ജനിച്ച് മൂന്നാമത്തെ ദിവസം തുടയെല്ല് പൊട്ടി, അവിടന്നങ്ങോട്ട് അതൊരുശീലമായി; പക്ഷേ പാത്തു തളര്‍ന്നില്ല

#രമ്യ ഹരികുമാര്‍
-
-

'എല്ലാവരും എന്നോട് ചോദിക്കും എങ്ങനെയാണ് ഇങ്ങനെ ചിരിക്കാന്‍ പറ്റുന്നതെന്ന്, ജനിച്ചപ്പോഴേ ഇങ്ങനെ ആയിരുന്നോ എന്നൊക്കെ. എനിക്ക് ചിരിക്കാന്‍ ഇഷ്ടാണ്..മനസ്സിലെ സന്തോഷമാണ് എന്റെ ഈ ചിരി. എപ്പോഴും സന്തോഷമായിട്ടിരിക്കുക, മറ്റുളളവര്‍ക്കും കഴിയുന്ന പോലെ സന്തോഷം കൊടുക്കുക.' - നിറഞ്ഞ ചിരിയോടെ തന്നെ ഫാത്തിമ സംസാരിച്ചുതുടങ്ങി.

എല്ലുപൊടിയുന്ന രോഗമാണ് പാത്തുവിന്. ജനിച്ച് മൂന്നാമത്തെ ദിവസം ആദ്യമായി തുടയെല്ല് പൊട്ടി. അവിടന്നങ്ങോട്ട് അതൊരുശീലമായി. തുമ്മിയാല്‍, ഉറക്കെ ചിരിച്ചാല്‍, പെട്ടെന്ന് ഒന്നുഞെട്ടിയാല്‍ എല്ലാം പൊട്ടലുണ്ടാവും. ഇടതുകാലിന് മാത്രം അറുപതോളം പൊട്ടലുകള്‍. 'ആദ്യ ഫ്രാക്ചര്‍ സംഭവിച്ച് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോകടര്‍മാര്‍ പറഞ്ഞു എല്ലുപൊടിയുന്ന രോഗമാണ്. ഇപ്പോള്‍ സര്‍ജറിയൊന്നും ചെയ്യാന്‍ പററില്ലെന്ന്. തല മാത്രം താഴെയാക്കി കാല്‍ മുകളിലേക്ക് കെട്ടിയിട്ടു. അതായിരുന്നു ആദ്യ ചികിത്സ. പിന്നെ പൊട്ടലുണ്ടാകുമ്പോള്‍ പ്ലാസ്ററര്‍ ഇടും. അല്ലെങ്കില്‍ ഉഴിഞ്ഞുകെട്ടുന്ന ആളുകളുടെ അടുത്ത് പോകും.

ഏഴില്‍ പഠിക്കുമ്പോഴാണ് ഇടതുകാലില്‍ വീണ്ടും പൊട്ടലുണ്ടായി. ഉഴിഞ്ഞുകെട്ടുവരുടെ അടുത്ത് പോയി. അവര്‍ ആ കാല് ഉഴിഞ്ഞ് ശരിയാക്കുന്നതിനിടയില്‍ വലത്തേ കാലിനും പൊട്ടലുണ്ടായി. അതോടെ ഇനി ചെയ്യില്ലെന്ന് പറഞ്ഞ് അവര്‍ പോയി. അങ്ങനെയാണ് ആദ്യ സര്‍ജറി ചെയ്യുന്നത്, പിന്നെ ഇതുവരെ ആറോളം ശസ്ത്രക്രിയകള്‍.' കുട്ടിക്കാലത്തെ ആശുപത്രിവാസത്തെ വാക്കുകളിലൊതുക്കി ഫാത്തിമ.

