മിസ് വേൾഡ് ഉഗാണ്ടയുടെ ഗൗൺ, ഡിസൈനറുടെ സ്വന്തം അനുഭവത്തിൽനിന്ന് പിറവിയെടുത്തത്

പീച്ച്, സ്വർണ നിറങ്ങളിൽനിന്ന് കടുംചുവപ്പിലേക്കും ബർഗണ്ടിയിലേക്കും മാറുന്ന ഓംബ്രെ നിറക്കൂട്ടുകൾ ചേർന്ന മനോഹരമായ മെർമെയ്ഡ് ഗൗൺ..വേൾഡ് ഡിസൈനർ പുരസ്‌കാര വേദിയിൽ മിസ് വേൾഡ് ഉഗാണ്ട ട്രിവിയ എല്ലെ മുഹോസ ധരിച്ചെത്തിയ ഗൗൺ ഒറ്റനോട്ടത്തിൽ അതിമനോഹരമായ ഒരു പേജന്റ് ഗൗണാണ്. പക്ഷെ, അത് വെറുമൊരു ഗൗൺ മാത്രമായിരുന്നില്ല, സൗന്ദര്യത്തിനൊപ്പം ചേർത്തുവായിക്കപ്പെടേണ്ട ജീവന്റെ മനോഹരമായ യാത്രയുടെ കഥകൂടി അതുപറഞ്ഞുവയ്ക്കുന്നുണ്ട്. മാതൃത്വത്തിന്റെ ത്യാഗവും സഹനവും അടയാളപ്പെടുത്തുന്നുണ്ട്. ഫാഷൻ ലോകത്തെയും സോഷ്യൽ മീഡിയയെയും ഒരുപോലെ അമ്പരപ്പിച്ച അടുത്തകാലത്ത് കണ്ട ഒന്നാന്തരമൊരു 'ഫാഷൻ സ്റ്റേറ്റ്‌മെന്റ്' ആയിരുന്നു അത്, ദി ലെയേഴ്സ് ഓഫ് ലൈഫ്!
ഒരു കുഞ്ഞിന് ജന്മം നൽകാനായി സിസേറിയന് വിധേയരാകുന്ന ദശലക്ഷക്കണക്കിന് അമ്മമാർക്ക് ആദരമർപ്പിച്ചുകൊണ്ടാണ് ദി ലെയേഴ്സ് ഓഫ് ലൈഫ് എന്ന് പേരിട്ട ഗൗണിൽ ക്യാറ്റ് വാക്ക് ചെയ്ത് മിസ് വേൾഡ് ഉഗാണ്ട ട്രിവിയ എൽ മുഹോസ വേദിയിലേക്ക് എത്തിയത്. സിസേറിയന് വിധേയരാകുന്ന അമ്മമാരുടെ അനുഭവങ്ങളിൽ നിന്നാണ് ഈ ഗൗണിന്റെ ആശയം ഉൾക്കൊണ്ടിരിക്കുന്നത്. അതിനാൽ ഗൗൺ മനോഹരമായ ഒരു ഫാഷൻ വസ്ത്രം മാത്രമല്ല, ലോകത്തിലേക്ക് ഒരു ജീവനെ കൊണ്ടുവരുന്നതിന്റെ യാത്രയെക്കുറിച്ചുള്ള ഒരു കഥ പറയുന്ന ഒന്നുകൂടിയാണ്. സിസേറിയന് വിധേയയാകുമ്പോൾ കീറിമുറിക്കപ്പെടുന്ന ചർമപാളികളെ, ജീവന്റെ പാളികളെ പ്രതിനിധീകരിക്കുകയായിരുന്നു ആ ഓംബ്രേ ഡിസൈനർ ഗൗണിലൂടെ. വസ്ത്രത്തിന്റെ ഏറ്റവും മുകൾഭാഗത്തെ ലളിതമായ പീച്ച് നിറം തൊലിപ്പുറത്തെയും തൊട്ടുതാഴെയുള്ള സ്വർണ്ണ നിറം കൊഴുപ്പ് പാളിയെയും ഓറഞ്ചും തവിട്ടും കലർന്ന കോറൽ നിറം ഫാസിയയെയും (Fascia), ചുവപ്പുനിറത്തിലുള്ള തുണിയിഴകൾ പേശികളെയും ആഴത്തിലുള്ള മറൂൺ നിറം പെരിറ്റോണിയത്തെയും