ഏറ്റവും മികച്ച വസ്ത്രധാരണമുള്ള കെ പോപ് സ്റ്റാറായി കിം തേഹ്യോങ്

ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയത്തിലിടം നേടിയ ബാന്‍ഡാണ് ബി.ടി.എസ്. ഈ സൗത്ത് കൊറിയന്‍ ബോയ്‌സ് പോപ് ബാന്‍ഡിന് ആമുഖങ്ങളുടെ ആവശ്യമില്ല. സംഗീതത്തിലെന്ന പോലെ ഫാഷന്‍ രംഗത്തും ബി.ടി.എസിന്റെ സ്വാധീനം ചെറുതൊന്നുമല്ല. പ്രമുഖ ഫ്രഞ്ച് ഫാഷന്‍ മാഗസിനായ എല്‍ ഒഫീഷ്യല്‍ ബി.ടി.എസ്. അംഗമായ കിം തേഹ്യോങ്ങിനെ ഏറ്റവും മികച്ച വസ്ത്രധാരണമുള്ള കെ.പോപ് സ്റ്റാറായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ആരാധകര്‍ക്കിടിയില്‍ വി എന്ന പേരിലറിയപ്പെടുന്ന കിം തേഹ്യോങ്ങിനെ വോഗ് കൊറിയ 'ഐക്കണ്‍ ഓഫ് ആന്‍ ഇറ' (icon of an era) എന്ന് വിശേഷിപ്പിച്ചത് വെറുതെയല്ല. ടോപ് ഫാഷന്‍ ഐക്കണായി തുടരുന്നതില്‍ കിം തേഹ്യോങ് അതീവ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയാണ്.
ഫ്രഞ്ച് മാഗസിന്‍ എല്‍ ഒഫീഷ്യല്‍ ഏറ്റവും മികച്ച എട്ട് കെ പോപ് താരങ്ങളെക്കുറിച്ചെഴുതിയപ്പോള്‍ അതില്‍ ഏറ്റവും മുന്‍നിരയിലെത്തിയത് കിം തേഹ്യോങാണ്.
ബി.ടി.എസില്‍ നിന്നും കിം തേഹ്യോങ് മാത്രമാണ് ഈ ലിസ്റ്റിലേയ്ക്ക് കയറിപ്പറ്റിയത്. എല്ലാ ബി.ടി.എസ്. അംഗങ്ങളും ആഡംബര ഫാഷന്‍ ബ്രാന്‍ഡ് ലൂയി വിറ്റോന്‍ അംബാഡിസര്‍മാരാണെങ്കിലും കൂട്ടത്തില്‍ 'വി' ആണ് ഏറ്റവും മികച്ച ഫാഷനീസ്റ്റയായി കണക്കാക്കപ്പെട്ടത്.
മെന്‍സ് പാരീസ് ഫാഷന്‍ വീക്ക് 2023-ന്റെ ഭാഗമായി സെലീന്‍ ഫാഷന്‍ ഷോയില്‍ കിം തേഹ്യോങ് പങ്കെടുത്തതും ഫാഷന്‍ ലോകത്തെ തന്റെ മുന്‍നിര ഊട്ടിയുറപ്പിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.
ഫാഷന്‍ ഷോയില്‍ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയതും വി തന്നെയായിരുന്നു. 2017-ലെ ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡില്‍ റെഡ് കാര്‍പ്പറ്റിലെത്തിയ ഏറ്റവും മികച്ച ഫാഷന്‍ ഫോര്‍വേഡ് ഡ്രസറായും കിം തേഹ്യോങ്ങിനെ വോഗ് പ്രഖ്യാപിച്ചിരുന്നു.
ഐ മാഗസിന്‍ 30 രാജ്യങ്ങളില്‍ നിന്നും ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ 350 പേരെ തിരഞ്ഞെടുത്തതില്‍ 2018-ല്‍ ഒന്നാം സ്ഥാനവും 2019,2020 വര്‍ഷങ്ങളില്‍ മൂന്നാം സ്ഥാനവും കിം തേഹ്യോങ്ങിനായിരുന്നു.
ന്യൂയോര്‍ക്കില്‍ നിന്നുള്ള ഫാഷന്‍ കോളമിസ്റ്റ് കരോലിന മാലിസ് പറയുന്നത്-' തേഹ്യോങ് ഫാഷനെക്കുറിച്ചും സ്റ്റൈലിങ്ങിനെക്കുറിച്ചും എല്ലാം മനസിലാക്കുന്നു, അങ്ങനെ അയാള്‍ സ്വയം ഒരു സ്‌റ്റൈലായി മാറിയിരിക്കുന്നുവെന്നാണ്.
ബി.ടി.എസ് അംഗങ്ങള്‍ തങ്ങളുടെ സോളോ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഒരു ഫാഷന്‍ ഐക്കണ്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ കരിയര്‍ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണ്. വിയുടെ ആരാധകര്‍ തന്റെ പ്രിയപ്പെട്ട താരത്തിന്റെ സംഗീതത്തിനോടൊപ്പം അദ്ദേഹത്തിന്റെ ഫാഷന്‍ തിരഞ്ഞെടുപ്പുകളിലേക്കും ഉറ്റുനോക്കിയിരിക്കുകയാണ്.
Content Highlights: bts,Kim Taehyung,L'Officiel,k pop