വിവാഹ വസ്ത്രം കറുപ്പ് ഗൗണാക്കി മാറ്റി; കൂടുതല്‍ സ്റ്റൈലിഷ് ലുക്കില്‍ സാമന്തയുടെ മേക്ക് ഓവര്‍

സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹചിത്രം/ കറുപ്പ് ഗൗണ്‍ ധരിച്ച് സാമന്ത | Photo: instagram/ storiesbyjosephradhik/samantha
സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹചിത്രം/ കറുപ്പ് ഗൗണ്‍ ധരിച്ച് സാമന്ത | Photo: instagram/ storiesbyjosephradhik/samantha

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത്പ്രഭു. നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സ്വന്തമായി ഇടം കണ്ടെത്തിയ നടി. ഇതിനിടയില്‍ യുവനടന്‍ നാഗചൈതന്യയുമായുള്ള വിവാഹവും വിവാഹമോചനവും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും സാമന്തയെ തളര്‍ത്തി. പലരും നടിക്കെതിരെ രംഗത്തുവന്നു.

എന്നാല്‍ ഇതെല്ലാം മറികടന്ന സാമന്ത ഇപ്പോഴും സിനിമയില്‍ സജീവമാണ്. വിവാഹമോചനത്തിന് ശേഷം പുഷ്പയിലെ ഐറ്റം ഡാന്‍സിലൂടെ സാമന്ത വീണ്ടും തരംഗം സൃഷ്ടിച്ചു. നിരവധി വിദേശരാജ്യങ്ങളില്‍ യാത്ര പോയി. ഇതിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ വിവാഹ വസ്ത്രം പുതുക്കിപ്പണിത് ഫാഷന് പുതിയൊരു അര്‍ഥം നല്‍കിയിരിക്കുകയാണ് താരം. വിവാഹത്തിന് ധരിച്ച വെള്ള ഗൗണിന്റെ ഡിസൈനിലും നിറത്തിലും മാറ്റം വരുത്തി കറുപ്പ് നിറത്തിലുള്ള മനോഹരമായ സ്ട്രാപ് ലെസ് ഗൗണാക്കി മാറ്റിയിരിക്കുകയാണ് താരം.

ഡിസൈനര്‍ ക്രെഷ ബജാജാണ് ഈ ഗൗണിന് പിന്നില്‍. വിവാഹ ഗൗണും ഒരുക്കിയിരുന്നത് ക്രെഷയായിരുന്നു. ഈ കറുപ്പ് ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ഗൗണിന്റെ പിന്നിലെ കഥ പറയുന്ന വീഡിയോ ക്രഷ ബജാജിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുമുണ്ട്. എല്ലെ സസ്‌റ്റൈനബിലിറ്റി അവാര്‍ഡ് ചടങ്ങിലാണ് ഈ ഗൗണ്‍ ധരിച്ച് സാമന്ത പ്രത്യക്ഷപ്പെട്ടത്.

2017-ല്‍ ഗോവയിലായിരുന്നു സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹം. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം, 2021-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഇതില്‍ ക്രിസ്ത്യന്‍ വിവാഹത്തിനാണ് വെള്ള നിറത്തിലുള്ള ഗൗണ്‍ ധരിച്ചത്. വിവാഹത്തിന് സ്ട്രാപുകളുള്ള, നിറയെ മുത്തുകള്‍ പിടിപ്പിച്ച, പൂക്കള്‍ തുന്നിച്ചേര്‍ത്ത ഗൗണാണ് സാമന്ത ധരിച്ചിരുന്നത്. ഇതിന്റെ മുന്‍ഭാഗത്തെ ഡിസൈന്‍ മാറ്റി, സ്ട്രാപ്‌ലെസ് ആക്കി കൂടുതല്‍ സ്റ്റൈലിഷ് ലുക്കിലാണ് പുതിയ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. 


 

Content Highlights: samantha ruth prabhu repurposes wedding gown for awards night