ബോണി കപൂറിനെ കണ്ടില്ലേ, 60 കഴിഞ്ഞാലും മുടി തിരിച്ചുപിടിക്കാം! ഹെയർ ട്രാൻസ്പ്ലാന്റിന് പ്രായം തടസ്സമല്ല; പക്ഷേ...

ബോണി കപൂറിന്റെ ഹെയർ ട്രാൻസ്പ്ലാന്റുമായി ബന്ധപ്പെട്ട് മകൾ ജാൻവി കപുർ നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. കോഫി വിത് കരൺ എന്ന ചാറ്റ് ഷോയിൽ പങ്കെടുക്കുന്നതിനിടെ റാപ്പിഡ് ഫയർ റൗണ്ടിൽ അവതാരകൻ കരൺ ജോഹർ ബോണി കപൂറിനെക്കുറിച്ച് പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു ഗോസിപ്പ് എന്താണ്? എന്നു ജാൻവിയോട് ചോദിച്ചു.
അച്ഛൻ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഏകാഗ്രതയാണ് വീണ്ടും മുടി വളരാൻ സഹായിച്ചതെന്നും ഇതിന് ഉത്തരമായി തമാശ രൂപേണ ജാൻവി പറഞ്ഞിരുന്നു. ബോണി കപൂർ തന്റെ 60-കളുടെ അവസാനത്തിലാണ് ഈ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഇതിന്റെ പശ്ചാത്തലത്തിൽ അറുപതുകൾക്കുശേഷം ഒരാൾ ഇത്തരത്തിലുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത് വൈദ്യശാസ്ത്രപരമായി എത്രത്തോളം സുരക്ഷിതമാണ് എന്ന ചർച്ച സോഷ്യൽ മീഡിയയിൽ ഉയരുകയായിരുന്നു.
തലയിലെ മുടി നഷ്ടപ്പെട്ട ഭാഗങ്ങളിലേക്ക്, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന്, സാധാരണയായി തലയുടെ പിൻഭാഗത്തോ വശങ്ങളിലോ ഉള്ള ഭാഗത്തുനിന്ന്, ആരോഗ്യകരമായ ഹെയർ ഫോളിക്കിളുകൾ എടുത്ത് മാറ്റിസ്ഥാപിക്കുന്ന പ്രക്രിയയാണ് ഹെയർ ട്രാൻസ്പ്ലാന്റ്. ഈ ശസ്ത്രക്രിയ ചെയ്യാൻ പ്രായം ഒരു തടസ്സമല്ലെങ്കിലും ആരോഗ്യസ്ഥിതി നിർണായക പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിന് മുൻപ് പൂർണ്ണമായ മെഡിക്കൽ ചരിത്രം, തലയോട്ടിയുടെ പരിശോധന എന്നിവയെല്ലാം ആഴത്തിൽ വിലയിരുത്തണം. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ തുടങ്ങിയവയുള്ളവർ ശസ്ത്രക്രിയയ്ക്ക് മുൻപ് വൈദ്യസഹായം തേടണം.
പ്ലാസ്റ്റിക് സർജറി ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ വ്യക്തമാക്കുന്നത്, ഇത്തരം ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് കൃത്യമായ ചികിത്സയിലൂടെ രോഗാവസ്ഥ നിയന്ത്രണവിധേയമാക്കിയ ശേഷം ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാൻ സാധിക്കുമെന്നാണ്. എന്നാൽ രക്തം നേർത്തതാക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ നടപടികളിലേക്ക് കടക്കാവൂ. സ്വയം തീരുമാനമെടുത്ത് യാതൊരു കാരണവശാലും ഇത്തരം മരുന്നുകൾ നിർത്തുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്.
അറുപതുകളിൽ ഹെയർ ട്രാൻസ്പ്ലാൻറ് ചെയ്യുമ്പോൾ
ശസ്ത്രക്രിയയ്ക്ക് മുമ്പ് ജനറൽ ഫിസിഷ്യന്റെയോ സർജന്റെയോ അടുത്തുപോയി സമഗ്രമായ ആരോഗ്യ പരിശോധന നടത്തണം. പ്രമേഹം, ബി.പി, ഹൃദ്രോഗം തുടങ്ങി കൃത്യമായ വിലയിരുത്തൽ ആവശ്യമാണ്. മുൻകാലങ്ങളിലെ ശസ്ത്രക്രിയകൾ, അലർജികൾ, പുകവലി ശീലങ്ങൾ, കഴിക്കുന്ന മരുന്നുകളെക്കുറിച്ചുമുള്ള വിശദവിവരങ്ങൾ എന്നിവയും ഡോക്ടറെ അറിയിക്കണം.
