സാരിയില്‍ ഓണത്തപ്പനും തുമ്പിയും,സല്‍വാറില്‍ ഉപ്പേരിയും വാഴയിലയും;ഓണത്തിന് സ്‌റ്റൈല്‍ മുഖ്യം ബിഗിലേ..

'ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ...കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ...'തിരുവോണ നാളില്‍ കോടിയുടുത്ത് ഓണമാഘോഷിക്കാത്ത മലയാളികളില്ല. പൂചൂടി, പൊട്ടുതൊട്ട്, നേര്യതുടുത്ത് ഭംഗിയുള്ള ഓണമാണ് എന്നും പെണ്‍മനസില്‍. കസവ് മറന്നൊരു ഓണം സ്ത്രീകള്‍ക്ക് അന്നും ഇന്നുമില്ല.
ആഘോഷം ഇത്തിരി കുറഞ്ഞാലും ഓണക്കോടി വാങ്ങിക്കാത്തവരുമില്ല. പൊന്‍കസവിന്റെ തിളക്കത്തില്‍ മലയാളി മങ്കമാരാവാന്‍ ഒരുങ്ങുകയാണ് സുന്ദരിമാര്‍. അതിനുള്ള തയ്യാറെടുപ്പുകള്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് തന്നെ തുടങ്ങിക്കഴിഞ്ഞു.
മാറ്റുകൂട്ടാന്‍ കേരള സാരികള്‍
ഓണത്തിന് ഏത് വസ്ത്രമിടുമെന്ന് ആലോചിക്കുമ്പോള്‍തന്നെ മനസിലേക്ക് വരുന്നത് സെറ്റ് സാരി അല്ലെങ്കില്‍ സെറ്റ് മുണ്ടാണ്. ഇത്തവണ ഓണപ്പൂക്കള്‍ നിറയും സെറ്റ് സാരികളാണ് മുന്‍നിരയില്‍. വാടാമല്ലിയും ചെണ്ടുമല്ലിയും തെച്ചിയും ചെമ്പരത്തിയുമൊക്കെ പ്രിന്റ് ചെയ്തിട്ടുള്ള കസവുസാരികളാണ് ട്രെന്‍ഡിങ്ങായിട്ടുള്ളതെന്ന് വസ്ത്രവ്യാപാര ശാലയിലെ ജീവനക്കാര്‍ പറയുന്നു.
ഒപ്പം ഗൃഹാതുര ഓര്‍മകളുണര്‍ത്തുന്ന വസ്തുക്കളും ഓണസദ്യയിലെ വിഭവങ്ങളും ഡിസൈന്‍ ചെയ്ത സാരികളും ട്രെന്‍ഡായി മാറിക്കഴിഞ്ഞു. നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഫാഷന്‍ ഹൗസായ 'പ്രാണ' ഇത്തവണ പുറത്തിറക്കിയത് ഇത്തരത്തിലുള്ള സെറ്റ് സാരിയും പാന്റ്‌സും ഷര്‍ട്ടും സല്‍വാറുമാണ്. വാഴയിലയും ഉപ്പേരിയും ഓണത്തപ്പനും ഓല കൊണ്ടുണ്ടാക്കുന്ന കണ്ണടയും പീപ്പിയും തലപ്പന്തുമെല്ലാം ഈ ഔട്ട്ഫിറ്റുകളില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്.
പൂക്കളുടെ ഡിസൈനുകള്‍ വരുന്ന ടിഷ്യൂസാരികള്‍ക്കും ആവശ്യക്കാരുണ്ട്. മുന്താണിയില്‍ കോണ്‍ട്രാസ്റ്റ് ഡിസൈനും ചെണ്ടുമല്ലിയുമാണ് മറ്റൊരു കൗതുകം. ഓണം കഴിഞ്ഞാലും മറ്റ് പരിപാടികള്‍ക്കും ഉപയോഗിക്കാവുന്ന ഓഫ് വൈറ്റ്, ഗോള്‍ഡന്‍ സാരികളാണ് കൂട്ടത്തില്‍ കേമന്‍. ഇതിന് നാടന്‍ ലുക്കം കിട്ടും. സാരിയുടെ പകുതി ഒരു നിറവും മറുപകുതിയില്‍ ഓഫ് വൈറ്റും വരുന്ന സാരികളും ചുങ്കിടി ഡിസൈന്‍ വരുന്ന സാരികളും ഡിജിറ്റല്‍ പ്രിന്റുകള്‍, മ്യൂറല്‍ പെയിന്റിങ് എന്നിവയുള്ള സാരികളും വിപണയിലെ താരമാണ്.
