ഹൈദരാബാദിലെ കോടീശ്വരന്റെ മകള്‍, 42 കോടി ആസ്തി;ആദ്യ കാഴ്ചയില്‍തന്നെ അല്ലുവിന് പ്രണയം തോന്നിയ സ്‌നേഹ

അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2. റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് കുതിക്കുന്ന ചിത്രം അഞ്ച് ദിവസത്തിനുള്ളില്‍ 1000 കോടി കളക്ഷനിലെത്തി. അഞ്ച് വര്‍ഷത്തെ അല്ലു അര്‍ജുന്റെ കഠിനധ്വാനത്തിനുള്ള ഫലം. പുഷ്പയുടെ ആദ്യ ഭാഗത്തില്‍ 50 കോടി രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം. എന്നാല്‍ പുതിയ ചിത്രത്തില്‍ അല്ലു അര്‍ജുന് ലഭിച്ചത് 300 കോടി രൂപയാണന്നാണ് റിപ്പോർട്ട്. അതിന്റെ മൂന്നിരട്ടി ഇതിനോടകം സിനിമ നേടിക്കഴിഞ്ഞു.
ഇതിന് പിന്നാലെ അല്ലു അര്‍ജുന്റെ ഭാര്യ സ്‌നേഹ റെഡ്ഡിയെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അല്ലുവിന്റെ ഭാഗ്യമാണ് സ്‌നേഹയെന്നും എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ അവരാണെന്നും ആരാധകര്‍ പറയുന്നു. 39-കാരിയായ സ്‌നേഹ തെലുങ്ക് സിനിമാ മേഖലയിലെ അറിയപ്പെടുന്ന സംരംഭകയാണ്.
2011 മാര്‍ച്ച് ആറിനായിരുന്നു അല്ലുവിന്റേയും സ്‌നേഹയുടേയും വിവാഹം. ഒരു നടന്റെ വിവാഹത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍തന്നെ തനിക്ക് സ്‌നേഹയോട് പ്രണയം തോന്നിയെന്നും അവരുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്നും അല്ലു നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2010-ല്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. തൊട്ടടുത്ത വര്‍ഷം വിവാഹവും.
ആന്ധ്രാ പ്രദേശിലെ കോണ്‍ഗ്രസ് നേതാവും ബിസിനസുകാരനുമാണ് സ്‌നേഹയുടെ പിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി. അമേരിക്കയില്‍ വളര്‍ന്ന സ്‌നേഹയ്ക്ക് തെലുങ്ക് സിനിമയെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. ഹിന്ദി സിനിമകള്‍ മാത്രമാണ് കാണാറുണ്ടായിരുന്നത്. ആദ്യമായി പരിചയപ്പെടുമ്പോള്‍ നിര്‍മാതാവിന്റെ മകന്‍ എന്നതിനപ്പുറം അല്ലുവിനെ കുറിച്ച് സ്‌നേഹയ്ക്ക് കൂടുതലൊന്നും അറിയില്ലായിരുന്നു.
വെള്ളിവെളിച്ചത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന സ്‌നേഹ അല്ലുവിനൊപ്പം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും കുറവാണ്. ഇപ്പോള്‍ അച്ഛന്റെ ബിസിനസ് ഏറ്റെടുത്ത് നടത്തുന്നതിനാല്‍ അതിന്റെ തിരക്കിലാണ്. ഒമ്പത് മില്ല്യണ്‍ ആളുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന സ്‌നേഹയുടെ ആസ്തി മൂല്യം ഏകദേശം 42 കോടി രൂപയാണ്.
Content Highlights: allu arjun wife sneha reddy and love story