ചുവപ്പിൽ സുന്ദരിയായി കാവ്യ മാരൻ; മെറൂൺ ബന്ദ്ഗലയിൽ അനിരുദ്ധ്, ചെന്നൈ റിസപ്ഷനിൽ നവദമ്പതിമാർ

anirudh kavya maran reception|photo:instagram.com/sunnews/
anirudh kavya maran reception|photo:instagram.com/sunnews/

സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും വിവാഹശേഷം ആദ്യമായി പൊതുവേദിയിൽ ഒരുമിച്ചെത്തിയത് ചെന്നൈയിലെ വിവാഹ റിസപ്ഷനിലായിരുന്നു. നവംബർ 21-ന് ഐടിസി ഗ്രാൻഡ് ചോളയിൽ നടന്ന ചടങ്ങിൽ കൈകോർത്ത് എത്തിയ നവദമ്പതിമാർ അതിഥികളുടെയും ഫാഷൻ പ്രേമികളുടെയും ശ്രദ്ധാകേന്ദ്രമായി. നവംബർ 11-ന് ഗ്രീസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

ചുവപ്പിൽ കാവ്യ; എംബ്രോയ്ഡറി ബന്ദ്ഗലയിൽ അനിരുദ്ധ്

റിസപ്ഷനിൽ കാവ്യ തിരഞ്ഞെടുത്തത് കടുത്ത ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ്. ഹൈ നെക്ക് ഡിസൈനിലുള്ള ഫുൾ സ്ലീവ് ടോപ്പിലും സ്‌കർട്ടിലും പൂക്കളുടെ എംബ്രോയ്ഡറി വർക്കുകളും ബീഡ് അലങ്കാരങ്ങളുമുണ്ടായിരുന്നു. ആഭരണങ്ങൾ അധികം ഉപയോഗിക്കാതെ വസ്ത്രത്തിന്റെ ഡിസൈനിന് പ്രാധാന്യം നൽകിയായിരുന്നു കാവ്യയുടെ ലുക്ക്. നടുവിൽ പകുത്ത് മൃദുവായി തരംഗങ്ങൾ തീർത്ത മുടിയും ഡ്യൂയി മേക്കപ്പും ലുക്കിന് കൂടുതൽ ഭംഗി നൽകി.

കാവ്യയുടെ വേഷത്തിന് ചേരുന്ന രീതിയിലായിരുന്നു അനിരുദ്ധിന്റെയും വസ്ത്രധാരണം. കറുപ്പും ബർഗണ്ടിയും ചേർന്ന നിറത്തിലുള്ള ബന്ദ്ഗല ജാക്കറ്റാണ് അദ്ദേഹം ധരിച്ചത്. സമൃദ്ധമായ എംബ്രോയ്ഡറി വർക്കുകളും ആഭരണങ്ങളുടെ നിറങ്ങളെ ഓർമിപ്പിക്കുന്ന ഡിസൈനുമുള്ള ജാക്കറ്റിനൊപ്പം കറുത്ത ട്രൗസറും അണിഞ്ഞു. പരമ്പരാഗത വസ്ത്രധാരണത്തിന്റെ പ്രൗഢിയും ആധുനിക ഫാഷന്റെ ലാളിത്യവും ഒരുപോലെ ചേർന്നതായിരുന്നു ഇരുവരുടെയും ലുക്ക്.

വിവാഹദിനത്തിൽ പേസ്റ്റൽ നിറങ്ങളുടെ ഭംഗി

ഗ്രീസിൽ നടന്ന വിവാഹദിനത്തിൽ പ്രശസ്ത ഡിസൈനർ തരുൺ തഹിലിയാനി ഒരുക്കിയ പാസ്റ്റൽ നിറത്തിലുള്ള വസ്ത്രങ്ങളാണ് അനിരുദ്ധും കാവ്യയും ധരിച്ചത്. സിൽക്ക് കുർത്തയും മാച്ചിങ് വേഷ്ടിയും അതിനൊപ്പം നീളൻ എംബ്രോയ്ഡറി ജാക്കറ്റുമായിരുന്നു അനിരുദ്ധിന്റെ വേഷം.ബ്ലഷ് പിങ്ക് നിറത്തിലുള്ള ലെഹങ്കയിലാണ് കാവ്യ വിവാഹവേദിയിലെത്തിയത്. ത്രിമാന പൂക്കളുടെ ഡിസൈനും എംബ്രോയ്ഡറി വർക്കുകളും വസ്ത്രത്തിന് പ്രത്യേക ഭംഗി നൽകി. ഷോർട്ട് സ്ലീവ് ബ്ലൗസും മാച്ചിങ് ദുപ്പട്ടയും ധരിച്ച കാവ്യ സ്റ്റഡഡ് ചോക്കർ, കമ്മലുകൾ, വളകൾ എന്നിവയും അണിഞ്ഞിരുന്നു.വിവാഹചിത്രങ്ങൾ അനിരുദ്ധ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