ബർഗണ്ടി നിറം ജീവന്റെ ഉറവിടമായ ഗർഭാശയത്തെയും ഇടത് തോളിൽ നിന്ന് ഒഴുകിയിറങ്ങുന്ന ഡ്രേപ്പ് കുഞ്ഞിന് സംരക്ഷണം നൽകുന്ന ഏറ്റവും ഉള്ളിലെ പാളിയായ ആമ്‌നിയോട്ടിക് സാകിനെയുമാണ് പ്രതിനിധീകരിച്ചത്. സാറ്റിൻ, ലെയർഡ് ട്യൂൾ എന്നിവ ഉപയോഗിച്ച് തുന്നിയെടുത്ത ഈ വൺ-ഷോൾഡർ വസ്ത്രത്തിൽ മുത്തുകളും, ഗ്ലാസ് ബീഡ്‌സുകളും, ക്രിസ്റ്റൽ സ്റ്റോണുകളും മനോഹരമായി തുന്നിച്ചേർത്തിട്ടുണ്ട്.
ഗൗൺ ആഗോളതലത്തിൽ ചർച്ചയായതോടെ ഇങ്ങനെയൊരു വസ്ത്രത്തിന്റെ പിറവിയിലേക്കെത്തിയതിനെക്കുറിച്ച് ഡിസൈനർ കീഷ പറയുന്നുണ്ട്. 'വസ്ത്രത്തിന്റെ രൂപകല്പനയുടെ തുടക്കത്തിൽ ഒരു പ്രത്യേക വർഗത്തെക്കുറിച്ചോ ചർമത്തിന്റെ നിറം സംബന്ധിച്ച രാഷ്ട്രീയത്തെക്കുറിച്ചോ ചർച്ചകളുണ്ടായിരുന്നില്ല. ചർച്ച തുടങ്ങിയത് തന്നെ ഒരു സ്ത്രീയെക്കുറിച്ചും അവൾ ശരീരത്തിൽ അതിമനോഹരമായി കൊണ്ടുനടക്കുന്ന ഏഴുചർമപാളികളെക്കുറിച്ചുമായിരുന്നു, എവിടെനിന്ന് വരുന്നു നമ്മുടെ ചർമത്തിന്റെ നിറമെന്താണ് എന്നതിലുപരി നമ്മളെല്ലാവരും ഒരുപോലെ പങ്കിടുന്ന ആ ഏഴുപാളികളെ കുറിച്ചായിരുന്നു.'
ലെയേഴ്‌സ് ഓഫ് ലൈഫ് എന്ന പേരിലേക്ക് എത്തിയതിനെക്കുറിച്ചും കീഷേ പറയുന്നുണ്ട്. 'ജീവിതത്തിന് നിറമില്ല, അത് യൂണിവേഴ്‌സലാണ്..ജീവിതം എന്നുപറയുന്നത് ഒരിക്കലും ഒരു പ്രത്യേക വർഗത്തോടോ രാജ്യത്തോടോ നിറത്തോടോ ചേർന്നുനിൽക്കുന്ന ഒന്നല്ല. സ്ത്രീത്വത്തെയും ശരീരത്തെയും നമ്മളെയെല്ലാം ബന്ധപ്പെടുത്തിയിരിക്കുന്ന ജീവിതത്തിന്റെ അത്ഭുതത്തെയും ആഘോഷിക്കുന്നതിന് വേണ്ടിയാണ് ഈ ഗൗൺ നിർമിക്കപ്പെട്ടിരിക്കുന്നത്.' സ്വന്തം ജീവിതം തന്നെയാണ് കീഷേയെ ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചത്. കീഷേ അമ്മയായിട്ട് അധികം നാളായിട്ടില്ല. ആ യാത്രയിൽ സി-സെക്ഷൻ സമയത്തെ ആ ഏഴുപാളികളിൽ അവരുടെ ശ്രദ്ധയുടക്കി. സ്വാഭാവികമായും തനിക്കറിയാവുന്ന ഡിസൈനിങ് ഭാഷയിലേക്ക് അവർ അതിനെ പരിവർത്തനം ചെയ്തു.
