസുകൾ എന്നിവയും ഇതിലുണ്ട്. എർത്തി ടോണിലാണ് വീടൊരുക്കിയിരിക്കുന്നത്. വർണാഭമായ ടൈലുകളും കോർത്തിണക്കിയുള്ള ഇന്റീരിയർ ഡിസൈൻ വീടിന് ഒരേ സമയം ആഡംബരവും ഊഷ്മളമായ അന്തരീക്ഷവും നൽകുന്നു.
മകന്റെ ഈ വളർച്ചയിൽ പർമീതിന്റെ മുഖത്ത് പ്രകടമായത് പിതാവിന്റെ അളറ്ററ്റ അഭിമാനമാണെന്ന് വീഡിയോയിൽ കാണാം. മകന്റെ വിജയത്തിൽ അതിരറ്റ സന്തോഷത്തിലാണ് അമ്മ അർച്ചന പൂരൺ സിംഗും. വീട് കാണുന്നതിനിടയിൽ ആവേശവും തമാശകളും പങ്കുവെച്ച അർച്ചന, തന്റെ മനസിലുള്ളത് തുറന്നുപറഞ്ഞു. 'നിന്റെ അച്ഛനേക്കാളും, നിന്നേക്കാളും കൂടുതൽ സന്തോഷിക്കുന്നത് ഞാനാണെന്നും അവർ പറഞ്ഞു.
Content Highlights: Aryaman Sethi faced over 100 acting audition rejections before finding success., Started 'Aari Vlogs' on YouTube in 2024, gaining over 3.42 lakh subscribers., Purchased a sea-facing 3.5 BHK luxury apartment entirely from his own digital income., Parents Archana Puran Singh and Parmeet Sethi expressed immense pride in his self-made success.