സ്‌കൂളുകളിലേക്കുള്ള യാത്രകളൊന്നും എളുപ്പമായിരുന്നില്ല.'നാലാംക്ലാസ് വരെ ഉമ്മ എന്നെ എടുത്തിട്ട് സ്‌കൂളില്‍ കൊണ്ടുപോകുമായിരുന്നു.നാലാംക്ലാസില്‍ ആയപ്പോള്‍ എനിക്ക് വീല്‍ചെയര്‍ കിട്ടി. പിന്നെ ഓട്ടോയിലായി യാത്ര. പൈസയൊന്നും വാങ്ങാതെ എന്നെ ഓട്ടോയില്‍ സ്‌കൂളിലെത്തിച്ചിരുന്ന ഒരുപാട് നല്ല ആളുകളുണ്ട്. പിന്നെ പ്ലസ്വണ്ണിന് പഠിക്കുമ്പോഴാണ് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്‌കൂട്ടര്‍ എനിക്ക് കിട്ടുന്നത്. പിന്നെ തനിയെ യാത്ര ചെയ്തു തുടങ്ങി.ആറാംക്ലാസ് വരെയന്നും ഞാന്‍ ആരോടും മിണ്ടില്ലായിരുന്നു. സങ്കടം ഉണ്ടായിരുന്നില്ല. പക്ഷേ മിണ്ടണം,കൂട്ടാകണം,കളിക്കണം എന്നൊന്നുമില്ലായിരുന്നു. ക്ലാസിലെ മറ്റുകുട്ടികള്‍ ഇരിക്കുന്നതിന് ഒരു സൈഡില്‍ കസേരയിട്ട് ഇരിക്കും. പിന്നെ പതിയെ ഞാന്‍ എന്നെ അംഗീകരിച്ചു. ഞാന്‍ തന്നെ അവരോട് സംസാരിച്ചുതുടങ്ങി.'

സര്‍ജറിക്കും ബെഡ്റെസ്റ്റുകള്‍ക്കുമിടയില്‍ കുട്ടിക്കാലത്തെ ചക്രക്കസേരയിലിരുത്തി ഫാത്തിമ ഓരോ ക്ലാസും ജയിച്ചുകയറി. പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സ് കോച്ചിങ്ങിനുപോയി, എംബിബിഎസ് എടുക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ആദ്യഘട്ട കൗണ്‍സിലിങ്ങിനെത്തിയ ഫാത്തിമയോട് ഡിഗ്രിക്ക് ചേരാനാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. '42 ശതമാനം വരെ ഡിസെബിലിറ്റി ഉള്ളവരെയേ എംബിബിഎസ് പഠനത്തിന് അനുവദിക്കൂ. എനിക്ക് എനിക്ക് 65 ശതമാനമായിരുന്നു. പിന്നീട് എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു ആയുര്‍വേദമോ, ഹോമിയയോ ശ്രമിക്കൂവെന്ന്. ഞാന്‍ ഹോമിയോ എടുക്കാമെന്ന് തീരുമാനിച്ചു. പക്ഷേ അതുകിട്ടണമെങ്കിലും മെഡിക്കല്‍ ബോര്‍ഡ് കനിയേണ്ടേ. ഞാന്‍ ആദ്യമായി നടക്കാന്‍ ശ്രമിക്കുന്നത് അങ്ങനെയാണ്. വാക്കറിന്റെ സഹായത്തോടെ രണ്ടാഴ്ച നടന്നുപഠിച്ച് രണ്ടാമത്തെ കൗണ്‍സിലിങ്ങിന് ഞാന്‍  വാക്കറില്‍ നടന്നു ചെന്നു. ഇപ്പോള്‍ എഎന്‍എസ്എസ് ഹോമിയോ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്.' - കുറവുകളെ കുറിച്ചോര്‍ത്ത് വിഷമിക്കാന്‍ അതിന്റെ പേരില്‍ സ്വപ്നങ്ങളെ ത്യജിക്കാന്‍ താന്‍ ഒരുക്കമല്ലെന്ന് ഓരോ ചുവടിലൂടെയും ഫാത്തിമ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