പകിട്ടേകാന്‍ പുളിയിലക്കര മുണ്ട്
ചെറിയ ബോര്‍ഡറോടുകൂടി വിവിധ നിറത്തില്‍ ചെറിയ മാലകളോട് സ്‌റ്റൈല്‍ ചെയ്ത് ധരിക്കാന്‍ പറ്റുന്ന പുളിയിലക്കര മുണ്ടുകള്‍ ഏത് പ്രായത്തില്‍ പെട്ടവര്‍ക്കും പ്രിയപ്പെട്ടതാണ്. പുളിയിലക്കര മുണ്ടിനൊപ്പം അജ്‌രാക്ക്, മിറര്‍ വര്‍ക്ക്, പോള്‍ക്ക ഡോട്ട്, ബ്രൊക്കെയ്ഡ്, കലംകാരി തുടങ്ങിയ കോണ്‍ട്രാസ്റ്റ് ബ്ലൗസുകളാണ് ഈ സാരികള്‍ക്കൊപ്പം അണിയുന്നത്.
ഫ്യൂഷന്‍ ഓണം
സെറ്റ് സാരിയുടെ അതേ തുണികൊണ്ട് തയ്ച്ച ചുരിദാറാണ് പുതിയ ട്രെന്‍ഡ്. പൂക്കളുടെ ഡിസൈനുള്ളവയും നാടന്‍-വെസ്റ്റേണ്‍ ഫ്യൂഷന്‍ വസ്ത്രങ്ങളും ഒപ്പമുണ്ട്. ടാങ്ക് ടോപ്പും ഗോള്‍ഡന്‍ ബ്രൊക്കെയ്ഡ് ആംഗിള്‍ ലെങ്ത് പാന്റ്‌സും ഓഫ് വൈറ്റിലും ഗോള്‍ഡന്‍ കളറിലുമൊക്കെയുള്ള ഓവര്‍ലെകളുമൊക്കെ പെണ്‍കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഓണം മൂഡുണ്ടാക്കുന്ന സല്‍വാര്‍ സ്യൂട്ടും പാവാടയും ടോപ്പുമാണ് മറ്റൊരു ട്രെന്‍ഡ്.
സാരിയുടുത്ത്, മാലയണിഞ്ഞ്
സാരിയുടുത്ത് സുന്ദരിയാകുമ്പോള്‍ ഭംഗി കൂട്ടാന്‍ ഒരു മാല കൂടി വേണം. പാലയ്ക്ക മാല, കാശുമാല, മുല്ലമൊട്ടുമാല, മാങ്ങാമാല തുടങ്ങിയ പരമ്പരാഗത മാലകളുടെ ഇമിറ്റേഷന്‍ മാലകള്‍ക്കും ഡിമാന്‍ഡുണ്ട്. ഓണം വന്നെത്തിയതോടെ ഇത്തരം ആഭരണങ്ങള്‍ക്കായി ആളുകള്‍ ഫാന്‍സി സ്റ്റോറുകളിലെത്തുന്നുണ്ട്. ചോക്കറുകള്‍, ലോങ്ഹാരം, ടെമ്പിള്‍ ജ്വല്ലറികള്‍ എന്നീ സാരിയോട് ഇണങ്ങുന്ന മാലകള്‍ ലുക്ക് തന്നെ മാറ്റും.
'നമ്മള്‍ വെറുതേ സാരി വാങ്ങിയുടുത്തിട്ട് കാര്യമില്ല. അത് സ്റ്റൈല്‍ ചെയ്യുന്നതിലാണ് കാര്യം. നല്ല ആക്‌സസറീസ് ഉപയോഗിച്ചാല്‍ നമ്മുടെ ലുക്ക് തന്നെ മാറും. നല്ല മാല, ജിമിക്കി എല്ലാംതന്നെ വരുമ്പോള്‍ ഭംഗിയാകും.'-ഓണം ഷോപ്പിങ്ങിനെത്തിയ വിദ്യാര്‍ഥിനി ശ്വേത പറയുന്നു.
Content Highlights: onam trending outfits and styling