സിംപിളാണ്, മനോഹരവുമാണ്; പ്രീ വെഡ്ഡിങ് ചിത്രങ്ങൾ പങ്കുവെച്ച് മഹിറ ഖാൻ

വിവാഹലുക്കിനു പിന്നാലെ പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് പാകിസ്താനി താരം മഹിറ ഖാന്‍. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ബിസിനസ്സുകാരനായ സലിം കരീമുമായുള്ള മഹിറയുടെ വിവാഹം ഒക്ടോബർ ഒന്നിനു കഴിഞ്ഞത്. വിവാഹത്തിനു മുമ്പുള്ള പ്രാർഥനാചടങ്ങിലേയും മയൂണ്‍ എന്ന ചടങ്ങിലെയും ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
ആർഭാടപൂർണമാകുന്നതിനു പകരം ലാളിത്യം നിറഞ്ഞ ശൈലിയിലാണ് വിവാഹപൂർവ ചടങ്ങുകളിൽ മഹിറ പ്രത്യക്ഷപ്പെട്ടത്. ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കുകൾ കൊണ്ടുനിറഞ്ഞ ഐവറി നിറത്തിലുള്ള കുര്‍ത്തയാണ് പ്രാർഥനാ ചടങ്ങില്‍ മഹിറ ധരിച്ചത്. ഉമര്‍ സയീദാണ് വസ്ത്രം ഡിസൈൻ ചെയ്തത്. കരയിൽ എംബ്രോയ്ഡറിയാൽ സമൃദ്ധമായ ദുപ്പട്ട കൂടെ ചേര്‍ന്നപ്പോള്‍ മുഗള്‍ റാണി ലുക്കിലായി മഹിറ.
സര്‍വാഭരണ വിഭൂഷിതയായി കാണാറുള്ള സ്ഥിരം വിവാഹ വധൂസങ്കല്‍പ്പങ്ങള്‍ക്ക് വിപരീതമായി വസ്ത്രം തന്നെ ആഭരണമാക്കി മാറ്റുകയായിരുന്നു മഹിറ. മായൂണ്‍ ചടങ്ങിന് ധരിച്ച മനോഹരമായ യെല്ലോ ഫുള്‍ സ്ലീവ് വസ്ത്രം ഡിസൈൻ ചെയ്തത് കറാച്ചി ഡിസൈനറായ സാറാ ഷാജഹാന്‍ ആണ് . ദുപ്പട്ടയിലെ ഹെവി ബോര്‍ഡർ മാറ്റുകൂട്ടി. പച്ചനിറത്തിലുള്ള വളകളും വെള്ളക്കല്ലുള്ള കമ്മലുമാണ് ആകെ അണിഞ്ഞത്.
2017-ലാണ് മഹിറ പാകിസ്താനിലെ ടെലികോം കമ്പനി സി.ഇ.ഒ. ആയ സലിമിനെ പരിചയപ്പെടുന്നത്. 2019-ൽ ഇരുവരും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. നിരവധി പാക്ചിത്രങ്ങളിലും ടി.വി ഷോകളിലും വേഷമിട്ടിട്ടുള്ള മഹിറയുടെ ആദ്യ ഇന്ത്യൻ സിനിമ ഷാരൂഖ് ഖാനൊപ്പമുള്ള റായീസ് ആണ്. ഹംസഫര്‍ എന്ന പാക് സീരിയലിൽ നായികയായിരുന്ന മഹിറ ബോളിവുഡ് ചിത്രം റായിസിലൂടെ ഇന്ത്യാക്കാര്‍ക്കും സുപരിചിതമാണ് .
Content Highlights: Mahira Khan posts pre-wedding pics, shares how she fulfilled her mother's wish