മണ്ഡോദരിയായി രാജകീയ ഭംഗിയോടെ കാജൽ അഗർവാൾ; സായി പല്ലവിയേക്കാൾ സുന്ദരിയെന്ന് ആരാധകർ

#ലൈഫ് സ്റ്റൈല്‍ ഡെസ്‌ക്
kajal aggarwal|Photo:instagram.com/kajalaggarwalofficial
kajal aggarwal|Photo:instagram.com/kajalaggarwalofficial

ഇതിഹാസകഥയുടെ ദൃശ്യവിസ്മയവുമായി എത്തിയിരിക്കുകയാണ് നിതേഷ് തിവാരിയുടെ 'രാമായണ'. ചിത്രത്തിലെ താരങ്ങളുടെ വേഷവിധാനങ്ങളും ലുക്കുകളുമെല്ലാം സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിരിക്കുകയാണ്. സീതയായി സായ് പല്ലവിയും രാവണനായി യഷും എത്തുമ്പോൾ രാവണന്റെ പത്‌നിയായ മണ്ഡോദരിയുടെ വേഷത്തിലാണ് കാജൽ അഗർവാൾ എത്തുന്നത്. സായ് പല്ലവിയുടെ സീതയ്‌ക്കൊപ്പം കാജലിന്റെ മണ്ഡോന്ധരിയുടെ വേഷവും കൈയ്യടി നേടുകയാണ്. ചിത്രത്തിൽ കാജലിന്റെ കഥാപാത്രത്തിന് സ്‌ക്രീൻ സമയം കുറവാണെങ്കിലും കഥാപാത്രത്തിന്റെ സൗന്ദര്യവും രാജകീയമായ രൂപഭാവവും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. സായ് പല്ലവിയെയും രാകുൽ പ്രീത് സിങ്ങിനെയും പോലുള്ള താരങ്ങൾക്കൊപ്പം ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ലുക്കുകളിലൊന്നായി കാജലിന്റെ മണ്ഡോദരി വേഷവും മാറിയിട്ടുണ്ട്. സീതയായി കാജലിനെ പരിഗണിക്കാമായിരുന്നുവെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ആരാധകർക്കിടയിൽ ഉയരുന്നുണ്ട്.

രാവണന്റെ പത്‌നിയും ലങ്കയിലെ രാജ്ഞിയുമായ മണ്ഡോദരിയായാണ് കാജൽ ചിത്രത്തിലെത്തുന്നത്. കഥാപാത്രത്തിന്റെ രാജകീയതയും ഐതിഹ്യപശ്ചാത്തലവും ചേരുന്ന വേഷവിധാനത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. കാജലിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ താരത്തിന്റെ ലുക്കിനെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. തനിക്ക് ലഭിച്ച അഭിനന്ദനങ്ങൾക്കും സ്‌നേഹത്തിനും നന്ദി അറിയിച്ചുകൊണ്ട് കാജൽ സാമൂഹികമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. 'രാമായണ' പോലൊരു ബൃഹത്തായ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് പറഞ്ഞറിയിക്കാനാകാത്ത അഭിമാനമാണെന്നാണ് അവർ കുറിച്ചത്.

എന്റെ കഥാപാത്രത്തിന് ഒരുപക്ഷേ ദൈർഘ്യം കുറവായിരിക്കാം. എങ്കിലും നമ്മുടെ സംസ്‌കാരത്തോടും ചരിത്രത്തോടും അസ്തിത്വത്തോടും ആഴത്തിൽ ചേർന്നുനിൽക്കുന്ന ഒരു ഇതിഹാസകഥയുടെ ഭാഗമാകാൻ കഴിഞ്ഞത് ഹൃദയം നിറയ്ക്കുന്ന അനുഭവമാണ്. കലയോട് വലിയ അഭിനിവേശവും അർപ്പണബോധവുമുള്ള അതുല്യരായ കലാകാരന്മാർക്കും സാങ്കേതികപ്രവർത്തകർക്കുമൊപ്പം പ്രവർത്തിക്കാനും സാധിച്ചു-കാജൽ കുറിച്ചു.

തന്നെ ഈ വേഷത്തിലേക്ക് പരിഗണിച്ച നിർമാതാവ് നമിത് മൽഹോത്രയ്ക്കും സംവിധായകൻ നിതേഷ് തിവാരിക്കും താരം പ്രത്യേക നന്ദി അറിയിച്ചു. ഇന്ത്യൻ സിനിമയെ ആഗോളതലത്തിൽ പുതിയൊരു ഉയരത്തിലെത്തിക്കാനുള്ള മുന്നേറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും അഭിമാനമുണ്ടെന്ന് കാജൽ പറഞ്ഞു.ചിത്രത്തിലെ സഹതാരങ്ങളെയും താരം അഭിനന്ദിച്ചു. യഷ്, രൺബീർ കപൂർ, സായ് പല്ലവി, രവീ ദുബെ, സണ്ണി ഡിയോൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് സന്തോഷകരമായ അനുഭവമായിരുന്നു. സുഹൃത്തുക്കളായ രാകുൽ പ്രീത് സിങ്, വിവേക് ഒബ്റോയ്, ആദിനാഥ് കോത്താരെ എന്നിവരോടൊപ്പമുള്ള സൗഹൃദ നിമിഷങ്ങളും സംഭാഷണങ്ങളും ഏറെ ആസ്വദിച്ചുവെന്നും അവർ കുറിച്ചു.

ഒരു സിനിമയെ വിലയിരുത്തേണ്ടത് കഥാപാത്രത്തിന് ലഭിക്കുന്ന സ്‌ക്രീൻ സമയത്തിന്റെ അടിസ്ഥാനത്തിലല്ലെന്നാണ് കാജലിന്റെ അഭിപ്രായം. കഥയുടെ മഹത്വം, അതിന് പിന്നിലെ അധ്വാനം, അത്തരമൊരു സൃഷ്ടിയുടെ ഭാഗമാകാൻ ലഭിക്കുന്ന അവസരം എന്നിവയ്ക്കാണ് പ്രാധാന്യം.'ചില സിനിമകൾ നമ്മൾ സ്‌ക്രീനിൽ ചെലവഴിക്കുന്ന സമയത്തിന്റെയോ കഥാപാത്രത്തിന്റെ വലുപ്പത്തിന്റെയോ അടിസ്ഥാനത്തിലല്ല അളക്കപ്പെടുന്നത്. കഥയുടെ മഹത്വവും അതിന്റെ പിന്നിലെ സമർപ്പണവും നമ്മുടെ വിശ്വാസത്തോടും ദൈവികതയോടും ആഴത്തിൽ ചേർന്നുനിൽക്കുന്ന ഒരു സൃഷ്ടിയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ഭാഗ്യവുമാണ് അവയുടെ മൂല്യം നിർണയിക്കുന്നത്'-കാജൽ കുറിച്ചു.

തന്റെ ചെറിയെങ്കിലും അർഥവത്തായ കഥാപാത്രത്തെ ഇത്രയും സ്‌നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകർക്കും കാജൽ നന്ദി അറിയിച്ചു. വസ്ത്രാലങ്കാര വിഭാഗത്തെയും അസിസ്റ്റന്റ് ഡയറക്ടർമാരെയും പ്രത്യേകം അഭിനന്ദിക്കാനും താരം മറന്നില്ല. അവരുടെ കഠിനാധ്വാനവും സൂക്ഷ്മതയും ആത്മാർഥതയുമാണ് സിനിമയുടെ യാത്രയെ സവിശേഷമാക്കിയതെന്നും അവർ കുറിച്ചു.

Content Highlights: Kajal Aggarwal plays Mandodari in Nitesh Tiwari's upcoming epic film Ramayana., Despite having limited screen time, her royal look and performance have received immense praise from fans., The star-studded cast includes Sai Pallavi as Sita, Yash as Ravana, and Ranbir Kapoor., Kajal expressed her pride and gratitude for being part of such a monumental cultural project.