 പ്രീ വെഡ്ഡിങ് ആഘോഷങ്ങളിലും ഫാഷൻ പരീക്ഷണങ്ങൾ 

വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങളും അനിരുദ്ധ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഓരോ ചടങ്ങിനും വ്യത്യസ്തമായ ഫാഷൻ ശൈലികളാണ് ഇരുവരും തിരഞ്ഞെടുത്തത്.ഒരു ചടങ്ങിൽ ബെറി നിറത്തിലുള്ള കോർസെറ്റും മാച്ചിങ് ട്രൗസറുമായിരുന്നു കാവ്യയുടെ വേഷം. ബീഡ് വർക്കുകളും ഒരേ നിറത്തിലുള്ള അലങ്കാരങ്ങളും സെമി ഷിയർ നെക്ക് ഡിസൈനും വസ്ത്രത്തിന്റെ പ്രത്യേകതകളായിരുന്നു. കറുപ്പ് നിറത്തിലുള്ള ഇൻഡോ വെസ്റ്റേൺ വസ്ത്രമാണ് അനിരുദ്ധ് ധരിച്ചത്. ബന്ദ്ഗല കോളറുള്ള ഓപ്പൺ ഫ്രണ്ട് ജാക്കറ്റിൽ ബ്ലാക്ക് ഓൺ ബ്ലാക്ക് എംബ്രോയ്ഡറിയും ബീഡ് വർക്കുകളും ഉൾപ്പെടുത്തിയിരുന്നു.മറ്റൊരു ചിത്രത്തിൽ സീക്വിൻ വർക്കുകൾ നിറഞ്ഞ ഷാംപെയ്ൻ ഗോൾഡ് ഗൗണിലാണ് കാവ്യ പ്രത്യക്ഷപ്പെട്ടത്.

മെറ്റാലിക് ബ്ലേസറും കറുത്ത ഷർട്ടും ഫ്‌ലെയേർഡ് ട്രൗസറുമായിരുന്നു അനിരുദ്ധിന്റെ വേഷം. മറ്റൊരു ലുക്കിൽ ഗോൾഡും ഐവറിയും ചേർന്ന വസ്ത്രമാണ് കാവ്യ തിരഞ്ഞെടുത്തത്. തിളക്കമുള്ള കോർസെറ്റിനൊപ്പം തൈ ഹൈ സ്ലിറ്റുള്ള പ്ലീറ്റഡ് സ്‌കർട്ടും ധരിച്ചിരുന്നു. വെള്ള നിറത്തിലുള്ള സ്യൂട്ടും ചങ്കി സ്‌നീക്കേഴ്‌സും ഡാർക്ക് സൺഗ്ലാസുമായിരുന്നു അനിരുദ്ധിന്റെ വേഷം.വിവാഹദിനത്തിലെ പേസ്റ്റൽ ഭംഗി മുതൽ റിസപ്ഷനിലെ ചുവപ്പും കറുപ്പും നിറങ്ങളുടെ രാജകീയ പ്രൗഢി വരെ, ഓരോ വേദിയിലും വ്യത്യസ്തമായ ഫാഷൻ ശൈലി പരീക്ഷിച്ചിരിക്കുകയാണ് അനിരുദ്ധും കാവ്യയും.

 

 വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് മുഖ്യമന്ത്രി വി.ഡി.സതീശനും

 വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. നവദമ്പതികൾക്ക് ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിപ്പ് പങ്കുവെച്ചു.അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹാഘോഷത്തിൽ പങ്കെടുക്കാനും ഇരുവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കുറിച്ചു. സ്നേഹവും സന്തോഷവും ഒരുമയും നിറഞ്ഞതാകട്ടെ അവരുടെ പുതിയ ജീവിതമെന്നും മനോഹരമായ ഒട്ടേറെ ഓർമകൾ സമ്മാനിക്കുന്ന ജീവിതയാത്രയാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ജീവിതകാലം മുഴുവൻ സന്തോഷം നിറഞ്ഞതാകട്ടെയെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

Content Highlights: Anirudh and Kavya Maran made their first public appearance as a married couple at their Chennai reception., The couple got married in Greece on November 11, followed by a grand reception at ITC Grand Chola on November 21., Kavya Maran dazzled in a stunning red outfit while Anirudh wore a maroon embroidered bandhgala.