കുടുംബമാണ് എന്റെ ശക്തി. അവര്‍ക്ക് അത്രയും ആഗ്രഹം ഉണ്ടായിരുന്നു എന്നെ പഠിപ്പിക്കണം എന്ന്. എന്റെ അപ്പായ്ക്കും ഇതേ അസുഖമുണ്ട്. പക്ഷേ എന്നെ വവച്ചുനോക്കുമ്പോള്‍ കുറച്ചു മൈല്‍ഡ് ആണ്. 21 വയസ്സുവരെ അപ്പായ്്ക്ക് സ്ഥിരമായി ഫ്രാക്ചര്‍ വരുമായിരുന്നു. അപ്പായ്ക്ക് അതുകൊണ്ട് ഇനി നല്‍കേണ്ടത് വിദ്യാഭ്യാസമാണ് എന്ന് അറിയാമായിരുന്നു. എനിക്ക് കിട്ടാതെ പോയത് എന്റെ മക്കള്‍ക്ക് കിട്ടണം എന്ന് കരുതുന്ന ഒരാളാണ് അപ്പ. എനിക്ക് അനിയനും അനിയത്തിയും ഇക്കാക്കയും ഉണ്ട്, അവരേക്കാള്‍ എനിക്കാണ് അപ്പയും ഉമ്മയും പ്രധാന്യം നല്‍കുന്നത്. ഞങ്ങള്‍ ആദ്യം താമരശ്ശേരിയിലായിരുന്നു, എന്നെ ചികിത്സിക്കാന്‍ വേണ്ടിയാണ് ടൗണിലേക്ക് മാറുന്നത്. എനിക്ക് ഹോസ്റ്റലില്‍ നില്‍ക്കാന്‍ പറ്റാത്തതിനാല്‍ കോട്ടയത്ത് വീടെടുത്താണ് താമസം. അപ്പയും ഉമ്മയും മാറി മാറി നില്‍ക്കും. ചികിത്സയും പഠനവുമെല്ലാമായി നല്ല സാമ്പത്തിക പ്രതിസന്ധിയുണ്ട്. പക്ഷേ എനിക്ക് കരുത്തായി അവരുണ്ട്. വിദ്യാഭ്യാസം മാത്രമാണ് ഇനി പ്രതിവിധിയെന്ന് അവര്‍ക്കറിയാം. മെയില്‍ പരീക്ഷയാണ്. റെക്കോര്‍ഡും മറ്റും സബ്മിററ് ചെയ്യാനുള്ള തിരക്കിലാണ്. അതുകഴിഞ്ഞ് കോഴിക്കോട്ടേക്ക് തിരിച്ചുവരണം, അവിടെ തന്നെ പിജി ചെയ്യണം. മോട്ടിവേഷണല്‍ ക്ലാസും മറ്റുമായി തിരക്കിലാകണം

'ക്ലാസില്‍ തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ എനിക്ക് വേദന വരാറുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ തൊട്ട് വേദനുള്ളതിനാല്‍ സിവിയര്‍ പെയിന്‍ വന്നാലേ ഞാന്‍ കിടക്കൂ, വേദനയുമായി ഞാന്‍ അഡജസ്റ്റഡായിപ്പോയി. വേദന നോക്കിയാല്‍ എനിക്കൊന്നും നടക്കില്ല. ഇപ്പോള്‍ സ്പൈനില്‍ സര്‍ജറി കഴിഞ്ഞപ്പോള്‍ നല്ല വേദനയായിരുന്നു. ആറുമാസം റെസ്റ്റ് എടുക്കണമെന്ന് പറഞ്ഞതാണ്്. പക്ഷേ പരീക്ഷയ്ക്ക് അറ്റന്‍ഡസ് കുറവ് വന്നതിനാല്‍ രണ്ടരമാസം കഴിഞ്ഞപ്പോള്‍ ഞാന്‍ കോളേജിലെത്തി. എന്തായാലും ഇറങ്ങിപ്പുറപ്പെട്ടു അപ്പോള്‍ നേടിയെടുക്കണമല്ലോ.'  ഏററവും ഒടുവില്‍ സ്‌കോളിയോസിസിനാണ് ഫാത്തിമയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞത്. ചക്രക്കസേരയില്‍ ഇരുന്നുകഴിച്ചുകൂട്ടിയ കുട്ടിക്കാലത്തിനും കൗമാരത്തിനുമൊടുവില്‍ തനിയെ എഴുന്നേറ്റ് നില്‍ക്കാന്‍ ഇപ്പോള്‍ ഫാത്തിമക്ക് സാധിക്കുന്നുണ്ട്. വാക്കറില്‍ വീടിനകത്ത് നടന്നും തുടങ്ങി. അക്ഷരാര്‍ഥത്തില്‍ നടക്കാന്‍ പഠിച്ചുവരുന്നതേയുള്ളൂ. എന്നാല്‍ എല്ലുകള്‍ക്ക് ബലം കുറവായതിനാല്‍ ശരീരഭാരം കാലുകളിലെത്തുമ്പോള്‍ വീണ്ടും പൊട്ടലുണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ അധികം നടക്കാനും ഡോക്ടര്‍മാര്‍ അനുവാദം നല്‍കിയിട്ടില്ല. 'ഞാനൊരു ശരാശരി വിദ്യാര്‍ഥിനിയാണ്. പക്ഷേ എന്റെ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് എനിക്കിത് ചെയ്യാന്‍ പറ്റുന്നുണ്ട്. ഇത് എന്റെ ആഗ്രഹമാണ്. എന്റെ സ്വപ്നമാണ്. അത് നേടണമെന്ന ആഗ്രഹമുണ്ട്.' ഫാത്തിമ ആത്മവിശ്വാസത്തില്‍ തന്നെയാണ്.