പക്ഷെ ആശയം പ്രായോഗിക തലത്തിലേക്കെത്തിക്കൽ അത്രമേൽ എളുപ്പമായിരുന്നില്ല. അനുയോജ്യമായ ഷേഡുകൾക്കായുള്ള തിരച്ചിലായിരുന്നു ആദ്യം. അവിടെ പരീക്ഷണങ്ങളും അനിശ്ചിതത്വങ്ങളും സർഗാത്മകതയും ട്രയൽ ആൻഡ് എറർ ഘട്ടങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഓരോ പാളികളെയും സൂക്ഷ്മമായി അവതരിപ്പിക്കുന്നതിന് പകരം നിറം, ഘടന, സിലൗട്ട് എന്നിവയിലൂടെ കീഷേ അതിനെ മാറ്റിയെടുത്തു. മാതൃത്വത്തിന്റെ അദൃശ്യമായ മുറിവുകളെയും ത്യാഗങ്ങളെയും സൗന്ദര്യവേദിയിൽ, ലോകം മുഴുവൻതന്നെ വലിയ ചർച്ചയാക്കിയ മാറ്റിയ ട്രിവിയെയും ഡിസൈനർ കീഷയെയും ലോകം അഭിനന്ദിച്ചുകൊണ്ടിരിക്കുകയാണ്..
ഉഗാണ്ട ഏവിയേഷൻ അക്കാദമിയിൽ നിന്ന് ബിരുദം നേടിയ 22-കാരിയായ ട്രിവിയ എൽ മുഹോസ വെറുമൊരു സൗന്ദര്യമത്സരാർഥി മാത്രമല്ല. മാതൃത്വത്തോടും സ്ത്രീ ശാക്തീകരണത്തോടുമുള്ള ട്രിവിയയുടെ പ്രതിബദ്ധത തന്നെയാണ് ഈ വസ്ത്രം തിരഞ്ഞെടുക്കുന്നതിലേക്ക് അവളെ നയിച്ചത്. ഉഗാണ്ടയിലെ അക്രമത്തിനിരയായ സ്ത്രീകൾക്കും സിംഗിൾ മദേഴ്‌സിനും തൊഴിൽ പരിശീലനവും സാമ്പത്തിക സ്വയംപര്യാപ്തതയും ഉറപ്പാക്കുന്ന 'വിങ്‌സ് ഓഫ് ഹോപ്പ്' എന്ന ജീവകാരുണ്യ പദ്ധതിയിലൂടെ ഈ വർഷത്തെ മിസ് വേൾഡിന്റെ 'ബ്യൂട്ടി വിത്ത് എ പർപ്പസ്' ഫൈനലിസ്റ്റുകളുടെ പട്ടികയിലും ട്രിവിയ ഇടംപിടിച്ചിട്ടുണ്ട്.
Content Highlights: Ugandan designer Keeha Abdallah created the 'Layers of Life' couture gown inspired by childbirth and C-section anatomy., The dress represents the seven anatomical layers from skin to the amniotic sac using color, texture, and silhouette., The design focuses on the universal human body rather than race or literal medical illustration.