ഹെയർ ട്രാൻസ്പ്ലാന്റ് എന്നത് പുതിയ മുടി ഉണ്ടാക്കുകയല്ല, മറിച്ച് നിലവിലുള്ള മുടിയെ പുനഃക്രമീകരിക്കുകയാണ് ചെയ്യുന്നത്. തലയുടെ പിൻഭാഗത്തും വശങ്ങളിലും ഉള്ള ഭാഗത്തുനിന്നാണ് മുടി എടുക്കുന്നത്. പ്രായമാകുമ്പോൾ ഈ ഭാഗത്തെ മുടിയുടെ സാന്ദ്രത കുറയാൻ സാധ്യതയുണ്ട്. അതിനാൽ ആവശ്യത്തിന് കട്ടിയുള്ള മുടി അവിടെ ലഭ്യമാണോ എന്ന് ക്ലിനിക്കൽ പരിശോധനയിലൂടെ ഉറപ്പുവരുത്തണം. ഫോളിക്കിളുകൾ കുറവാണെങ്കിൽ അത് ശസ്ത്രക്രിയയുടെ വിജയത്തെ ബാധിച്ചേക്കാം.
ട്രൈക്കോസ്കോപ്പ് പോലുള്ള ആധുനിക മാഗ്നിഫൈയിങ് ഉപകരണങ്ങൾ ഉപയോഗിച്ച് തലയോട്ടി പരിശോധിക്കേണ്ടതാണ്. ഇത് എത്ര ഗ്രാഫ്റ്റുകൾ കൃത്യമായി ശേഖരിക്കാൻ സാധിക്കുമെന്നും, തലയോട്ടിയുടെ ആരോഗ്യം അതിന് അനുയോജ്യമാണോ എന്നും മനസ്സിലാക്കാൻ സഹായിക്കും. സെലിബ്രിറ്റികളുടെ ഫോട്ടോകൾ കണ്ട് എടുത്തുചാടാതെ വ്യക്തിഗത പരിശോധനയ്ക്കാണ് മുൻഗണന നൽകേണ്ടത്.
ഏതൊരു ശസ്ത്രക്രിയയെയും പോലെ ഇതിനും രക്തസ്രാവം, അണുബാധ, പാടുകൾ വീഴൽ, പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരിക തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാം. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ശുചിത്വം, മരുന്നുകളുടെ ഉപയോഗം, ഫോളോ-അപ്പ് അപ്പോയിന്റ്മെന്റുകൾ എന്നിവ കൃത്യമായി പാലിക്കാൻ കഴിയുമോ എന്ന് ആലോചിക്കണം.
അറുപതുകളിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്താൽ ഇരുപതുകളിലെപ്പോലെയുള്ള ഇടതൂർന്ന മുടിയും ചെറുപ്പകാലത്തെ ഹെയർലൈനും തിരികെ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. പ്രായത്തിന് ഇണങ്ങുന്ന തരത്തിലുള്ള സ്വാഭാവികമായ രൂപം മാത്രമാണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടേണ്ടത്. ഭാവിയിൽ ഉണ്ടാകാനിടയുള്ള മുടി കൊഴിച്ചിൽ കൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഒരു ദീർഘകാല പ്ലാൻ ആണ് ഡോക്ടർമാർ തയ്യാറാക്കേണ്ടത്.
സൗന്ദര്യ വർധക ശസ്ത്രക്രിയ സെലിബ്രിറ്റികളുടെ പ്രചാരണങ്ങളോ പരസ്യങ്ങളോ കണ്ട് കണ്ണടച്ച് അനുകരിക്കാനുള്ളതല്ല. പ്രായവും ആരോഗ്യസ്ഥിതിയും മുൻനിർത്തി വിദഗ്ധരായ ഡെർമറ്റോളജിസ്റ്റുകളുടെയും സർജന്മാരുടെയും കൃത്യമായ ഉപദേശം തേടിയതിനുശേഷം മാത്രം തീരുമാനങ്ങളിലേക്ക് കടക്കുക. ഫാഷനും സൗന്ദര്യസങ്കൽപങ്ങളും ആരോഗ്യത്തിന് ഒരിക്കലും ഭീഷണിയാകരുത്.
Content Highlights: Janhvi Kapoor's comments on Boney Kapoor's hair transplant spark social media debate about safety and effectiveness of such procedures in older age.