കോട്ടയത്തെ ഹോമിയോ കോളേജിലെ പഠനത്തിനിടയിലാണ് വ്ളോഗിങ്ങിലേക്ക് പാത്തുവിന്റെ ശ്രദ്ധ തിരിയുന്നത്. നാട്ടിലായിരുന്നപ്പോള്‍ പഠനത്തിനിടയിലും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. പക്ഷേ കോട്ടയത്തെത്തിയപ്പോള്‍ പുതിയ സ്ഥലമാണ്, ഒട്ടും പരിചമില്ല. പഠനമ മാത്രമല്ലലാതെ മറ്റൊന്നും ചെയ്യാനില്ല എന്ന തോന്നല്‍. വല്ലാത്ത വിഷാദം കടന്നുകൂടി. അതിനെ ഓവര്‍കം ചെയ്യാനാണ് വ്ളോഗിങ് ചെയ്ത് തുടങ്ങിയത്. തുടര്‍ച്ചയായി വീഡിയോ ചെയ്യാറില്ല. എന്നാലും പറയണമെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ പറയാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് പൂര്‍ണ ബോധ്യമുളള വിഷയങ്ങള്‍ മാത്രമേ സംസാരിക്കാറുള്ളൂ. 'ഡ്രീംസ് ബിയോണ്ട് ഇന്‍ഫിനിറ്റി' എന്ന പേരിലുള്ള പാത്തുവിന്റെ വ്ളോഗിനിപ്പോള്‍ രണ്ടുവയസ്സാകുന്നു. ഇതിനെല്ലാം പുറമേ നിരവധി വേദികളില്‍ മോട്ടിവേഷണല്‍ സ്പീക്കറായും പാത്തു പോയിട്ടുണ്ട്.

അസുഖം അല്ലാതെയും സാമ്പത്തികമായും മറ്റും ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് വന്ന പെണ്‍കുട്ടിയാണ് ഞാന്‍. എന്റെ പ്രായത്തിലുള്ള എത്ര കുട്ടികള്‍ക്ക് അതിന് കഴിയും എന്നറിയില്ല. പക്ഷേ പോസിറ്റീവായി അതിനെ മറികടക്കാന്‍ എനിക്ക് കഴിഞ്ഞു. അതുതന്നെയാണ് എന്റെ വിജയമായി ഞാന്‍ കാണുന്നത്. നെഗറ്റീവ് ആയി ചിന്തിക്കുന്ന പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കൊപ്പം ഞാന്‍ സമയം ചെലവഴിക്കാറില്ല. എപ്പോഴും പോസറ്റീവായി ഇരിക്കുക. എന്നുകരുതി ഒട്ടും കരയാത്ത ആളാണ് ഞാന്‍ എന്നുകരുതരുത്. നന്നായി കരയുന്ന ആളുതന്നെയാണ്. പെട്ടെന്ന് കരയുന്ന ഒരാള്‍. പക്ഷേ അതോടെ ആ സങ്കടം അവിടെ കളയും. വിഷമങ്ങള്‍ ഒന്നും കൂടെക്കൂട്ടാറില്ല. അത്രയേ ഉള്ളൂ. കഴിവുകേടുകളെ കുറിച്ച് ചിന്തിച്ചിരുന്നാല്‍ അതിനേ സമയം ഉണ്ടാകൂ. കിട്ടിയ അനുഗ്രഹത്തെ കുറിച്ച് ആലോചിക്കുക.  എനിക്ക് സന്തോഷിക്കാന്‍ വലിയ വലിയ കാര്യങ്ങള്‍ ഒന്നും വേണ്ട അല്ലെങ്കില്‍ വലിയ കാര്യങ്ങളിലേ ഞാന്‍ സന്തോഷിക്കൂ എന്നു ഞാന്‍ മനസ്സിനെ പറഞ്ഞുപഠിപ്പിച്ചിട്ടില്ല. അതായിരിക്കാം എനിക്കിങ്ങനെ ചിരിക്കാന്‍ കഴിയുന്നത്. എനിക്ക് ചിരിച്ചിരിക്കുന്ന ആളുകളെയാണ് ഇഷ്ടം.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: An extraordinary life story of Fathima Asla, Pathu

Content Highlights: