2017ൽ ധരിച്ച ഔട്ട്ഫിറ്റ് വീണ്ടും ധരിച്ച് ബെൽജിയം രാജ്ഞി; സന്തോഷം പങ്കുവെച്ച് ഡിസൈനർ

ഫാഷൻ സങ്കൽപങ്ങൾ മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. പ്രകൃതിസൗഹാർദമായ രീതിയിലും സുസ്ഥിരമായ ഔട്ട്ഫിറ്റുകളുമൊക്കെ സ്വീകരിക്കുന്നവരുണ്ട്. ഇപ്പോൾ വാർത്തയിൽ നിറയുന്നത് ബെൽജിയത്തിന്റെ രാജ്ഞി മെറ്റിൽഡെയാണ്. ഒരേ വസ്ത്രം വീണ്ടും പൊതുപരിപാടിക്ക് ധരിച്ച് സസ്റ്റെയ്നബിൾ ഫാഷന്റെ പ്രാധാന്യം പങ്കുവെക്കുകയാണ് മെറ്റിൽഡ.
പ്രശസ്ത ഫാഷൻ ഡിസൈനറായ അനിത ദോംഗ്രെയാണ് മെറ്റിൽഡെയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. അനിത ഡിസൈൻ ചെയ്ത ചുവപ്പു നിറത്തിലുള്ള വസ്ത്രം രാജ്ഞി കഴിഞ്ഞയാഴ്ച ഒരു പൊതുവേദിയിൽ ധരിച്ചിരുന്നു. ഇതേ വസ്ത്രമാണ് 2017ലെ ഇന്ത്യാ സന്ദർശനത്തിലും മെറ്റിൽഡ ധരിച്ചത്. സ്വന്തം ഡിസൈൻ രാജ്ഞി വീണ്ടും ധരിച്ചു കാണുന്നതിലെ സന്തോഷമാണ് അനിത കുറിക്കുന്നത്.
ഫാഷൻ എന്നത് എന്താണ് അടുത്തത് എന്നതല്ല മറിച്ച് എന്താണ് നല്ലത് എന്നതാണ് എന്നു പറഞ്ഞാണ് അനിത ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സംരക്ഷിക്കുകയും വീണ്ടും ധരിക്കുകയുമൊക്കെ ചെയ്യുന്നതാണ് മുന്നിലുള്ള ഏകവഴിയെന്നും അനിത കുറിക്കുന്നു. മെറ്റിൽഡ വീണ്ടും തങ്ങളുടെ വസ്ത്രം ധരിക്കുന്നത് കാണുമ്പോൾ സന്തോഷം അടക്കാനാവുന്നില്ലെന്നും അനിത പറയുന്നുണ്ട്.
അനിത ഡിസൈൻ ചെയ്ത ചുവപ്പുനിറത്തിലുള്ള ഫുൾസ്ലീവ് വസ്ത്രമാണ് മെറ്റിൽഡ വീണ്ടും ധരിച്ചത്. മസ്ക്കറ്റിലെ സുൽത്താൻ ഖബൂസ് ഗ്രാന്റ് മോസ്ക് സന്ദർശനത്തിനിടെയാണ് മെറ്റിൽഡ 2017ൽ ധരിച്ച വസ്ത്രം വീണ്ടും ധരിച്ചത്.
സുസ്ഥിര ഫാഷൻ സങ്കൽപത്തിന് മികച്ച മാതൃകയാണ് മെറ്റിൽഡ പകരുന്നത് എന്നാണ് ചിത്രങ്ങൾക്ക് കീഴെ പലരും കമന്റ് ചെയ്യുന്നത്.
Content Highlights: queen mathilde of belgium repeats anita dongre dress, sustainable fashion
Content Highlights: