ആദ്യ 30-ൽ ഇടംനേടാനായില്ല; മിസ് യൂണിവേഴ്സ് 2026-ൽ നിന്ന് പുറത്തായി പാകിസ്താൻ സുന്ദരി മിസ്ബ അർഷാദ് | Miss Universe 2026

75-ാമത് മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിന്റെ ആദ്യ 30 സെമിഫൈനലിസ്റ്റുകളുടെ പട്ടികയിൽ ഇടംപിടിക്കാനാകാതെ പാകിസ്താൻ പ്രതിനിധി മിസ്ബ അർഷാദ് മത്സരത്തിൽ നിന്ന് പുറത്തായി. കിരീടനേട്ടത്തിലേക്ക് എത്താനായില്ലെങ്കിലും, അന്താരാഷ്ട്ര സൗന്ദര്യമത്സര വേദിയിൽ പാകിസ്താന് വേണ്ടി ചരിത്രപരമായ നിരവധി നാഴികക്കല്ലുകൾ കുറിച്ച ശേഷമാണ് മിസ്ബയുടെ മടക്കം. അതേസമയം, ഇന്ത്യയുടെ പ്രതിനിധി മലയാളി സുന്ദരി കെസിയ ലിസ് മെജോ ആദ്യ 30-ൽ ഇടംപിടിച്ച് മുന്നേറിയിട്ടുണ്ട്.
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ സ്വിംസ്യൂട്ട് റൗണ്ടിൽ ടു-പീസ് ധരിച്ചെത്തുന്ന ആദ്യ പാകിസ്താൻ പ്രതിനിധിയായി മിസ്ബ അർഷാദ് ചരിത്രം സൃഷ്ടിച്ചു. മത്സരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ മിസ് യൂണിവേഴ്സ് പാകിസ്താന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ സംഘാടകർ മിസ്ബയെ അഭിനന്ദിച്ചു. 'പാകിസ്താൻ, നിങ്ങളുടെ അഭിമാനം പ്രപഞ്ചത്തിനപ്പുറം തിളങ്ങുന്നു. അവിസ്മരണീയമായ ഈ യാത്രയിലുടനീളം അഭിമാനത്തോടും കരുത്തോടും അന്തസ്സോടും കൂടി നിങ്ങൾ പാകിസ്താനെ പ്രതിനിധീകരിച്ചു,' കുറിപ്പിൽ പറയുന്നു.
പ്യൂർട്ടോ റിക്കോയിലെത്തിയ നിമിഷം മുതൽ തന്റെ രാജ്യത്തിന്റെ പാരമ്പര്യവും കരകൗശല വൈദഗ്ധ്യവും ലോകത്തിന് പരിചയപ്പെടുത്താനാണ് മിസ്ബ ശ്രമിച്ചത്.പാകിസ്താനിൽ കാണപ്പെടുന്ന പിങ്ക് താമരപ്പൂവിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട പിങ്ക്-പച്ച വസ്ത്രമാണ് മിസ്ബ ധരിച്ചത്.വംശനാശഭീഷണി നേരിട്ടിരുന്ന പാകിസ്താന്റെ ദേശീയ മൃഗമായ 'മാർഖോർ' എന്ന കാട്ടാടിന്റെ രൂപത്തിലുള്ള വസ്ത്രമണിഞ്ഞാണ് മിസ്ബ വേദിയിലെത്തിയത്. പാകിസ്താന്റെ പോരാട്ടവീര്യത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും പ്രതീകമായാണ് ഈ വസ്ത്രം അവതരിപ്പിച്ചത്. വിയറ്റ്നാമീസ് ഡിസൈനർ എൻഗുയെൻ ടിയാൻ ട്രൂയെൻ (ചഴൗ്യലി ഠശലി ഠൃൗ്യലി) രൂപകൽപ്പന ചെയ്ത, സമുദ്രത്തിരമാലകളെ ഓർമ്മിപ്പിക്കുന്ന ഇളംനീല വൺ-ഷോൾഡർ ഗൗണിലാണ് മിസ്ബ പ്രാഥമിക റൗണ്ടിൽ തിളങ്ങിയത്.
മത്സരത്തിനിടെ ഇന്ത്യയുടെ കെസിയ ലിസ് മെജോയ്ക്കും ബംഗ്ലാദേശിന്റെ സമീറ മാഹിക്കുമൊപ്പം സൗഹൃദം പങ്കിടുന്ന മിസ്ബയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. കിരീടം നേടാനായില്ലെങ്കിലും, ആഗോള വേദിയിൽ പാകിസ്താന്റെ കരുത്തുറ്റ മുഖമായി മാറിയാണ് മിസ്ബ അർഷാദ് പ്യൂർട്ടോ റിക്കോയോട് വിടപറയുന്നത്.
Content Highlights: Misbah Arshad showcases Pakistan's cultural heritage and craftsmanship at Miss Universe 2023, wearing outfits inspired by national symbols and traditional motifs.