ഉറങ്ങുമ്പോഴും ലിപ്സ്റ്റിക്ക് വേണോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Photo: Pixabay
Photo: Pixabay

ചുവന്ന കാവിമണ്ണ് പൊടിച്ച്, മൃഗക്കൊഴുപ്പ് കലര്‍ത്തി ഉണ്ടാക്കിയ ചായം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ത്രീകളുടെ ചുണ്ടുകള്‍ ചുവപ്പിച്ചിരുന്നത് ഇതാണ്. ഇന്നും അവളുടെ മേക്കപ്പ് കിറ്റിലെ പ്രധാനി ലിപ്സ്റ്റിക്ക് തന്നെ. ചിലരുടെ ചുണ്ടുകളില്‍ നിന്ന് ഈ നിറം മായുകയേയില്ല. ഇടയ്ക്ക് മാഞ്ഞുപോയാല്‍ വീണ്ടും ലിപ്‌സ്റ്റിക് പുരട്ടും. ഉറക്കത്തില്‍ പോലും ചിലപ്പോഴത് ചുണ്ടില്‍ പറ്റിയിരിപ്പുണ്ടാവും. ഫലമോ? ലിപ്‌സറ്റിക്കില്‍ അടങ്ങിയിട്ടുള്ള ഈയം നേരിട്ട് വയറ്റിലെത്തും.

ലിപ്സ്റ്റിക്കിലെ പല വസ്തുക്കളും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഫോര്‍മാല്‍ഡിഹൈഡ്, പരാബെന്‍ എന്നീ രാസവസ്തുക്കളാണ് ലിപ്സ്റ്റിക്കിനെ കൂടുതല്‍ നാള്‍ കേടു കൂടാതിരിക്കാന്‍ സഹായിക്കുന്നത്. ചില ലിപ്‌സ്റ്റിക്കുകളില്‍ തിളക്കത്തിനായി ചേര്‍ക്കുന്ന മെര്‍ക്കുറിയും അപകടം ചെയ്യും. ലിപ്‌സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ നോക്കി നല്ലത് തിരഞ്ഞെടുക്കുക പലപ്പോഴും പ്രായസമായിരിക്കും. കാരണം ഉത്പന്നത്തിലെ ഏതെങ്കിലും പ്രത്യേക രാസവസ്തുവാകാം ഓരോരുത്തരിലും അലര്‍ജിയുണ്ടാക്കുന്നത്. അതുകൊണ്ട്, ലിപ്സ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും അത് വയറ്റില്‍ എത്താതെ ശ്രദ്ധിക്കുകയുമാണ് നല്ലത്.

ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴും നിര്‍ബന്ധമായും ലിപ്സ്റ്റിക് കഴുകി കളയാം. കാരണം ചുണ്ടിലെ ലിപ്സ്റ്റിക്കില്‍ നേരത്തേ തന്നെ അന്തരീക്ഷത്തില്‍ നിന്ന് എന്തെങ്കിലും രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടാവാം. ഇത് ഭക്ഷണത്തോടൊപ്പം ശരീരത്തിനുള്ളില്‍ കടക്കുകയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ലിപ്സ്റ്റിക് തീര്‍ത്തും ഒഴിവാക്കുന്നതാണ് നല്ലത്. 

ചില ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് ചുണ്ടില്‍ നിറ വ്യത്യാസം ഉണ്ടാകാം. വെള്ളയോ കറുപ്പോ പുള്ളികളായാവും അവ കാണുക. മറ്റു ചിലര്‍ക്ക്  ചുണ്ടുകള്‍ വരണ്ടു പൊട്ടുകയും ചൊറിച്ചിലും അനുഭവപ്പെടാം. എന്തെങ്കിലും പ്രയാസം തോന്നിയാല്‍ ഉടന്‍ ആ ലിപ്‌സ്റ്റിക്കിന്റെ ഉപയോഗം നിര്‍ത്തണം. ആവശ്യമെങ്കില്‍ ഡെര്‍മാറ്റോളജിസ്റ്റിനെയും കാണാം.

സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നവര്‍ ഈയം അടങ്ങിയിട്ടില്ലാത്ത ലിപ്സ്റ്റിക് നോക്കി വാങ്ങണം. എന്നാല്‍ നോ-ലെഡ് എന്ന ലേബലില്‍ എത്തുന്ന ലിപ്സ്റ്റിക്കില്‍ ഈയം ഇല്ല എന്ന് ഉറപ്പു വരുത്താന്‍ കഴിയില്ല. അതിനാല്‍ ജൈവ ലിപ്‌സറ്റിക്കുകളിലേക്ക് ചുവടു മാറുന്നത് നന്നാവും. വാങ്ങുന്നതിന് മുമ്പ് ഇതില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങളിലും ഒന്നു കണ്ണോടിക്കാം. ബീ വാക്‌സ്, കൊക്കോ ബട്ടര്‍, ബീറ്ററൂട്ട് പൗഡര്‍ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ലിപ്‌സ്റ്റിക് വിപണിയില്‍ ലഭ്യമാണ്. 

കടപ്പാട്: ഡോ.അനുരാധ, 
കണ്‍സള്‍ട്ടന്റ് ഡെര്‍മാറ്റോളജിസ്റ്റ്, ആസ്റ്റര്‍ മെഡ്‌സിറ്റി

കൂടുതല്‍ ബ്യൂട്ടി ടിപ്‌സ് അറിയാന്‍ ഗൃഹലക്ഷ്മി വാങ്ങൂ

Content Highlights: Lip Care Tips

Content Highlights: