മുഗള്‍ രാജാക്കന്‍മാരുടെ കിരീടത്തിലുണ്ടായിരുന്ന വജ്രം; 54 കോടിയുടെ മോതിരം അണിഞ്ഞ് നിത അംബാനി

ലോകം കണ്ടതില്‍വെച്ച് ഏറ്റവും ആഡംബരം നിറഞ്ഞ വിവാഹമായിരുന്നു അംബാനി കുടുംബത്തില്‍ നടന്നത്. ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിഥികളെത്തി. മൂന്ന് ദിവസം നീണ്ടു നിന്ന ആഘോഷവും വിവാഹത്തിന്റെ ഭാഗമായുണ്ടായിരുന്നു.
ഇതിനൊപ്പം അംബാനി കുടുംബാംഗങ്ങള്‍ ആഘോഷങ്ങളില്‍ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ഫാഷന്‍ ലോകത്ത് ചര്‍ച്ചാവിഷയമായി. അബൂ ജാനി സന്ദീപ് ഖോസ്ലയും തരുണ്‍ ത്ഹിലായിനും മനീഷ് മല്‍ഹോത്രയുമെല്ലാം ഡിസൈന്‍ ചെയ്ത ആഡംബര ലെഹങ്കകളും സാരികളുമാണ് നിത അംബാനിയും ഇഷ അംബാനിയും ശ്ലോക മെഹ്തയുമെല്ലാം ധരിച്ചത്. ഇതിനൊപ്പം കോടികള്‍ വിലമതിക്കുന്ന വജ്രവും മരകവും പതിപ്പിച്ച ആഭരണങ്ങളും അണിഞ്ഞു.
ഇപ്പോഴിതാ വിവാഹച്ചടങ്ങിന് ശേഷം നടന്ന മംഗള്‍ ഉത്സവ് റിസപ്ഷനില്‍ നിത അംബാനി അണിഞ്ഞ മോതിരമാണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. 'മിറര്‍ ഓഫ് പാരഡൈസ്' എന്നറിയപ്പെടുന്ന ഈ വജ്ര മോതിരം വളരേയധികം സവിശേഷതകളുള്ളതാണ്. ദീര്‍ഘ ചതുരാകൃതിയിലാണ് മോതിരത്തില്‍ വജ്രം പിടിപ്പിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഗോല്‍കണ്ട വജ്രഖനിയില്‍ നിന്ന് ഖനനം ചെയ്‌തെടുത്തതാണ് ഈ വജ്രം. 54 കോടി രൂപയാണ് ഇതിന്റെ വില. 2019-ലെ ക്രിസ്റ്റീസ് ലേലത്തിലാണ് നിത അംബാനി ഈ മോതിരം സ്വന്തമാക്കിയത്. മുമ്പ് മുഗള്‍ രാജകുടുംബത്തിന്റെ ഭാഗമായിരുന്നു ഈ അമൂല്യവജ്രം. അന്നത്തെ ഭരണാധികാരികള്‍ അവരുടെ കിരീടത്തില്‍ വെയ്ക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. പരിശുദ്ധിയിലും തിളക്കത്തിലും പ്രാചീന ഇന്ത്യയില്‍തന്നെ പ്രസിദ്ധമായിരുന്നു ഗോല്‍കണ്ട വജ്രം.
ഈ മോതിരത്തിനൊപ്പം വജ്രങ്ങള്‍ നിറഞ്ഞ മാലയും വളകളും കമ്മലുമാണ് നിത റിസപ്ഷനില്‍ അണിഞ്ഞത്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത പിങ്ക് ബ്രൊക്കേഡ് സാരിയായിരുന്നു ഔട്ട് ഫിറ്റ്. ഇതിന ഗോള്‍ഡന്‍ എംബ്രോയ്ഡറിയും നല്‍കിയിരുന്നു.
നേരത്തെ ഗുജറാത്തിലെ ജാംനഗറില്‍ നടന്ന പ്രീ വെഡ്ഡിങ് ആഘോഷത്തിലും നിത ഇതേ മോതിരം അണിഞ്ഞിരുന്നു. അന്ന് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത കാഞ്ചീവരം സാരിയോടൊപ്പമാണ് മോതിരം ധരിച്ചത്. മരതകക്കല്ലുകള്‍ പതിപ്പിച്ച ഹെവി മാലയും കമ്മലും വളയുമാണ് അന്ന് ആഭരണമായി അണിഞ്ഞത്.
Content Highlights: nita ambani wore this ring from the mughal empire days at anant and radhikas reception